സിവിൽ സർവീസാണോ നിങ്ങളുടെ ലക്ഷ്യം; എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് എങ്ങനെ സിവില്‍ സര്‍വീസിലേക്ക് എത്താം എന്ന് അറിയുമോ? തയ്യാറെടുപ്പ് എങ്ങനെ തുടങ്ങണം എന്നറിയുമോ? വിശദമായി അറിയാം….

സിവിൽ സർവീസാണോ നിങ്ങളുടെ ലക്ഷ്യം; എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് എങ്ങനെ സിവില്‍ സര്‍വീസിലേക്ക് എത്താം എന്ന് അറിയുമോ? തയ്യാറെടുപ്പ് എങ്ങനെ തുടങ്ങണം എന്നറിയുമോ? വിശദമായി അറിയാം….

കോട്ടയം: രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പരീക്ഷയാണ് യൂണിയൻ പബ്ലിക് സര്‍വീസ് കമ്മിഷൻ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ.

പരീക്ഷയില്‍ വിജയം നേടാൻ ശരിയായ സമീപനവും തന്ത്രങ്ങളും വ്യക്തമായ പ്ലാനിംഗും ആവശ്യമാണ്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കണോ എന്നുള്ള തീരുമാനമാണ് ഏറെ പ്രധാനം. തീരുമാനം വളരെ വസ്തുനിഷ്ഠമായിരിക്കണം.

പരീക്ഷയ്ക്ക് തയ്യാറെടുപ്പു തുടങ്ങി മാസങ്ങള്‍ക്കുശേഷം പിൻവാങ്ങുന്ന വിദ്യാര്‍ത്ഥികളുമുണ്ട്. അതിനാല്‍ വ്യക്തമായി ആലോചിച്ചു തീരുമാനമെടുക്കണം. തീരുമാനിച്ചു കഴിഞ്ഞാല്‍ പിൻവാങ്ങരുത്. വ്യക്തമായ തയ്യാറെടുപ്പും, കോച്ചിംഗും വിജയതന്ത്രങ്ങളും ആവിഷ്‌കരിച്ച്‌ പഠനം തുടരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കുന്ന മത്സര പരീക്ഷയാണ് സിവില്‍ സര്‍വീസ്. ഒഴിവുകള്‍ ആയിരത്തോളം മാത്രം! പക്ഷെ തികഞ്ഞ ആത്മാര്‍ത്ഥത, ശുഭാപ്തിവിശ്വാസം, പോസിറ്റീവ് എനര്‍ജി എന്നിവ നിലനിറുത്തിക്കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ വിജയം കൈവരിക്കാൻ സഹായിക്കും.

ശരാശരി വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ 75 ശതമാനവും വിജയിക്കുന്നത്. മാത്രമല്ല പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മറ്റു പ്രവേശന പരീക്ഷകളിലും വിജയം കൈവരിക്കാൻ സാധിക്കും. പരീക്ഷാ സീസണ്‍ അടുക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് അനുവര്‍ത്തിക്കാവുന്ന ചില വിജയമന്ത്രങ്ങളിതാ…

തയ്യാറെടുപ്പ് എപ്പോള്‍ തുടങ്ങണം?

ഹൈസ്‌കൂള്‍ സ്‌കൂള്‍ തലം തൊട്ട് സിവില്‍ സര്‍വീസ് തയ്യാറെടുപ്പ് തുടങ്ങുന്ന വിദ്യാര്‍ത്ഥികളുണ്ട്. പതിവായി മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങള്‍ വായിച്ച്‌ പൊതുവിജ്ഞാനം മെച്ചപ്പെടുത്തണം. താത്പര്യമുള്ള വിഷയങ്ങള്‍ പ്ലസ്ടു കോമ്ബിനേഷനായി തിരഞ്ഞെടുക്കണം. ബിരുദമാണ് പരീക്ഷയ്ക്ക് വേണ്ട അടിസ്ഥാന യോഗ്യത. അതിനാല്‍ ഏറെ താത്പര്യമുള്ള ബിരുദം നേടാനാണ് ശ്രമിക്കേണ്ടത്. എട്ടാം ക്ലാസ്‌മുതല്‍ പ്ലസ് ടു വരെയുള്ള സോഷ്യല്‍ സയൻസ് പുസ്തകങ്ങള്‍ നന്നായി പഠിക്കണം. ഇന്ത്യാ ചരിത്രം, ഇന്ത്യൻ ഭരണഘടന, ഭൂമിശാസ്ത്രം, പൊളിറ്റിക്കല്‍ സയൻസ് എന്നിവയില്‍ മികച്ച അറിവ് വേണം. സിവില്‍ സര്‍വീസ് പരീക്ഷയുടെ സിലബസ് വ്യക്തമായി മനസിലാക്കിയിരിക്കണം. സിലബസിനനുസരിച്ചുള്ള റഫറൻസ് പുസ്തകങ്ങള്‍ കണ്ടെത്തണം. മാതൃഭാഷയിലുള്ള പ്രാവീണ്യം, ഇംഗ്ലീഷ് പ്രാവീണ്യം, ആശയ വിനിമയം എന്നിവ മെച്ചപ്പെടുത്താൻ ശ്രമിക്കണം. മികച്ച അറിവ്, മനോഭാവം, സ്‌കില്‍ അഥവാ തൊഴില്‍ നൈപുണ്യം എന്നിവ വിജയ മന്ത്രങ്ങളാണ്.

പരീക്ഷയെക്കുറിച്ചു വേണം വ്യക്തമായ ധാരണ

പരീക്ഷയില്‍ പ്രിലിമിനറി, മെയിൻ, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്. ഇതിനാവശ്യമായ സ്‌കില്ലും വ്യത്യസ്തമാണ്. പൊതുവിജ്ഞാനത്തിലുള്ള അറിവ്, അനലിറ്റിക്കല്‍ സ്‌കില്‍ എന്നിവ മെച്ചപ്പെടുത്തണം. തയ്യാറെടുപ്പു രീതികളും തന്ത്രങ്ങളും ഇടയ്ക്കിടെ മാറ്റരുത്. വായനാശീലം മെച്ചപ്പെടുത്തുന്നതോടൊപ്പം പതിവായി കുറിപ്പുകള്‍ തയ്യാറാക്കണം. ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി പ്രിലിമിനറി പരീക്ഷയിലെ സി.പി.ടിക്ക് തയ്യാറെടുക്കണം. പതിവായി ദിവസേന എട്ടു മണിക്കൂറെങ്കിലും തയ്യാറെടുക്കണം. പഠിച്ച ഭാഗങ്ങള്‍ ആഴ്ചതോറും സിലബസ്, ചോദ്യപേപ്പര്‍ എന്നിവയ്ക്കനുസരിച്ച്‌ പുനരവലോകനം ചെയ്യണം. മുൻവര്‍ഷങ്ങളിലെ ചോദ്യങ്ങള്‍, മാതൃകാ ചോദ്യങ്ങള്‍ എന്നിവ വിലയിരുത്തണം. പരമാവധി മുൻവര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. ഓപ്ഷണല്‍ വിഷയങ്ങള്‍, ഉപന്യാസം, എത്തിക്‌സ് പേപ്പറുകള്‍ക്ക് പ്രാധാന്യം നല്‍കണം. വിദ്യാര്‍ത്ഥികളുടെ അറിവ്, മനോഭാവം, മാനസിക ശക്തി എന്നിവയാണ് വിലയിരുത്തുന്നത്. പഠനകാലയളവിലുടനീളം പോസിറ്റീവ് മനോഭാവം പുലര്‍ത്തണം. ദിവസേന പതിവായി വ്യായാമം ചെയ്യാനും, ആരോഗ്യദായകമായ ഭക്ഷണം കഴിക്കാനും ശ്രമിക്കണം.