യുവമോര്‍ച്ച മാര്‍ച്ചിനുനേരെ ജലപീരങ്കി : ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളോട് മാപ്പുപറയണം: സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍
സ്വന്തം ലേഖകൻ
കോട്ടയം: ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളോട് മാപ്പു പറയണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍. പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്‍പതു വര്‍ഷത്തിലേറെയായി പുതുപ്പള്ളിയുടെ എംഎല്‍എയായും ഏഴു വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കപട വാഗ്ദാനങ്ങള്‍ നല്‍കി വോട്ടുവാങ്ങി വിജയിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാകത്താനം-പനച്ചിക്കാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കാനായി 34 വര്‍ഷങ്ങള്‍ക്കു മുന്‍പ് പണി ആരംഭിച്ച പാലക്കാലുങ്കല്‍ പാലം, കോടികള്‍ പാഴാക്കി വെറും അഞ്ചു തൂണുകള്‍ മാത്രം വെള്ളത്തില്‍ നിര്‍ത്തി ഉപേക്ഷിച്ച അയര്‍ക്കുന്നം പാറക്കടവ് പാലം, പണിപൂര്‍ത്തിയാകാതെ കാടു കയറി നശിക്കുന്ന പുതുപ്പള്ളിയിലെ മിനി സിവില്‍ സ്റ്റേഷന്‍ തുടങ്ങിയവ ഉമ്മന്‍ചാണ്ടിയുടെ പിടിപ്പുകേടിന്റെ ഉദാഹരണങ്ങളില്‍ ചിലതുമാത്രം.
സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കാതെ കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ഉമ്മന്‍ചാണ്ടി. അന്‍പതുവര്‍ഷം തുടര്‍ച്ചയായി ജയിച്ചിട്ടും സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകാതെ വീണ്ടും മത്സരത്തിന് ഇറങ്ങുകയാണ് ഉമ്മന്‍ചാണ്ടി. ജനങ്ങളോടുള്ള വെല്ലുവിളിയാണിത്.
ഇതിന് ജനം മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ ലാല്‍ അദ്ധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് പി.കെ. ശ്രീകാന്ത്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അശ്വന്ത് മാമലശ്ശേരി, വി. ബിനുമോന്‍, വൈസ്പ്രസിഡന്റുമാരായ അരവിന്ദ് ശങ്കര്‍, പ്രമോദ് സോമന്‍, രാജ്‌മോഹന്‍, ജില്ലാ സെക്രട്ടറിമാരായ എം.കെ. ശ്രീകുമാര്‍, അമല്‍, ജില്ലാ ട്രഷറര്‍ സബിന്‍ കുറിച്ചി തുടങ്ങിയവര്‍ സംസാരിച്ചു.
പുതുപ്പള്ളി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് വീടിന് സമീപം പോലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചു. പാതിവഴിയില്‍ നിലച്ച പദ്ധതികളുടെ മാതൃകകളുമായി എത്തിയ പ്രവര്‍ത്തകര്‍ അതിനുമുകളില്‍ റീത്ത് വെക്കുകയും ചെയ്തു.