കൊറോണയെ അതിജീവിക്കാമോ?  ദൈവം എന്നെ അതിന് സഹായിക്കുമോ? : ഇത് എല്ലാവരും വായിക്കണമെന്നും പരമാവധി ഷെയർ ചെയ്യണമെന്ന അപേക്ഷയുമായി എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ

കൊറോണയെ അതിജീവിക്കാമോ?  ദൈവം എന്നെ അതിന് സഹായിക്കുമോ? : ഇത് എല്ലാവരും വായിക്കണമെന്നും പരമാവധി ഷെയർ ചെയ്യണമെന്ന അപേക്ഷയുമായി എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ

സ്വന്തം ലേഖകൻ

കോട്ടയം : ദുരിതം നിറഞ്ഞ ഈ ദിവസങ്ങളിൽ നിങ്ങൾക്കായി കുറിക്കണമെന്നു കരുതിയ ഒരാശയം, എത്രയോ ലളിതവും ശക്തവുമായ ഭാഷയിൽ ശ്രീ ഉണ്ണികൃഷ്ണൻ ശ്രീകണ്ഠപുരം എന്ന മാധ്യമസുഹൃത്ത് എഴുതിയിരിക്കുന്നു. ഇത് എല്ലാവരും വായിക്കണമെന്നും പരമാവധി ഷെയർ ചെയ്യണമെന്നും അപേക്ഷയുമായി രംഗത്തെത്തിരിക്കുകയാണ് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ.

സുഭാഷ് ചന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം…..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാൻ കൊറോണയെ അതിജീവിക്കുമോ ?
ദൈവം എന്നെ അതിന് സഹായിക്കുമോ?

ഉണ്ണികൃഷ്ണൻ ശ്രീകണ്ഠപുരം

ഞാൻ ലോകത്തെ ‘ഹോമോസാപിയൻസ്’ എന്ന സ്പീഷീസിലെ 7,794,798,739 എണ്ണത്തിൽ ഒരാൾ മാത്രമാണ്.
അത്രയും എണ്ണമുള്ള ഏതൊരു ജീവിവർഗ്ഗത്തിലെയും കേവലം ഒരെണ്ണത്തിന്റെ ആരോഗ്യം, ആയുസ്സ് എന്നതിന് യാതൊരു പ്രാധാന്യവുമില്ലെന്നതാണ് സത്യം. കാരണം ഒരെണ്ണത്തിന്റെ അനാരോഗ്യം, മരണം എന്നിവകൊണ്ട് ആ സ്പീഷീസിന് ഒരു പോറലെങ്കിലും ഏൽക്കാനുള്ള statistical probability ഇല്ല എന്നതുകൊണ്ടാണ്.

 

ഭൂമിയിലെ ജീവിവർഗ്ഗങ്ങളുടെയെല്ലാം ആകെയുള്ള എണ്ണത്തിന് പ്രകൃതി ഒരു സ്വയംനിയന്ത്രണ സംവിധാനമൊരുക്കിയിട്ടുണ്ട്. വേട്ടക്കാർ – ഇരകൾ (Prey – Predator) എന്ന സംവിധാനത്തിലൂടെയാണ് മിക്ക ജീവിവർഗ്ഗത്തിന്റെയും എണ്ണത്തെ നിയന്ത്രിച്ചു നിർത്തിയിരിക്കുന്നത്.

 

 

സാധാരണഗതിയിൽ പ്രകൃതി ഒരിക്കലും ഏതെങ്കിലുമൊരു സ്പീഷീസിന്റെ എണ്ണത്തെ അപകടകരമായ അവസ്ഥയിലേക്ക് എത്താൻ അനുവദിക്കില്ല, അതായത് ഒന്നിനും ക്രമാതീതമായി കൂടാനോ, കുറയാനോ സാധ്യമല്ലെന്നർത്ഥം. ആ സന്തുലിതാവസ്ഥയെ തകിടം മറിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരേയൊരു ജീവിവർഗ്ഗം മനുഷ്യൻ മാത്രമാണ്.

 

കാട്ടിൽ കടുവകൾ, പുലികൾ, ചെന്നായ്ക്കൾ തുടങ്ങിയ അനേകതരം ഹിംസ്രജന്തുക്കൾ ഉണ്ടായിട്ടും, അവർ ഒറ്റയ്ക്കോ, കൂട്ടമായോ ഒക്കെ അതിശക്തരായിട്ടും, കാട്ടിലെ മാനുകൾക്ക് നാളിതുവരെ വംശനാശം സംഭവിച്ചിട്ടില്ലെന്നോർത്താൽ ആ സന്തുലിതാവസ്ഥയുടെ പിന്നിലുള്ള അത്ഭുതകരമായ തത്വത്തിനു മുന്നിൽ തലകുമ്പിട്ടുപോകും.അത് പ്രകൃതിയുടെ self regularization ന്റെ കഴിവാണ്.

 

 

പക്ഷേ ഇവിടെ നമുക്ക് ദയനീയമെന്ന് തോന്നാവുന്ന ഒരു കാര്യമുണ്ട്. ഉദാഹരണത്തിലൂടെ അത് പറയാം, നാം എപ്പോൾ കാട്ടിൽ ചെന്നാലും അവിടെ പുള്ളിമാനുകളെ കാണും, പക്ഷെ നാമൊരിക്കലും മുൻപ്ചെന്നപ്പോൾ കണ്ട മാനുകളെത്തന്നെയാണോ പിന്നീട് ചെന്നപ്പോൾ കണ്ടതെന്ന് അന്വേഷിക്കാറില്ല, കാരണം നമുക്കതറിയേണ്ട ആവശ്യമില്ല, മാനുകൾ ഉണ്ടോ? എന്നതിൽ മാത്രമാണ് നാം ശ്രദ്ധിക്കുന്നത്.

 

 

ഓരോവർഷവും മാനുകളുടെ എണ്ണമെടുക്കുന്നവരും(animal census) എത്ര മാനുകളുണ്ടെന്നതല്ലാതെ ഏതൊക്കെയാണ് ഈ വർഷം കാണാതായത്, ഏതൊക്കെയാണ് പുതിയതെന്ന് വിഷമിക്കാറില്ല. അതിന്റെ ശരിയായ കാരണം ഒരു സ്പീഷീസ് മാനുകളുടെ ആരോഗ്യകരമായ നിലനിൽപ്പിന് ആരോഗ്യമുള്ള എത്രമാനുകൾ ഉണ്ടെന്നതിനു മാത്രമേ പ്രസക്തിയുള്ളൂ, അതിലെ ഒരെണ്ണത്തിന് യാതൊരു പ്രസക്തിയുമില്ല എന്നതാണ്.

 

പ്രകൃതിക്ക് ഭൂമിയിൽ ‘മനുഷ്യൻ’ എന്ന ജീവിവർഗ്ഗത്തെ നിലനിർത്തണമെന്നേ താല്പര്യമുള്ളൂ, അത് ഞാൻ, എന്റെ ഭാര്യ, മക്കൾ, അവരുടെ കുടുംബം എന്നിവരൊക്കെയായിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല.

 

എന്നാൽ ഞാനും, എന്റെ കുടുംബാംഗങ്ങളും നാളെയും ഇവിടുണ്ടാകണമെന്നത് ഞങ്ങളുടെ മാത്രം ആഗ്രഹമാണ്. അതുതന്നെയാണ് കടുവയുടെയും, പുലിയുടേയുമൊക്കെ മുന്നിൽ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന ഓരോ മാനുകളും ആഗ്രഹിക്കുണ്ടാവുക. എന്നാൽ ചിലരൊക്കെ മാറ്റപ്പെടണം, മാറ്റപ്പെട്ടേ തീരൂ എന്നത് പ്രകൃതിയുടെ അലിഖിത നിയമമാണ്.

 

പണ്ടുണ്ടായ പ്‌ളേഗ്ബാധ(Black death) യൂറോപ്പിലെ 250 ലക്ഷം മനുഷ്യരെയാണ് ഇല്ലാതാക്കിയത് അതായത് ഏതാണ്ട് അന്നത്തെ യൂറോപ്പിലെ ജനസംഖ്യയുടെ ഏതാണ്ട് 40 – 60 ശതമാനത്തോളം പേരെ.പ്‌ളേഗ്ബാധയെ ഔസേപ്പച്ചനും, വേലായുധനും, മുഹമ്മദും അതിജീവിച്ചോ എന്ന് പ്രകൃതി നോക്കിയില്ല, യഹോവയെ, ക്രിസ്തുവിനെ, അല്ലാഹുവിനെ, കൃഷ്ണനെ,രാമനെ ഒക്കെ ആരാധിക്കുന്നവരാണോ അതിജീവിച്ചതെന്ന് പ്രകൃതി അന്വേഷിച്ചില്ല,

 

അല്ലെങ്കിൽ അതുനോക്കിയല്ല അവൾ ലക്ഷങ്ങളെ മരിക്കാൻ അനുവദിച്ചത്.
മനുഷ്യർ അതിജീവിച്ചോ എന്നുമാത്രമാണ് നോക്കിയത്. അതെ, അതുമാത്രമാണ് പ്രകൃതിക്ക് പ്രസക്തമായ കാര്യം.നിലനിൽക്കാൻ ഏറ്റവും യോഗ്യരായവർ മാത്രമേ നിലനിൽക്കാവൂ(survival of the fittest) എന്ന ഡാർവീനിയൻ തത്വമനുസരിച്ചാണ് ഏതൊരു ജീവിയുടെയും ഭാവിനിർണ്ണയിക്കപ്പെടുന്നത്,

തന്നെ പിടിക്കാൻ വരുന്ന കടുവയെ, പുലിയെ, ചെന്നായ്ക്കളെ ഓടിയോ, തന്ത്രത്തിലോ ഒക്കെ കബളിപ്പിച്ചു രക്ഷനേടുന്ന മാനുകൾക്ക് മാത്രമേ നാളെ തുടർന്ന് ജീവിക്കാനുള്ള അവകാശം പ്രകൃതി നൽകിയിട്ടുള്ളൂ. അല്ലാത്തവർ മാറ്റപ്പെട്ടേ തീരൂ.അതനുസരിച്ച് ഞാൻ കൊറോണയെ അതിജീവിക്കുമോ എന്നത്; ഞാൻ ഏതു ദൈവത്തിൽ വിശ്വസിക്കുന്നവനാണ്, എത്രനേരമാണ് പ്രാർത്ഥിക്കുന്നത്, എത്രമാത്രമാണ് ദേവാലയങ്ങളിലെ ഭണ്ഡാരപ്പെട്ടിയിൽ കൊണ്ടിടുന്നത്,

എവിടെയെല്ലാം തീർഥാടനം പോയവനാണ്, എത്രപേരെയാണ് എന്റെ ദൈവത്തിലുള്ള വിശ്വാസികളാക്കി മാറ്റിയത് എന്നതിനെയൊന്നും അടിസ്ഥാനമാക്കിയല്ല.
മറിച്ച് , രോഗാണുക്കൾ, അനാരോഗ്യകരമായ ചുറ്റുപാടുകൾ എന്നിവയെ അതിജീവിക്കാൻ ഞാൻ എത്രമാത്രം കഴിവുള്ളവനാണ് എന്നതിനെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്(How much I am fit to live).

അതാണ് സത്യമെങ്കിൽ ഞാൻ നാളെ കൊറോണയെ അതിജീവിച്ച് ഇവിടുണ്ടാവുമോ എന്ന ചോദ്യം എന്നോടുതന്നെയാണ് ചോദിക്കേണ്ടത്.

എന്റെ രോഗപ്രതിരോധശക്തി എത്രമാത്രമുണ്ട്?
എന്റെ ആരോഗ്യത്തെ നിലനിർത്താൻ തക്ക എന്തൊക്കെ കാര്യങ്ങളാണ് ഞാൻ ആചരിക്കുന്നത്?
എന്റെ ഭക്ഷണ ശീലങ്ങൾ നല്ലതാണോ?
എന്റെ മാനസിക വ്യാപാരങ്ങൾ നല്ലതാണോ?
ഞാൻ ആർത്തികളുടെയും ആഗ്രഹങ്ങളുടെയും പിടിയിലാണോ?
ഞാൻ അസൂയാലുവും, അതിനാൽ അധമചിന്താഗതിക്കാരനുമാണോ?
എന്റെ ആത്മീയത എന്താണ്?

മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള നമ്മുടെ ഉത്തരങ്ങൾ മാത്രമാണ് നാളെ നാം കൊറോണയെ അതിജീവിച്ച് ഇവിടുണ്ടാവുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുക. മറ്റൊന്നിനും ഉത്തരം നൽകാനാവില്ല.

ലോകത്ത് പലപ്പോഴായി വന്നു മരണംവിതച്ചുകൊണ്ട്; കോടിക്കണക്കിനു മനുഷ്യരുടെ ജീവനെടുത്ത മഹാമാരികളിൽ ഒന്നുപോലും വിശ്വാസികൾ – അവിശ്വാസികൾ, പ്രാർത്ഥിക്കുന്നവർ – പ്രാർത്ഥിക്കാത്തവർ, ആ ദൈവത്തിൽ വിശ്വസിക്കുന്നവർ – ഈ ദൈവത്തിൽ വിശ്വസിക്കുന്നവർ എന്ന വ്യത്യാസങ്ങൾ നോക്കിയല്ല കൊന്നുതള്ളിയത്.

അന്നും ഡാർവിൻ പറഞ്ഞ, ‘യോഗ്യരായർ മാത്രമേ അതിജീവിക്കൂ’ എന്ന നിയമം മാത്രമാണ് നോക്കിയത്. അതിനായി നാം നമ്മെ ഓരോരുത്തരെയും സജ്ജമാക്കേണ്ടിയിരിക്കുന്നു. കൊറോണ നമുക്ക് നൽകുന്ന മുന്നറിയിപ്പ് അതാണ്. നാം ഏതു തിരഞ്ഞെടുക്കുമെന്നതിനെ ആശ്രയിച്ചുമാത്രമായിരിക്കും നാളെ നമ്മുടെയൊക്കെ ഭാവി.

ഇതെഴുതുന്ന ഞാൻ കൊറോണയെ അതിജീവിച്ച് നാളെ ഇവിടുണ്ടാവണമെന്നില്ല, കാരണം മുകളിൽ ഞാൻതന്നെ ചോദിച്ച പലചോദ്യങ്ങൾക്കും എന്റെ ഉത്തരങ്ങൾ തെറ്റാണ്, അല്ലെങ്കിൽ നെഗറ്റീവ് ആണ്. എന്നാൽ എനിക്ക് അതിജീവിക്കാനായാൽ ഞാൻ ആദ്യം ചെയ്യുക അവയെ തിരുത്തുക എന്നതായിരിക്കുമെന്നതിന് ഒരു സംശയവും വേണ്ട.

പക്ഷേ ഇതുവായിക്കുന്ന ചെറുപ്പക്കാർ തീർച്ചയായും ആ ചോദ്യങ്ങൾക്കുള്ള ശരിയായ ഉത്തരങ്ങൾ നൽകാൻ തക്ക രീതിയിൽ നിങ്ങളുടെ ജീവിതശൈലികളും, കാഴ്ചപ്പാടുകളും മാറ്റേണ്ടിയിരിക്കുന്നു,
നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനു മുന്നേ, അവരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതിന് മുന്നേ, നിലനിൽക്കാൻ വേണ്ട ശക്തി, ആരോഗ്യം അവർക്കുണ്ടാകാനുള്ള ശീലങ്ങൾ, ചിന്തകൾ ഒക്കെയാണ് കൊടുക്കേണ്ടത്.

അല്ലെങ്കിൽ നിങ്ങളുടെ ദൈവങ്ങൾ നിസ്സഹായരായിരിക്കുന്നത് കാണേണ്ടി വന്നേക്കാം.

നിർത്തട്ടെ………