play-sharp-fill
സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെലോ അലർട്ടും; പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷം

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെലോ അലർട്ടും; പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷം

തിരുവനന്തപുരം: കാലവർഷം എത്തും മുൻപേ അതിതീവ്ര മഴ വ്യാപകമായതോടെ കൊച്ചി നഗരം ഉൾപ്പെടെ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി.

3 ദിവസം കൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്നു സംസ്ഥാനത്ത് എവിടെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉച്ചയോടെ മുന്നറിയിപ്പുകളിൽ മാറ്റം വന്നേക്കാം.

ഇന്നു തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് 7 ജില്ലകളിൽ യെലോ അലർട്ടാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, എറണാകുളം, തൃശൂർ, ഇടുക്കി എന്നീ 9 ജില്ലകളിലാണ് യെലോ അലർട്ട്. മറ്റന്നാൾ ഇവയിൽ പാലക്കാട്, തൃശൂർ ഒഴികെയുള്ള 7 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.

കുറഞ്ഞ സമയത്തിനിടെ പെയ്യുന്ന അതിതീവ്ര മഴ, ദേശീയപാത ഉൾപ്പെടെ വികസനപദ്ധതികളുടെ നിർമാണം പൂർത്തിയാകാത്ത സ്ഥലങ്ങളിൽ ഗതാഗതവും ജനജീവിതവും ദുസ്സഹമാക്കി. അതിതീവ്ര മഴ സാധ്യത പരിഗണിച്ച് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മാത്രം ഇന്നലെ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് വൈകിട്ടോടെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലേക്കും കാലാവസ്ഥ വകുപ്പ് വ്യാപിപ്പിച്ചിരുന്നു.

വടക്കൻ കേരളത്തിനു മുകളിലെ ചക്രവാതച്ചുഴി തെക്കൻ തീരത്തേക്കു മാറിയതും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും ശക്തിയായ കാറ്റുമാണ് മഴയിലെ മാറ്റത്തിനു കാരണം. ന്യൂനമർദം 2 ദിവസത്തിനകം തീവ്രമാകും. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട്.