ജനഹൃദയങ്ങളിലേയ്ക്കിറങ്ങി പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി: ജോസ് ടോമിന്റെ പ്രചാരണം വോട്ടർമാരെ ഇളക്കി മറിക്കുന്നു

ജനഹൃദയങ്ങളിലേയ്ക്കിറങ്ങി പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി: ജോസ് ടോമിന്റെ പ്രചാരണം വോട്ടർമാരെ ഇളക്കി മറിക്കുന്നു

സ്വന്തം ലേഖകൻ

പാലാ: പാലായ്ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ജോസ് ടോമിന്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തെ ഇളക്കി മറിക്കുന്നു. പാലാ നിയോജക മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങളിൽ അതിവേഗം മുന്നിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം ജനഹൃദയങ്ങൾ കീഴടക്കിയാണ് മുന്നോട്ട് കുതിക്കുന്നത്. മണ്ഡലത്തിലെ മുക്കും മൂലയും സുപരിചിതനായ സ്ഥാനാർത്ഥി മണ്ഡലത്തിന്റെ എല്ലാ മേഖലകളിലേയ്ക്കും എത്തിത്തുടങ്ങിയിട്ടുണ്ട്.
പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ മഠങ്ങൾ കോൺവെന്റുകൾ, അനാഥമന്ദിരങ്ങൾ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. തുടർന്ന് പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സ്ഥാനാർത്ഥിയെ സന്ദർശിച്ച് നിവേദനം നൽകി. എസ്.എഫ്.ഐ പ്രവർത്തകർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതോടെ റാങ്ക് പട്ടിക തന്നെ സർക്കാർ റദ്ദാക്കിയിരുന്നു. റാങ്ക് പട്ടിക റദ്ദാക്കിയതോടെ തങ്ങളുടെ ജോലി സാധ്യത തന്നെ ഇല്ലാതായെന്ന് സ്ഥാനാർത്ഥിയെ അറിയിക്കുന്നതിനു വേണ്ടിയാണ് ഇവർ എത്തിയത്. തോമസ് ചാഴികാടൻ എം.പിയ്ക്കും ഇവർ നിവേദനം നൽകി.
തുടർന്ന് വിവാഹ മരണവീടുകളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. ഉച്ചയോടെ മൂന്നു സ്ഥാനാർത്ഥികളെയും ഉൾപ്പെടുത്തി സ്വകാര്യാ ചാനലിന്റെ ഓണസദ്യയും, ചർച്ചയും സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത സ്ഥാനാർത്ഥി ചർച്ചയിലും ഓണസദ്യയിലും സജീവമായി പങ്കെടുത്തു. രണ്ടരയോടെ വനിതാ കോൺഗ്രസിന്റെ മണ്ഡലം കൺവൻഷനിൽ സ്ഥാനാർത്ഥി പങ്കെടുത്തു. തുടർന്ന് നടന്ന കെ.എം ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം സ്ഥാനാർത്ഥിയും പങ്കെടുത്തു. വൈകിട്ട് തലനാട്ടിൽ നടന്ന കുടുംബ സംഗമത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു.
പ്രചാരണത്തിന്റെ ആദ്യഘട്ടമായി ബൂത്ത് കൺവൻഷനുകളും, മണ്ഡലം കൺവൻഷനുകളും മണ്ഡലത്തിൽ പൂർത്തിയാടിട്ടുണ്ട്. വീടുകളിൽ നേരിട്ടെത്തിയ പ്രവർത്തകർ സ്ഥാനാർത്ഥിയ്ക്ക് വേണ്ടി വോട്ട് ചോദിച്ചു. ഓണത്തിന് ശേഷം സ്ഥാനാർത്ഥിയുടെ മണ്ഡലപര്യടനം ആരംഭിക്കും. മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നേരിട്ടാണ് നേതൃത്വം നൽകുന്നത്. മണ്ഡലത്തിലെ പരിപാടികൾ ഓരോന്നും കൃത്യമായി ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരിട്ടാണ്.