താഴത്തങ്ങാടി മത്സരവള്ളംകളി: നടുഭാഗം ചാമ്പ്യൻമാർ; ബോട്ട് റേസ് ലീഗിൽ നടുഭാഗം മുന്നിൽ

താഴത്തങ്ങാടി മത്സരവള്ളംകളി: നടുഭാഗം ചാമ്പ്യൻമാർ; ബോട്ട് റേസ് ലീഗിൽ നടുഭാഗം മുന്നിൽ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന ബോട്ട് റേസ് ലീഗിന്റെ ഭാഗമായുള്ള താഴത്തങ്ങാടി മത്സരവള്ളംകളിയിൽ നടുഭാഗം ചുണ്ടൻ ചാമ്പ്യൻമാർ. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ തന്നെയായിരുന്നു നെഹ്‌റുട്രോഫിയിലെ ചാമ്പ്യന്മാരും. രണ്ടു മത്സരങ്ങളിലും ഉജ്വല വിജയം നേടിയതോടെ സംസ്ഥാന ബോട്ട് റേസ് ലീഗിൽ നടുഭാഗം മറ്റ് വള്ളങ്ങളെ പിൻതള്ളി ഏറെ മുന്നിലെത്തി. കുമരകം ടൗൺബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ് ചുണ്ടനാണ് മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കൈനകരി യു.ബി.സിയുടെ ചമ്പക്കുളം ചുണ്ടനും , പോലീസ് ബോട്ട് ക്ലബ്ബിൻറെ കാരിച്ചാൽ ചുണ്ടനും മത്സരത്തിൽ പങ്കെടുത്തിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 12ന് കലാവിരുന്നോടെ ആരംഭിച്ച് സി.ബി.എലിന്റെ ഭാഗമായ ചുണ്ടൻ വള്ളങ്ങളുടെ ഫൈനലോടെയാണ് മത്സരം സമാപിച്ചത്. ജോനാഥന്റെ ഡി.ജെ, ചെമ്മീൻ ബാൻഡിന്റെ കലാപരിപാടി എന്നിവയാണ് മത്സരത്തിന്റെ ഭാഗമായി നടന്നത്. വിവിധ വിഭാഗങ്ങളിലെ ഫൈനൽ മത്സരങ്ങൾക്കു മുന്നോടിയായി തിരുവാതിര കളി, വേലകളി, ശിങ്കാരിമേളം, കളരിപ്പയറ്റ്, കഥകളി എന്നിവയും അരങ്ങിലെത്തി.