വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി; കാലിൽ പരിക്കെന്ന് സംശയം; അക്രമാസക്തമാകാൻ സാധ്യത; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം
വയനാട് : വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി. വാകേരി ഗാന്ധിനഗർ ഭാഗത്തിറങ്ങിയ കടുവ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ കിടക്കുകയാണ്. കടുവയുടെ കാലിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് സംശയം. മെഡിക്കൽ സംഘം എത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് വനംവകുപ്പറിയിച്ചു. രാവിലെ ആറ് മണിയോടെയാണ് നാട്ടുകാരിലൊരാൾ കടുവയെ കണ്ടത്. മതിൽ ചാടിക്കടക്കാൻ സാധിക്കാത്ത നിലയിലായിരുന്നു കടുവയെന്നാണ് ഇയാൾ വ്യക്തമാക്കുന്നത്. അപ്പോൾ തന്നെ വനപാലകരെ വിവരമറിയിച്ചു. നേരത്തേ കൃഷ്ണിഗിരിയിലും ചീരാലിലും ഇറങ്ങിയ കടുവയെ കൂട് വച്ച് പിടികൂടിയിരുന്നു. കടുവ ഏത് നിമിഷവും അക്രമാസക്തമാകാമെന്നതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.