ടി 20 ലോകകപ്പ്;ക്യാപ്റ്റന്‍ റോളില്‍ ആശാനോ അതോ ശിഷ്യനോ?സൂചന നല്‍കാതെ ബിസിസിഐ.   

ടി 20 ലോകകപ്പ്;ക്യാപ്റ്റന്‍ റോളില്‍ ആശാനോ അതോ ശിഷ്യനോ?സൂചന നല്‍കാതെ ബിസിസിഐ.  

 

സ്വന്തം ലേഖിക 

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് പതിയെ കരകയറാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം.

 

ഇനി മുന്നിലുള്ള ലക്ഷ്യം അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും ആതിഥേയത്വം വഹിക്കുന്ന 2024 ട്വന്റി20 ലോകകപ്പാണ്. ആറ് മാസം അവശേഷിക്കെ യുവനിരയെ കുട്ടിക്രിക്കറ്റ് മാമാങ്കത്തിനൊരുക്കുകയാണ് ടീം മാനേജ്‍‌മെന്റ്. അതിന്റെ ഉദാഹരണമായിരുന്നു ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്ബര. പരിചയസമ്ബത്തുള്ള താരങ്ങളില്ലാതെ ഓസീസിനെ 4-1ന് നിഷ്പ്രഭമാക്കിയായിരുന്നു നീലപ്പടയുടെ പരമ്ബര വിജയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ട്വന്റി20 ലോകകപ്പിന് ഇന്ത്യ അണിനിരത്തുക യുവാക്കളെ ആയിരിക്കുമെന്നുള്ള സൂചനകള്‍ ശരിവയ്ക്കുന്നതാണ് അടുത്തിടെയുള്ള ടീം പ്രഖ്യാപനങ്ങളെല്ലാം. എന്നാല്‍ ലോകകപ്പില്‍ ആര് നയിക്കുമെന്നതില്‍ കൃത്യമായൊരു സൂചന നല്‍കാന്‍ ഇതുവരെ ബിസിസിഐക്ക് സാധിച്ചിട്ടുമില്ല.

 

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ രോഹിത് ശര്‍മയെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യ പരീക്ഷിച്ചത് ഏഴ് നായകന്മാരെയാണ്. ശിഖര്‍ ധവാന്‍ (മൂന്ന് മത്സരം), റിഷഭ് പന്ത് (അഞ്ച് മത്സരം), ഹാര്‍ദിക് പാണ്ഡ്യ (16 മത്സരം), കെ എല്‍ രാഹുല്‍ (ഒരുമത്സരം), ജസ്പ്രിത് ബുംറ (രണ്ട് മത്സരം), റുതുരാജ് ഗെയ്ക്‌വാദ് (മൂന്ന് മത്സരം), സൂര്യകുമാര്‍ യാദവ് (അഞ്ച് മത്സരം) എന്നിവരാണ് പട്ടികയിലുള്ളത്. ഇവര്‍ക്കെല്ലാം ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചത് രോഹിതിന്റെ അഭാവത്തിലായിരുന്നു. എന്നാല്‍ ഇനിയൊരു പരീക്ഷണത്തിനുള്ള സമയമുണ്ടോ, ഇല്ല എന്ന് വേണം കരുതാന്‍.നായകന്റെ കുപ്പായം കാത്തിരിക്കുന്ന മൂന്ന് താരങ്ങളാണ് പ്രധാനമായും ഇപ്പോഴുള്ളത്. രോഹിത്, ഹാര്‍ദിക്, സൂര്യകുമാര്‍ യാദവ്. ഇതില്‍ രോഹിതിന് തന്നെയാണ് മുന്‍തൂക്കമെന്നതില്‍ സംശയമില്ല. എന്നാല്‍ 2022 ട്വന്റി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ രോഹിത് ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. രോഹിത് മാത്രമല്ല, വിരാട് കോഹ്ലിയും.

 

ഏകദിന ലോകകപ്പിന് പരിപൂര്‍ണമായി തയാറാകാനായിരുന്നു ഈ നീക്കമെന്നാണ് സൂചനകള്‍. ഇരുവരുടേയും അഭാവം ഒരിക്കലും ട്വന്റി20യിലെ ഇന്ത്യയുടെ പ്രകടനങ്ങളില്‍ പ്രതിഫലിച്ചതുമില്ല. ശുഭ്‌മാന്‍ ഗില്‍, യശസ്‍‌വി ജെയ്സ്വാള്‍, റുതുരാജ്, ഇഷാന്‍ കിഷന്‍ തുടങ്ങിയ യുവതാരങ്ങളുടെ തിളക്കം തന്നെയായിരുന്നു അതിന്റെ പ്രധാന കാരണം.

 

രോഹിതിന്റെ നിലപാട്

 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്ബരയിലൂടെ രോഹിത് ഫോര്‍മാറ്റിലേക്ക് തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രോഹിത് തന്റെ ഇടവേള നീട്ടുകയായിരുന്നു. പ്രോട്ടിയാസിനെതിരായ ടെസ്റ്റ് പരമ്ബരയിലായിരിക്കും രോഹിത് എത്തുക.

 

ജനുവരി മധ്യത്തില്‍ അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്ബരയില്‍ രോഹിത് കളിച്ചേക്കുമെന്നാണ് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംഭവിക്കുകയാണെങ്കില്‍ 18 മാസത്തിന് ശേഷമുള്ള ട്വന്റി20യിലേക്കുള്ള രോഹിതിന്റെ തിരിച്ചുവരവുകൂടിയായിരിക്കും ഇത്. ട്വന്റി 20 ലോകപ്പില്‍ ഇന്ത്യയെ നയിക്കുക രോഹിത് തന്നെയായിരിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ചുള്ള ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി രോഹിതും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി ബിസിസിഐ ചര്‍ച്ച നടത്തിയിരുന്നു.

 

ചര്‍ച്ചയില്‍ രോഹിത് തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ട്വന്റി20 ലോകകപ്പിലേക്ക് നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, എങ്ങനെ മുന്നോട്ട് പോകണമെന്ന് പറയുക, രോഹിത് പറഞ്ഞതായി ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദൈനിക് ജാഗരന്‍ റിപ്പോര്‍ട്ട് ചെയ്തു.

 

രോഹിത് തന്നെ നയിക്കണമെന്ന താല്‍പ്പര്യമാണ് ബിസിസിഐ ഉദ്യോഗസ്ഥരും ദ്രാവിഡും അഗാര്‍ക്കറും പ്രകടിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്ബരയില്‍ തന്നെ തിരിച്ചുവരവ് സാധ്യമാക്കണമെന്ന് ബിസിസിഐ വൃത്തങ്ങള്‍ആവശ്യപ്പെട്ടെങ്കിലും രോഹിത് ഇടവേള അഭ്യര്‍ഥിക്കുകയായിരുന്നു.

 

ശിഷ്യന്മാരിലേക്ക് അവസരമെത്തുമോ?

 

രോഹിതിന്റെ അഭാവത്തിലായിരുന്നു ഹാര്‍ദിക്കിലേക്ക് നായകസ്ഥാനമെത്തിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഗുജറാത്ത് ടൈറ്റന്‍സിനെ ഒരു തവണ കിരീടത്തിലേക്കും രണ്ടാം സീസണില്‍ ഫൈനലിലും എത്തിക്കാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞിരുന്നു. മുംബൈ ഇന്ത്യന്‍സില്‍ രോഹിതിന്റെ നായകമികവിന്റെ അംശങ്ങളും ഹാര്‍ദിക്കിലുണ്ടായിരുന്നു.

 

രോഹിത് അല്ലെങ്കില്‍ നറുക്ക് വീഴുക ഹാര്‍ദിക്കിനായിരിക്കും. പക്ഷേ, ഏകദിന ലോകകപ്പിനിടെയുണ്ടായ പരുക്കില്‍ നിന്ന് താരത്തിന് എപ്പോള്‍ മുക്തമാകാനാകുമെന്ന് വ്യക്തമല്ല. പാണ്ഡ്യയുടെ തിരിച്ചുവരവ് ലോകകപ്പിനൊപ്പമാണെങ്കില്‍ നായക ഉത്തരവാദിത്തം നല്‍കാനുള്ള സാധ്യത വിരളമാണ്. ഇത്തരമൊരു സാഹചര്യമാണുണ്ടാകുന്നതെങ്കില്‍ സൂര്യകുമാറിനായിരിക്കും ഒരു പതിറ്റാണ്ടിലധികമായ ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാനുള്ള അവസരമൊരുങ്ങുക. ഓസീസിനെതിരായ പരമ്ബരയില്‍ യുവതാരങ്ങള്‍ക്ക് തങ്ങളുടെ മികവ് പുറത്ത് എടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം നല്‍കി ‘രോഹിത് മാതൃക’യിലായിരുന്നു സൂര്യ ടീമിനെ നയിച്ചത്.

 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്ബരയിലും സൂര്യ തന്നെയാണ് ട്വന്റി20 ടീമിനെ നയിക്കുന്നത്. തന്റേതായ ശൈലി സൃഷ്ടിക്കാനുള്ള ഒരു അവസരം കൂടിയായിരിക്കും താരത്തിന് പരമ്ബര.