കോട്ടയം കോടിമത മാര്‍ക്കറ്റിലെ തെരുവ് നായ്ക്കളെ കാണാനില്ല; ആശ്വാസമെന്ന് വഴിയാത്രക്കാരും പ്രഭാത സവാരിക്കാരും; ആശങ്കയില്‍ മൃഗസ്‌നേഹികള്‍

കോട്ടയം കോടിമത മാര്‍ക്കറ്റിലെ തെരുവ് നായ്ക്കളെ കാണാനില്ല; ആശ്വാസമെന്ന് വഴിയാത്രക്കാരും പ്രഭാത സവാരിക്കാരും; ആശങ്കയില്‍ മൃഗസ്‌നേഹികള്‍

സ്വന്തം ലേഖിക

കോട്ടയം: കോടിമത മാര്‍ക്കറ്റിലെ തെരുവ് നായ്ക്കള്‍ അപ്രത്യക്ഷമായതില്‍ ആശങ്കയുമായി മൃഗസ്‌നേഹികള്‍ രംഗത്ത്. കോടിമത മാര്‍ക്കറ്റിലും പരിസര പ്രദേശത്തുമായി അധിവസിച്ചിരുന്ന നായ്ക്കളെയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാതായത്. സാധാരണയായി മാര്‍ക്കറ്റ് സജീവമാകുന്ന പുലര്‍ച്ച സമയങ്ങളില്‍ തന്നെ നായ്ക്കളും സജീവമാകാറാണ് പതിവ്. എന്നാല്‍ പതിവിന് വിരുദ്ധമായി ഇന്ന് പുലര്‍ച്ചെ മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലും നായ്ക്കളെ കാണാനില്ലായിരുന്നു.

തെരുവ് നായ അക്രമണങ്ങള്‍ രൂക്ഷമായതോടെ സംസ്ഥാനത്തുടനീളം ഇവയെ കൊന്നൊടുക്കണമെന്ന തരത്തില്‍ ക്യാമ്പയിനുകളും സജീവമാണ്. കഴിഞ്ഞ ദിവസം കോട്ടയം മുളക്കുളത്ത് നായകളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ചങ്ങനാശേരി പെരുന്നയില്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം തെരുവ് നായയെ കൊന്ന് കെട്ടിത്തൂക്കിയത് ഇന്നലെയാണ്. മാസങ്ങളായി നാട്ടുകാര്‍ക്ക് ശല്യമായിരുന്ന നായയെയാണ് കൊന്ന് കെട്ടിതൂക്കിയത്. മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. തെരുവുനായയെ ആരാണ് കൊന്നതെന്ന് വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തിന് പിന്നാലെ കൊച്ചി ഏരൂരിലും നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. 5 നായകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ചത്ത നായ്ക്കളെ ഇന്നലെ കുഴിച്ചിട്ടിരുന്നു. ഇതിന് സമാനമായി കോടിമത മാര്‍ക്കറ്റിലെ നായ്ക്കളെയും അപായപ്പെടുത്തിയതാകാന്‍ സാധ്യതയുണ്ടെന്ന് മൃഗസ്‌നേഹികള്‍ ആശങ്കയറിയിച്ചു. തെരുവ്‌നായ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം നായ്ക്കളെ കൊന്നൊടുക്കല്‍ അല്ലെന്നും ഫലപ്രദമായ മാലിന്യനിര്‍മാര്‍ജനത്തിന്റെ അപര്യാപ്തതയാണ് പ്രശ്‌നങ്ങളുടെ മൂലകാരണമെന്നുമാണ് ഇവരുടെ വാദം.

എന്നാല്‍ പ്രഭാത സവാരിക്കാരും പുലര്‍ച്ചെ മാര്‍ക്കറ്റിലെത്തിയവരും ആശ്വാസത്തിലാണ്. ഏത് നിമിഷവും നായ്ക്കളുടെ അക്രമണം പ്രതീക്ഷിച്ചാണ് പ്രദേശത്തുകൂടി സഞ്ചരിക്കുന്നതെന്നും നായ്ക്കള്‍ അപ്രത്യക്ഷമായതോടെ ധൈര്യമായി ഈ വഴി സഞ്ചരിക്കാമെന്നും ഇവര്‍ പറയുന്നു.

മാര്‍ക്കറ്റില്‍ സുലഭമായ ഇറച്ചി, മീന്‍ തുടങ്ങിയവയുടെ അവശിഷ്ടങ്ങളും പാതിരാത്രികളില്‍ വഴിയരികില്‍ കൊണ്ടുവന്ന് തള്ളുന്ന ഹോട്ടല്‍ മാലിന്യം ഉള്‍പ്പെടെയുള്ളവയുമാണ് ഈ പ്രദേശത്ത് തെരുവ് നായ്ക്കളുടെ സ്വര്യവിഹാരത്തിന് കാരണമാകുന്നത്. ഭക്ഷണം സുലഭമായി ലഭിക്കുന്നതിനാല്‍ നായ്ക്കള്‍ കൂട്ടമായി പ്രദേശത്ത് തമ്പടിച്ചിരുന്നു. ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെയും പ്രഭാത സവാരിക്കാരെയും അക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

തെരുവ് നായ്ക്കള്‍ക്ക് പുറമേ രോഗം വന്നതും പ്രായത്തിന്റെ അവശതയുള്ളതും ജനിച്ച ഉടനെ ഉപേക്ഷിക്കപ്പെടുന്നതുമായ നായ്ക്കളും പ്രദേശത്തുണ്ട്. ഇവയില്‍ പലതും ക്രൗര്യസ്വഭാവമുള്ളതും തെരുവില്‍ അതിജീവിക്കാന്‍ അറിയാത്തവയുമാണ്. സങ്കരയിനത്തിലുള്ള നായ്ക്കളുടെ സ്വഭാവവും പ്രവചനാതീതമാണ്.

2012 മുതല്‍ 2022 സെപ്തംബര്‍ അഞ്ചുവരെ 201 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇതില്‍ നല്ലൊരുഭാഗം വാക്സിന്‍ എടുത്തവരാണ്.
പത്തനംതിട്ടയിലെ 12 വയസുകാരി അഭിരാമി മരിച്ചതോടെ പേവിഷ വാക്‌സിന്‍ സംബന്ധിച്ച സംശയങ്ങള്‍ ബലപ്പെട്ടത്. സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്‌സിനും ഇമ്യൂണോഗ്ലോബുലീനും പരാജയപ്പെടുന്ന ഈ വര്‍ഷത്തെ അഞ്ചാമത്തെ സംഭവമാണിത്. ഇതുവരെ 20 പേവിഷ മരണങ്ങള്‍ ഉണ്ടായിട്ടും കൃത്യമായ ഡെത്ത് ഓഡിറ്റിംഗ് നടന്നിട്ടില്ല.