play-sharp-fill
ലോട്ടറി തട്ടിയെടുത്ത സംഭവം : ഒരു കോടി രൂപ സമ്മാനത്തിനായി സുകുമാരിയമ്മ നിയമ നടപടിക്ക് ; ടിക്കറ്റ് ലോട്ടറി കച്ചവടക്കാരൻ തട്ടിയെടുത്തതാണെന്നു പൊലീസ് റിപ്പോർട്ട് നല്‍കിയിട്ടും അനക്കമില്ലതെ ലോട്ടറി വകുപ്പ് ; നിയമ പോരാട്ടം നിർണ്ണായകം ; സമ്മാനത്തുക നൽകാൻ കോടതി നിർദ്ദേശിക്കണം

ലോട്ടറി തട്ടിയെടുത്ത സംഭവം : ഒരു കോടി രൂപ സമ്മാനത്തിനായി സുകുമാരിയമ്മ നിയമ നടപടിക്ക് ; ടിക്കറ്റ് ലോട്ടറി കച്ചവടക്കാരൻ തട്ടിയെടുത്തതാണെന്നു പൊലീസ് റിപ്പോർട്ട് നല്‍കിയിട്ടും അനക്കമില്ലതെ ലോട്ടറി വകുപ്പ് ; നിയമ പോരാട്ടം നിർണ്ണായകം ; സമ്മാനത്തുക നൽകാൻ കോടതി നിർദ്ദേശിക്കണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഒരു കോടി രൂപ സമ്മാനത്തിനായി സുകുമാരിയമ്മ നിയമ നടപടിക്ക്. സമ്മാനത്തുക കൈമാറുന്നതു സംബന്ധിച്ച്‌ ഭാഗ്യക്കുറി ഡയറക്ടറേറ്റില്‍ നിന്നു വ്യക്തമായ മറുപടി ലഭിക്കാത്തതിനാലാണ് സുകുമാരിയമ്മയുടെ ഈ നീക്കം.

അടിച്ച ഭാഗ്യക്കുറി ടിക്കറ്റ് വഴിയോര വില്‍പനക്കാരിയില്‍ നിന്നു ലോട്ടറി കച്ചവടക്കാരൻ തട്ടിയെടുത്തതാണെന്നു പൊലീസ് റിപ്പോർട്ട് നല്‍കിയിട്ടും ലോട്ടറി വകുപ്പിന് അനക്കമില്ല. മനസാക്ഷിയെ ഞെട്ടിച്ച ഈ തട്ടിപ്പില്‍ പണം നല്‍കാതിരിക്കാനാണ് ലോട്ടറി വകുപ്പിന്റെ നീക്കമെന്നാണ് സൂചന. അതുകൊണ്ട് തന്നെ നിയമ പോരാട്ടം നിർണ്ണായകമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മാനത്തുക കൈമാറാൻ കോടതിയുടെ അനുമതി വേണ്ടിവരുമെന്ന് ലോട്ടറി ഡയറക്ടറേറ്റ് അറിയിച്ചു. ടിക്കറ്റ് തട്ടിയെടുത്തുവെന്നു കാട്ടി സുകുമാരിയമ്മ നല്‍കിയ പരാതിയില്‍ കഴമ്ബുണ്ടെന്നാണ് മ്യൂസിയം പൊലീസ് റിപ്പോർട്ട്. സുകുമാരിയമ്മ കോടതിയേയും സമീപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയാണ് ടിക്കറ്റിന്റെ യഥാർത്ഥ ഉടമയെ പ്രഖ്യാപിക്കേണ്ടത്. കോടതി തീരുമാനമുണ്ടാകുന്നതു വരെ സമ്മാനത്തുക ആർക്കും നല്‍കില്ല.

മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂർ സ്വദേശി സുകുമാരിയമ്മയുടെ (72) പക്കല്‍നിന്നു ലോട്ടറി കച്ചവടക്കാരൻ കണ്ണൻ ബോധപൂർവം ടിക്കറ്റ് തട്ടിയെടുത്തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഭാഗ്യക്കുറി ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. സുകുമാരിയമ്മ ടിക്കറ്റ് എടുത്തതിനും ഇതു കണ്ണൻ തട്ടിയെടുത്തതിനും സാക്ഷികളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. എന്നിട്ടും ലോട്ടറി വകുപ്പ് നടപടികള്‍ എടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സുകുമാരിയമ്മ നിയമ പോരാട്ടത്തിന് ഇറങ്ങുന്നത്.

തൊപ്പിക്കച്ചവടം നടത്തുന്ന സുകുമാരിയമ്മയും ലോട്ടറിക്കച്ചവടം നടത്തുന്ന കണ്ണനും പരിചയക്കാരാണ്. സുകുമാരിയമ്മ എടുത്ത ഒരേ സീരീസ് നമ്ബറിലുള്ള 12 ടിക്കറ്റില്‍ ഒരെണ്ണത്തിനാണ് ഒരു കോടി രൂപ സമ്മാനം അടിച്ചത്. തൊട്ടടുത്തു കച്ചവടം നടത്തുന്ന സാവിത്രിയും ടിക്കറ്റ് വാങ്ങുമ്ബോള്‍ അടുത്തുണ്ടായിരുന്നു. ഇതേ ടിക്കറ്റുകള്‍ സാവിത്രിയും ആവശ്യപ്പെട്ടെങ്കിലും സുകുമാരിയമ്മ പതിവായി എടുക്കുന്നതിനാല്‍ ‘അമ്മയ്ക്കേ കൊടുക്കൂ ‘ എന്നു പറഞ്ഞാണ് കണ്ണൻ ടിക്കറ്റ് നല്‍കിയത്. സാവിത്രിയുടെ മൊഴിയും ഈ കേസില്‍ നിർണ്ണായകമാണ്.

നറക്കെടുപ്പ് ദിവസം 5 മണിയോടെ സുകുമാരിയമ്മയെ തേടി എത്തിയ കണ്ണൻ ഇവർ എടുത്ത ടിക്കറ്റിനു 500 രൂപ വീതം 6000 രൂപ സമ്മാനം ഉണ്ടെന്ന് പറഞ്ഞു. ചായ കുടിച്ചിട്ട് വരുമ്ബോള്‍ പണം തരാമെന്നു പറഞ്ഞ് കണ്ണൻ ചായക്കടയിലേക്ക് പോയി. ഈ സമയം സമീപത്തെ കടയിലുള്ളവർ ടിക്കറ്റിലെ അവസാന 4 അക്ക നമ്ബറും ഭാഗ്യക്കുറി റിസല്‍റ്റ് ഷീറ്റും ഒത്തുനോക്കിയെങ്കിലും 500 രൂപയുടെ സമ്മാനത്തിന്റെ കൂട്ടത്തില്‍ സുകുമാരിയമ്മയുടെ ടിക്കറ്റ് നമ്ബർ കണ്ടില്ല. ഒന്നാം സമ്മാനവുമായി അവർ ഒത്തുനോക്കിയതുമില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ണനെത്തി.

കണ്ണനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ 500 അല്ല 100 രൂപ വീതം 1200 ആണ് അടിച്ചതെന്ന് കണ്ണൻ മലക്കം മറിഞ്ഞു. റിസല്‍റ്റ് ഷീറ്റ് പിടിച്ചു വാങ്ങിയ കണ്ണൻ, സമ്മാനം ലഭിച്ച ടിക്കറ്റ് സുകുമാരിയമ്മയുടെ പെട്ടിയില്‍ നിന്നും എടുത്ത ശേഷം 500 രൂപയും 700 രൂപയ്ക്കു ഭാഗ്യക്കുറിയും പകരം നല്‍കി കടന്നു കളഞ്ഞു. അറസ്റ്റിലാകും മുൻപ് കണ്ണൻ ഭാഗ്യക്കുറി ടിക്കറ്റ് ബാങ്ക് ഓഫ് ബറോഡയുടെ ശാഖയില്‍ സമർപ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ടതിനാല്‍ പണം കൈമാറ്റം നടന്നില്ല. എന്നാല്‍ ഈ പണം സുകുമാരിയമ്മയ്ക്ക് കൊടുക്കുന്നതിലും വ്യക്തതയില്ല.

ടിക്കറ്റ് തട്ടിയെടുത്തയാള്‍ അത് ബാങ്ക് ഓഫ് ബറോഡയില്‍ സമർപ്പിച്ചിട്ടുണ്ട്. ടിക്കറ്റിന്മേല്‍ പരാതിയും കേസുമുണ്ടെന്ന് പൊലീസ് അറിയിച്ച സാഹചര്യത്തില്‍ ബാങ്കില്‍ നിന്ന് ടിക്കറ്റ് സമർപ്പിച്ച്‌ സമ്മാനത്തുക അവകാശപ്പെടാനാകില്ലെന്നും ലോട്ടറി ഡയറക്ടറേറ്റ് അധികൃതർ പറഞ്ഞു.. മെയ്‌ 15ന് നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ സമ്മാനാർഹമായ ടിക്കറ്റാണ് തട്ടിയെടുത്തത്. അറസ്റ്റിലായ കണ്ണൻ റിമാൻഡിലാണ്.