സോഷ്യൽ മീഡിയയിൽ സൈബര്‍ അധിക്ഷേപം; കോട്ടയം കോതനല്ലൂര്‍ സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൈകാരിക കുറിപ്പുമായി സഹോദരീ ഭര്‍ത്താവായ ആശിഷ് ദാസ് ഐഎഎസ്; പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് പൊലീസ്

സോഷ്യൽ മീഡിയയിൽ സൈബര്‍ അധിക്ഷേപം; കോട്ടയം കോതനല്ലൂര്‍ സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൈകാരിക കുറിപ്പുമായി സഹോദരീ ഭര്‍ത്താവായ ആശിഷ് ദാസ് ഐഎഎസ്; പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക

കോട്ടയം: കോതനല്ലൂര്‍ സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈകാരിക കുറിപ്പുമായി സഹോദരീ ഭര്‍ത്താവായ ആശിഷ് ദാസ് ഐഎഎസ്.

സൈബര്‍ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് സഹോദരിയുടേതെന്ന് ആശിഷ് ദാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. മരിച്ച സഹോദരിയുടെ ചിത്രം പങ്കുവെച്ചുള്ള പോസ്റ്റില്‍ കുറ്റവാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്‍കുമെന്നും ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ആശിഷ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിപ്പൂരില്‍ സബ് കളക്ടറായി ജോലി ചെയ്യുന്ന ആശിഷ് ദാസ്, കേരളാ ഫയര്‍ ഫോഴ്സില്‍ ഫയര്‍മാനായി ജോലി ചെയ്യുന്നതിനിടെ ഐഎഎസ് നേടി ദേശീയ ശ്രദ്ധ നേടിയ ആളാണ്.

കോതനല്ലൂര്‍ സ്വദേശിനി ആതിരയാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ യുവതിയുടെ മുന്‍ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ആതിരയെ കണ്ടെത്തിയത്. 26 വയസായിരുന്നു പ്രായം. ഞീഴൂര്‍ സ്വദേശിയായ അരുണ്‍ വിദ്യാധരന്‍ എന്ന യുവാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇയാളും ആതിരയും മുൻപ് സൗഹൃദത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും അകന്നു. ഇതോടെയാണ് ആതിരയ്ക്കെതിരെ അരുണ്‍ ഫെയ്സ്ബുക്കില്‍ മോശം കുറിപ്പുകള്‍ ഇട്ടത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. വ്യക്തിഹത്യ നടത്തുന്നതിനെതിരെ ആതിര കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആതിരയുടെ സഹോദരീ ഭര്‍ത്താവായ ആശിഷ് ദാസ് കൊല്ലം സ്വദേശിയാണ്. ആശിഷിനെതിരെയും അരുണ്‍ വിദ്യാധരന്‍ ഫെയ്സ്ബുക്കില്‍ മോശം കുറിപ്പുകള്‍ ഇട്ടിരുന്നു.

ആതിരയുടെ പരാതി കിട്ടിയതിന് പിന്നാലെ തന്നെ അരുണിനെതിരെ അന്വേഷണം തുടങ്ങിയിരുന്നെന്ന് പൊലീസ് അറിയിച്ചു. വൈക്കം എ എസ് പി തന്നെ ഇന്നലെ ആതിരയോട് നേരിട്ട് സംസാരിച്ചിന്നുവെന്ന് പൊലീസ് വിശദീകരിച്ചു. ഒളിവില്‍ പോയ അരുണിനായി അന്വേഷണം തുടങ്ങി.

ആതിരയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അരുണ്‍ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു.