തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വര്‍ണധ്വജ പ്രതിഷ്ഠയ്ക്കായുള്ള തേക്ക് മരം പൂഞ്ഞാര്‍ പാതാമ്പുഴയില്‍ നിന്ന് ; മരം മുറിക്കുന്നതിനുള്ള പൂജാകര്‍മ്മങ്ങള്‍ തുടങ്ങി
സ്വന്തം ലേഖകൻ
പൂഞ്ഞാര്‍: ശ്രീവല്ലഭന് സ്വര്‍ണ്ണകൊടിമരം പൂഞ്ഞാറില്‍ നിന്ന്. മരം മുറിക്കുന്നതിനുള്ള പൂജാകര്‍മ്മങ്ങള്‍ തുടങ്ങി. ദക്ഷിണ തിരുപ്പതിയെന്ന് അറിയപ്പെടുന്ന തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വര്‍ണധ്വജ പ്രതിഷ്ഠയ്ക്കായുള്ള തേക്ക് മരം പൂഞ്ഞാര്‍ പാതാമ്പുഴയില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്.പാതാമ്പുഴ മന്നം എടാട്ട് എ.എൻ. ഗോവിന്ദൻ നായരുടെ പുരയിടത്തിലെ തേക്ക് മരമാണ് ശ്രീവല്ലഭ മഹാക്ഷേത്രം ഭാരവാഹികള്‍ തിരഞ്ഞെടുത്തത്.
തേക്കുമരത്തിന് 58 അടി ഉയരവും 80 ഇഞ്ച് വണ്ണമുമുണ്ട്. 75 വര്‍ഷത്തിലധികം പ്രായമുള്ള മരമാണിത്. പുരയിടത്തുനിന്നും മരം മുറിക്കുന്നതിനുള്ള പൂജാകര്‍മ്മങ്ങള്‍ ഇന്ന് ആരംഭിച്ചു. തന്ത്രി മുഖ്യൻ തറയില്‍ കുഴിക്കാട്ട് ഇല്ലത്ത് അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് പൂജകള്‍ക്ക് നേതൃത്വം നല്‍കും.വെള്ളിയാഴ്ച വൃക്ഷപൂജക്ക് ശേഷം ഉളി കൊത്തി മരംമുറിക്കല്‍ ആരംഭിക്കും. 12.15 ന് വൃക്ഷ പതനം നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച രാവിലെ 7.30 ന് മന്നത്തുനിന്നും മരം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ചോറ്റി മഹാ ദേവക്ഷേത്രത്തില്‍ എത്തിക്കും. അവിടെ നിന്ന് കൊടിമരത്തിനുള്ള മരവും വഹിച്ചു കണ്ട് നിരുവല്ലക്ക് ഘോഷയാത്ര ആരംഭിക്കും. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 3.30 ന് തിരുവല്ല മാത്തൂര്‍ ആല്‍ത്തറ ജംഗ്ഷനില്‍ എത്തിച്ചരും.
തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുവല്ല ടൗണിലൂടെ 6.30 ന് ക്ഷേത്രത്തിലെ കിഴക്കേനടയിലെ സ്വീകരണ പന്തലില്‍ എത്തിക്കും. സ്വീകരണ പന്തലില്‍ തേക്കിൻ മരം വഴിപാടായി സമര്‍പ്പിക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നിന്നും ദേവസ്വം ഉദ്യോഗസ്ഥരും, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും, പരിഹാരക്രിയ കമ്മിറ്റി ഭാരവാഹികളും ജനങ്ങളും ചേര്‍ന്ന് ധ്വജസ്തംഭത്തിനുള്ള തേക്കിൻ മരം ഏറ്റു വാങ്ങി ക്ഷേത്രത്തില്‍ പ്രവേശിച്ച് ഒരു വലംവച്ച് വടക്ക് വശത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നിലം തൊടാതെ വെയ്ക്കും.