വെള്ളമടിച്ച് ലെക്കുകെട്ട് വാട്ടർ ടാങ്കിന് മുകളിൽ കയറി പാട്ടും ഡാൻസും ; രണ്ടേകാൽ മണിക്കൂർ നാട്ടുകാരെ വട്ടം ചുറ്റിച്ച് യുവാവ്

വെള്ളമടിച്ച് ലെക്കുകെട്ട് വാട്ടർ ടാങ്കിന് മുകളിൽ കയറി പാട്ടും ഡാൻസും ; രണ്ടേകാൽ മണിക്കൂർ നാട്ടുകാരെ വട്ടം ചുറ്റിച്ച് യുവാവ്

സ്വന്തം ലേഖകൻ

ഹരിപ്പാട് : മദ്യലഹരിയിൽ വാട്ടർ ടാങ്കിനു മുകളിൽ കയറി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ താഴെയിറക്കി ഫയർഫോഴ്‌സ്. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി സുമേഷാണ് (34) നാട്ടുകാരെയും അഗ്‌നിരക്ഷാസേനയെയും രണ്ടേകാൽ മണിക്കൂറോളം വട്ടം ചുറ്റിച്ചത്.

എകെജി നഗറിലുള്ള ജലസംഭരണിക്ക് മുകളിൽ യുവാവ് വലിഞ്ഞുകയറുകയായിരുന്നു. മുകളിൽ ഇയാൾ നിലയുറപ്പിച്ചത് കണ്ട നാട്ടുകാരിൽ ചിലർ സംഭരണിക്ക് മുകളിലെത്തി ഇറക്കാൻ ശ്രമിച്ചെങ്കിലും യുവാവ് തളർന്ന അവസ്ഥയിലായിരുന്നതിനാൽ അവർക്ക് സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാൽ താഴേക്കുവീണ് അപകടമുണ്ടാകാതിരിക്കാൻ ഇയാളുടെ കൈയും കാലും കൈലി ഉപയോഗിച്ച് കെട്ടിയിട്ടതിനുശേഷമാണ് അഗ്‌നിരക്ഷാസേനയെയും പോലീസിനെയും നാട്ടുകാർ വിവരമറിയിച്ചത്.

തൃക്കുന്നപ്പുഴ പോലീസും ഹരിപ്പാട്ടുനിന്ന് അഗ്‌നിരക്ഷാസേനയും എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ രാത്രി എട്ടേകാലോടെ വലയിൽ കെട്ടി താഴേയ്ക്ക് എത്തിച്ചത്.

താഴെയെത്തുമ്പോഴും യുവാവ് പാതിമയക്കത്തിൽ ആയിരുന്നു. വൈദ്യപരിശോധനയിൽ മദ്യപിച്ചെന്ന് തെളിഞ്ഞതിനെത്തുടർന്ന് സർവീസ് തടസ്സപ്പെടുത്തിയതിന് ഇയാൾക്കെതിരേ കേസെടുത്തു.

സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ടിജി മണിക്കുട്ടൻ, ഓഫീസർമാരായ കെ ദീപാങ്കുരൻ, എസ് സജി, പി ബെന്നി, കെകെ രമാകാന്ത്, ഹോംഗാർഡ് കെ സുരേന്ദ്രൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.