കനത്ത മഴ; റബര്‍ മരം ഒടിഞ്ഞുവീണ് ഒരു മരണം; കൊട്ടാരക്കരയില്‍ വ്യാപക നാശനഷ്ടങ്ങള്‍; വീടുകള്‍ തകര്‍ന്നു; മരങ്ങള്‍ ട്രാക്കിലേക്ക് കടപുഴകി വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കനത്ത മഴ; റബര്‍ മരം ഒടിഞ്ഞുവീണ് ഒരു മരണം; കൊട്ടാരക്കരയില്‍ വ്യാപക നാശനഷ്ടങ്ങള്‍; വീടുകള്‍ തകര്‍ന്നു; മരങ്ങള്‍ ട്രാക്കിലേക്ക് കടപുഴകി വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

സ്വന്തം ലേഖിക

കൊല്ലം: കനത്ത വേനല്‍ മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റില്‍ കൊട്ടാരക്കരയിലും സമീപ പ്രദേശങ്ങളിലും കനത്ത നാശം.

റബര്‍ മരം ഒടിഞ്ഞുവീണ് ഇഞ്ചക്കാട് മംഗലത്തുവീട്ടില്‍ ലളിതാകുമാരി (67) മരിച്ചു. മരങ്ങള്‍ ട്രാക്കിലേക്ക് കടപുഴകിയും വൈദ്യുതി നിലച്ചും ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുപറമ്പില്‍ നിന്ന റബര്‍ മരം ഒടിഞ്ഞുവീണാണ് ലളിതകുമാരി മരിച്ചത്. സാരമായി പരിക്കേറ്റ ലളിതാകുമാരിയെ സമീപവാസികള്‍ ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ അവിവാഹിതയാണ്.

കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലും ആവണീശ്വരത്തിനും ഇടയിലാണ് മരങ്ങള്‍ ട്രാക്കില്‍ വീണത്. കൊല്ലത്തുനിന്ന് പുനലൂരിലേക്കും തിരിച്ചും പോകേണ്ടിയിരുന്ന മെമു ട്രെയിന്‍ റദ്ദാക്കി. മധുര, ഗുരുവായൂര്‍ ട്രെയിനുകള്‍ പുനലൂരില്‍ പിടിച്ചിട്ടു. മരങ്ങള്‍ മുറിച്ചുമാറ്റിയ ശേഷം വൈകിയാണ് ട്രെയിനുകള്‍ പുറപ്പെട്ടത്.

ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പോസ്റ്റുകള്‍ തകര്‍ന്ന് വൈദ്യുതി ബന്ധവും തകരാറിലായി. കാര്‍ഷിക വിളകള്‍ക്കും വ്യാപക നാശം നേരിട്ടു. ഇടിമിന്നലില്‍ ഇലക്‌ട്രോണിക് സാധനങ്ങള്‍ക്ക് നാശം നേരിട്ടു.

മൈലം 12, കലയപുരം 15, കൊട്ടാരക്കര രണ്ട്, കുളക്കട ഒന്ന്, കോട്ടുക്കല്‍ രണ്ട്, ചടയമംഗലം ഒന്ന് എന്നീ ക്രമത്തിലാണ് വീടുകള്‍ തകര്‍ന്നത്.

പെരുംകുളത്ത് മാത്രം ഏഴായിരത്തിലധികം ഏത്തവാഴ, നാനൂറ്റിയന്‍പത് വാഴ, അയ്യായിരത്തോളം മരച്ചീനി എന്നിവയും നശിച്ചു. നടുവത്ര, പീലിക്കോട്, പെരുംകുളം ഏലകളിലും കൃഷിനാശമുണ്ടായി.

കുന്നത്ത് പ്ലാവിള സുരേഷ്, കോയിപ്പുറത്ത് വിജയന്‍ പിള്ള , ആനയടി തുളസീധരന്‍ പിള്ള, കൃഷ്ണ വിലാസം മോഹന്‍ കുമാര്‍, രജനീ ഭവനം ചന്ദ്രശേഖരന്‍ പിള്ള, ആദിച്ചന്‍ പാലവിള, അജിതാ ഭവനം അപ്പുക്കുട്ടന്‍ നായര്‍, ഉദയഭവനം ഉദയ ശങ്കര്‍ എന്നിവരുടെ കാര്‍ഷിക വിളകളും നശിച്ചു. തകര്‍ന്ന വീടുകള്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ സന്ദര്‍ശിച്ചു.