താഴത്തങ്ങാടി പാറപ്പാടം കൊലപാതകം: ആയിരത്തോളം ഫോൺ നമ്പരുകൾ ശേഖരിച്ച് പൊലീസ്; പിന്നിൽ കുടുംബവുമായി ഏറെ അടുപ്പമുള്ളയാൾ; പിന്നിൽ സാമ്പത്തിക ഇടപാടുകൾ; വീട്ടിൽ നിന്നും മോഷണം പോയത് രേഖകളോ..?

താഴത്തങ്ങാടി പാറപ്പാടം കൊലപാതകം: ആയിരത്തോളം ഫോൺ നമ്പരുകൾ ശേഖരിച്ച് പൊലീസ്; പിന്നിൽ കുടുംബവുമായി ഏറെ അടുപ്പമുള്ളയാൾ; പിന്നിൽ സാമ്പത്തിക ഇടപാടുകൾ; വീട്ടിൽ നിന്നും മോഷണം പോയത് രേഖകളോ..?

തേർഡ് ഐ ബ്യൂറോ

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ക്രൂരമായി ആക്രമിക്കുകയും, ഭാര്യയെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പൊലീസിനൂ നിർണ്ണായകമായ വിവരങ്ങൾ. പ്രദേശത്തെ മൊബൈൽ ഫോൺ ടവറുകളിൽ നിന്നുള്ള ആയിരത്തോളം നമ്പരുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് കൂടാതെ പ്രതികാറുമായി കടന്ന സ്ഥലത്തിനു പിന്നാലെയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കുടുംബവുമായി ഏറ്റവും അടുത്തമുള്ളവർ തന്നെയാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് താഴത്തങ്ങാടി ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ എന്നിവരെ വീടിനുള്ളിൽ ആക്രമിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. ആക്രമണത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷീബ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമി ഇവരുടെ വീട്ടിൽ നിന്നും കാറുമായി കടന്നതെന്നു പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാവിലെ മുതൽ പ്രതി രക്ഷപെട്ട സമയം വരെയുള്ള ആയിരത്തോളം മൊബൈൽ ഫോൺ നമ്പരുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. താഴത്തങ്ങാടിയിലെയും പരിസരത്തെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കോൾ വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. ഈ കോളുകളിൽ നിന്നും നിർണ്ണായക വിവരങ്ങൾ ശേഖരിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

ആക്രമണത്തിനു പിന്നിൽ വീടുമായി അടുപ്പമുള്ളവരാണ് എന്ന രീതിയിൽ തന്നെയാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. പുറത്തുനിന്നുള്ള ആളുകളോ, പരിചയമില്ലാത്ത ആളുകളോ വീട്ടിൽ എത്തിയാൽ ഇവർ വാതിൽ തുറന്നു നൽകാറില്ല. അതുകൊണ്ടു തന്നെ കുടുംബവുമായി ഏറെ അടുപ്പമുള്ള ആരെങ്കിലും ആകും വീട്ടിൽ എത്തിയതെന്നും, അപ്പോൾ ഇവർ വാതിൽ തുറന്നു നൽകിയിരിക്കാമെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

ഇതേ തുടർന്നു ഇവരുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന ബന്ധുക്കളുടെ പട്ടിക പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരിൽ ആരെങ്കിലും സംഭവ ദിവസം രാവിലെ വീട്ടിൽ എത്തിയിട്ടുണ്ടോ എന്നാണ് ഇപ്പോൾ പ്രധാനമായും പരിശോധിക്കുന്നത്. ഇത്തരത്തിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാകാം കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

മോഷണം മാത്രമാണ് പ്രതി ലക്ഷ്യമിട്ടിരുന്നെങ്കിൽ ഇത്തരത്തിൽ മരണം ഉറപ്പാക്കാൻ ക്രൂരത കാട്ടേണ്ട കാര്യമില്ല. ഇരുവരെയും ആക്രമിച്ച് വീഴ്ത്തിയ ശേഷം പ്രതി എത്രയും വേഗം സ്ഥലത്തു നിന്നും രക്ഷപെട്ടാൽ മതി. ഇത് മാത്രമല്ല, വീടിന്റെ മുൻ വാതിൽ പുറത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു. മുന്നിലെ വാതിലിലൂടെയാണ് പ്രതി രക്ഷപെട്ടത് എന്ന് ഇത് സൂചിപ്പിക്കുന്നു. മോഷണം മാത്രം ലക്ഷ്യമിട്ടാണ് പ്രതി എത്തിയതെങ്കിൽ വീട്ടിന്റെ മുൻ വാതിൽ പുറത്തു നിന്നും പൂട്ടാൻ ഇയാൾ സമയം കളയില്ല. എത്രയും വേഗം മോഷണം നടത്തി, ഇരുവരെയും ആക്രമിച്ചു വീഴ്ത്തി, കയ്യിൽ കിട്ടുന്നതുമായി രക്ഷപെടുന്നതിനായിരിക്കും പ്രതി ശ്രമിക്കുക.

ഈ സാഹചര്യത്തിൽ വീടിനുള്ളിൽ നിന്നും എന്തെങ്കിലും രേഖകൾ കൈവശപ്പെടുത്തുന്നതിനാണോ പ്രതി എത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകൾ വീട്ടിലുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. ഈ രേഖകൾ കൈവശപ്പെടുത്തുന്നതിനും, രേഖകൾ എവിടെ ഇരിക്കുന്നു എന്നറിയുന്നതിനും വേണ്ടിയാകാം ഇവരെ ഷോക്ക് അടിപ്പിച്ചതെന്നും സംശയിക്കുന്നു.

ഇത്തരത്തിൽ ക്രൂരത നടത്തിയയതിനു പിന്നിൽ ഒരാൾ മാത്രമാണ് എന്നു പൊലീസ് ഉറപ്പിക്കുന്നില്ല. പ്രതിയ്ക്കു കൂടുതൽ ആളുകളുടെ സഹായം ലഭിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. കൊച്ചി റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്‌കുമാറിന്റെയും, ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.