സമ്മര്‍ മണ്‍സൂണ്‍ കൃത്യം കൃത്യമായി പ്രവചിക്കാന്‍ എഐയുമായി ഇന്ത്യ

സമ്മര്‍ മണ്‍സൂണ്‍ കൃത്യം കൃത്യമായി പ്രവചിക്കാന്‍ എഐയുമായി ഇന്ത്യ

സ്വന്തം ലേഖകൻ

കാലാവസ്ഥാ പ്രവചനം കൃത്യമായിരിക്കേണ്ടത് രാജ്യത്തിന്റെ കാര്‍ഷിക സമ്ബദ്ഘടനയ്ക്കും രാജ്യത്തെ ജനങ്ങളുടെ ജീവനും സമ്ബത്തിനുമൊക്കെ ഏറെ പ്രധാനമാണ്.

പേമാരിയും, തുടര്‍ന്നുള്ള പ്രളയവും കൊടുങ്കാറ്റുകളുമെല്ലാം നമുക്ക് സമ്മാനിച്ചിട്ടുള്ള ദുരിതങ്ങള്‍ക്ക് കണക്കില്ല. ഇത്തരം പ്രകൃതിദുരന്തങ്ങള്‍ ഏല്‍പ്പിക്കുന്ന ആഘാതം കുറയ്ക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങള്‍ ഏറെ സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണ്ട് ഉണ്ടായിരുന്നതിനെക്കാള്‍ ഏറെ മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചന സംവിധാനങ്ങള്‍ ഇന്ന് നമുക്കുണ്ട്. എന്നാല്‍ അ‌വ ഇനിയും കൂടുതല്‍ മെച്ചപ്പെടേണ്ടിയിരിക്കുന്നു. ആ നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുവശത്ത് മുന്നേറുന്നുമുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട്. അ‌ത്തരമൊരു നീക്കം ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുകയാണ്.

ഭാവിയുടെ സാങ്കേതികവിദ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഐ ഉപയോഗപ്പെടുത്തി ഇന്ത്യന്‍ സമ്മര്‍ മണ്‍സൂണ്‍ മഴ (ISMR) കൃത്യമായി പ്രവചിക്കാന്‍ സാധിക്കുന്ന ഒരു പ്രോഗ്രാം വികസിപ്പിച്ചിരിക്കുകയാണ് ഒരു സംഘം ഇന്ത്യന്‍ ഗവേഷകര്‍. ചാറ്റ്ജിപിടിയുടെ വരവോടെ ലോകമെങ്ങും എഐ സംബന്ധിച്ച ചര്‍ച്ചകള്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നതിനിടെയാണ് ഇന്ത്യ കാലാവസ്ഥാ പ്രവചനത്തിന് എഐ ഉപയോഗപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (DST)കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഗുവാഹത്തിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (IASST) ശാസ്ത്രജ്ഞരും പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി (IITM), ഗുവാഹത്തിയിലെ കോട്ടണ്‍ യൂണിവേഴ്‌സിറ്റി എന്നിവരടങ്ങുന്ന സംഘം ഒരു പ്രെഡിക്റ്റര്‍ ഡിസ്‌കവറി അല്‍ഗോരിതം (PDA) വികസിപ്പിച്ചെടുത്തു.

എഐ അ‌ടിസ്ഥാനമാക്കിയുള്ള ഈ സംവിധാനം സമുദ്രത്തിലെ തെര്‍മോക്ലൈന്‍ ഡെപ്ത് (D20) ഉപയോഗിച്ച്‌ ചെയ്തുകൊണ്ട് ഏത് മാസത്തിലും പ്രവചനം സാധ്യമാണെന്നും ഐഎസ്‌എംആര്‍ 18 മാസം മുന്‍കൂട്ടി വരെ പ്രവചിക്കാന്‍ സാധിക്കുമെന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയം പറയുന്നു. രാജ്യത്തിന്റെ കാര്‍ഷിക മേഖലയ്ക്കൊപ്പം സാമ്ബത്തിക മേഖലയ്ക്കും ഇത് ഏറെ മുതല്‍ക്കൂട്ടാണ് എന്നാണ് ശാസ്ത്ര സാങ്കേതിക മന്ത്രാലയം പറയുന്നത്.

നിലവില്‍ ഇന്ത്യന്‍ സമ്മര്‍ മണ്‍സൂണ്‍( ഐ‌എസ്‌എം‌ആര്‍) മഴയുടെ ദീര്‍ഘകാല പ്രവചനങ്ങള്‍ സമുദ്രോപരിതല താപനില (SST) ഉപയോഗിച്ചാണ് നടത്തിയിരുന്നത്. എന്നാല്‍ ഇതത്ര കൃത്യമല്ലെന്നാണ് ഐഎഎസ്‌എസ്ടിയിലെ ശാസ്ത്രജ്ഞരുടെ സംഘം പറയുന്നത്. മെഷീന്‍ ലേണിംഗ് അടിസ്ഥാനമാക്കിയുള്ള ഐഎസ്‌എംആര്‍ പ്രവചന മാതൃക ഉപയോഗിച്ച്‌ 1980 മുതല്‍ 2011 വരെയുള്ള ഇന്ത്യന്‍ സമ്മര്‍ മണ്‍സൂണ്‍ കൃത്യതയോടെ പ്രവചിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു.

150 വര്‍ഷത്തെ മാതൃകകളില്‍ നിന്ന് 45 ഫിസിക്കല്‍ ക്ലൈമറ്റ് മോഡലുകള്‍ ഉപയോഗിച്ച്‌ ഐഎസ്‌എംആറും ഉഷ്ണമേഖലാ തെര്‍മോക്ലൈന്‍ പാറ്റേണുകളും തമ്മിലുള്ള ബന്ധം പഠിക്കാനും ആ പഠനം യഥാര്‍ത്ഥത്തിലേക്ക് മാറ്റാനുമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) കഴിവിനെ അടിസ്ഥാനമാക്കിയാണ് മോഡലിന്റെ വിജയമെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ദേവബ്രത് ശര്‍മ്മ ( IASST ), സന്തു ദാസ് (IASST), സുബോധ് കെ. സാഹ ( IITM ), ബി എന്‍ ഗോസ്വാമി ( കോട്ടണ്‍ യൂണിവേഴ്സിറ്റി ) എന്നിവര്‍ പുതിയ എഐ സംവിധാനം ഉപയോഗപ്പെടുത്തി കൃത്യമായ സമ്മര്‍ മണ്‍സൂണ്‍ പ്രവചിച്ച്‌ തെളിയിച്ചു എന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയം പറയുന്നു.

എഐ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി തങ്ങളുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ എല്ലാ വമ്ബന്‍ ടെക്നോളജി കമ്ബനികളും വന്‍ പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അ‌തോടൊപ്പം എഐ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് ഏറെ ഉപകാരപ്രദമായ രീതിയില്‍ എഐ ഉപയോഗിക്കാമെന്ന് തെളിയിക്കുന്ന ഇന്ത്യയുടെ ഈ നേട്ടത്തിന്റെ വാര്‍ത്ത എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Tags :