പൂതന പരാമർശം തോൽവിയ്ക്ക് കാരണമായി ; ജി സുധാകരനും അരീഫിനും വിമർശനം

പൂതന പരാമർശം തോൽവിയ്ക്ക് കാരണമായി ; ജി സുധാകരനും അരീഫിനും വിമർശനം

സ്വന്തം ലേഖിക

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിലുണ്ടായ തോൽവിക്ക് കാരണം ചർച്ച ചെയ്ത സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗത്തിൽ മന്ത്രി ജി സുധാകരനെതിരെ വിമർശനം.

ഷാനിമോൾ ഉസ്മാനെതിരെ നടത്തിയ പൂതന പരാമർശം വോട്ട് കുറയാൻ കാരണമായി എന്നാണ് വിലയിരുത്തൽ. എംഎൽഎ നിലയിൽ എ എം ആരിഫ് മണ്ഡലത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും ഇതും പരാജയത്തിന് കാരണമായെന്നും യോഗത്തിൽ കുററപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ഘട്ട പ്രാചരണത്തിന് എത്തിയപ്പോഴാണ് ജി സുധാകരൻ പൂതന പരാമർശം നടത്തിയത്. പൂതനകൾക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കളളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കാൻ ശ്രമിക്കുന്നതെന്നുമായിരുന്നു ഒരു കുടുംബ യോഗത്തിനിടെ മന്ത്രി പ്രസംഗിച്ചത്. ഷാനിമോൾ ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും കമ്മീഷൻ ജി സുധാകരന് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.

സംസ്ഥാന നേതാക്കളും മന്ത്രിമാരും മണ്ഡലത്തിൽ പ്രവർത്തിച്ചിട്ടും സംഘടനാ ദൗർബല്യം തിരിച്ചടിയായെന്നും യോഗത്തിൽ വിലയിരുത്തി. അരൂർ എംഎൽഎ ആയിരുന്ന എ എം ആരിഫ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് അരൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.

59 വർഷമായി ഇടത് കോട്ടയായി നിലനിന്നിരുന്ന അരൂർ നഷ്ടമായത് എൽഡിഎഫിന് വൻ തിരിച്ചടിയായിരുന്നു. എൽഡിഎഫിന്റെ മനു സി പുളിക്കലിനെ 1992 വോട്ടുകൾക്കാണ് ഷാനിമോൾ പരാജയപ്പെടുത്തിയത്. അതേസമയം തോൽവിയെക്കുറിച്ച് പഠിക്കാൻ അന്വേഷണ കമ്മീഷനെ വേണമോയെന്നത് സംസ്ഥാന നേതൃത്വം തീരുമാനിക്കും.

അതേസമയം യോഗത്തിൽ തനിക്കെതിരെ വിമർശനം ഉയർന്നുവെന്ന ആരോപണം ജി സുധാകരൻ നിഷേധിച്ചിട്ടുണ്ട്. ഉത്തരവാദിത്വപ്പെട്ട ആരും അരൂരിലെ തോൽവിക്ക് ഞാൻ കാരണക്കാരനാണെന്ന് പറഞ്ഞിട്ടില്ല. മറിച്ച് വിജയത്തിനായി എല്ലാ സഹായങ്ങളും ചെയ്ത് മുൻപ്പന്തിയിൽ പ്രവർത്തിച്ചുയെന്നാണ് പറഞ്ഞത്.

എന്നാൽ കുട്ടനാട്ടിൽ നിന്നുള്ള ഒരു ജില്ലാക്കമ്മറ്റി അംഗം ഞാനാണ് കാരണക്കാരൻ എന്ന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കിൽ പരസ്യമായത് പറയാൻ അങ്ങനൊരാൾ ഉണ്ടെങ്കിൽ മുന്നോട്ട് വരാൻ ആവശ്യപ്പെടുന്നു.

ഷാനിമോൾ പോലും തൻറെ വിജയം പൂതന കൊണ്ട് അല്ലെന്നും രാഷ്ട്രീയ വിജയമാണെന്നും പറഞ്ഞിട്ടുണ്ട്. തെറ്റായ പ്രചരണം വഴി വീഴ്ചകളെ മറച്ച് വെയ്ക്കാമെന്ന് ആരും കരുതേണ്ട. ഇലക്ഷൻ കമ്മീഷൻ പോലും തള്ളിയ വിഷയമാണിത്. രാഷ്ട്രീയ ക്രിമിനലുകൾ പറയുന്നത് വിശ്വസിക്കരുതെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.