play-sharp-fill
നിയമസഭാ കയ്യാങ്കളി: സർക്കാരിന് സുപ്രീംകോടതിയിൽ വൻ തിരിച്ചടി; വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള എല്ലാ പ്രതികളും വിചാരണ നേരിടണം; കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി തെറ്റ്; ജനപ്രതിനിധികൾക്കുള‌ള നിയമപരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള‌ള ലൈസൻസ് അല്ലെന്ന് സുപ്രീംകോടതി

നിയമസഭാ കയ്യാങ്കളി: സർക്കാരിന് സുപ്രീംകോടതിയിൽ വൻ തിരിച്ചടി; വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള എല്ലാ പ്രതികളും വിചാരണ നേരിടണം; കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി തെറ്റ്; ജനപ്രതിനിധികൾക്കുള‌ള നിയമപരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള‌ള ലൈസൻസ് അല്ലെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു.

തെറ്റായ വാദമാണ് ഹ‌ർജിയിലൂടെ സ‌ർക്കാർ ഉന്നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികൾക്കുള‌ള നിയമപരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള‌ള ലൈസൻസല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിൽനിന്നുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. പരിരക്ഷ ജനപ്രതിനിധികൾ എന്ന നിലയിൽ മാത്രമാണ്. 184-ാം അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുള‌ള ലംഘനം നടന്നതായും കേസിൽ ഹൈക്കോടതി വിധി നിലനിൽക്കുമെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി സർക്കാർ സമർ‌പ്പിച്ച ഹർജി തള‌ളിയത്.

കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി തെറ്റാണ്. എം.എൽ.എമാരുടെ നടപടികൾ ഭരണഘടനയുടെ അതിർവരമ്പുകൾ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിപക്ഷ പ്രയോജനപ്പെടുത്താനാവില്ല. പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.

കേസിൽ പ്രതികളായ വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവൻ, കെ. അജിത് എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

2015 മാർച്ച് 13-നാണ് വിവാദമായ നിയമസഭാ കയ്യാങ്കളി നടക്കുന്നത്. ബാർ കോഴ വിവാദത്തിൽ ഉൾപ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന എൽ.ഡി.എഫ്. എം.എൽ.എമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.

കയ്യാങ്കളി നടത്തിയ എം.എൽ.എ.മാർക്കെതിരേ ക്രിമിനൽ നടപടിച്ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം രജിസ്റ്റർചെയ്ത കേസ് റദ്ദാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് സുപ്രീംകോടതിയിലെത്തിയത്.