വഞ്ചനാ കേസ് ; മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുന്നതിന് സ്റ്റേ ; നിർമ്മാതാക്കളിൽ ഒരാളായ ബാബു ഷെഹീർ നല്‍കിയ ഹർജിയിലാണ് നടപടി
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിർമാതാക്കള്‍ക്കെതിരായ വഞ്ചനാക്കേസിലെ തുടർനടപടികള്‍ക്ക് സ്റ്റേ. ഹൈക്കോടതി ഒരു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. സിനിമയുടെ നിർമാതാക്കളായ പറവ ഫിലിംസിൻറെ പങ്കാളികളിലൊരാളായ ബാബു ഷെഹീർ നല്‍കിയ ഹർജിയിലാണ് നടപടി.
നിർമാതാക്കളായ ഷോണ്‍ ആൻറണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച് നേരത്തെ മരട് പോലീസ് കേസെടുത്തിരുന്നു. സിനിമയുടെ നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു.
പണം മുടക്കി സിനിമയുടെ നിർമാണത്തില്‍ പങ്കാളിയായ അരൂർ സ്വദേശി സിറാജിന്റെ പരാതിയിലായിരുന്നു കോടതിയുടെ നടപടി. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമയുടെ നിർമാണത്തിനായി ഏഴുകോടി രൂപ താൻ മുടക്കിയതായി പരാതിക്കാരനായ സിറാജ് പറയുന്നു. ഷോണ്‍ ആന്റണിയുടെ ഉടമസ്ഥതയില്‍ കടവന്ത്രയില്‍ പ്രവർത്തിക്കുന്ന പറവ ഫിലിംസ് കമ്ബനി മുഖേനയാണ് പണം നിക്ഷേപിച്ചത്. മുടക്കുമുതലും ലാഭവിഹിതവും വാഗ്ദാനം ചെയ്താണ് പണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രത്തിന്റെ ശരിയായ നിർമാണച്ചെലവ് തന്നില്‍നിന്നു മറച്ചുവച്ചെന്നും സിറാജ് ആരോപിക്കുന്നു.
ഈ കേസില്‍ സൗബിനും ഷോണും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയില്‍ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറങ്ങിയിരുന്നു. ഇവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിന് പിന്നാലെയാണ് തുടർ നടപടികള്‍ക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്.