play-sharp-fill
ഗര്‍ഭസ്ഥ ശിശുവിന്റെ തകരാറുകള്‍ കണ്ടുപിടിച്ചില്ല; ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ നടപടി; അഞ്ച് ലക്ഷം പിഴ ചുമത്തി കോട്ടയം ഉപഭോക്തൃ കോടതി

ഗര്‍ഭസ്ഥ ശിശുവിന്റെ തകരാറുകള്‍ കണ്ടുപിടിച്ചില്ല; ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ നടപടി; അഞ്ച് ലക്ഷം പിഴ ചുമത്തി കോട്ടയം ഉപഭോക്തൃ കോടതി

കോട്ടയം: ഗര്‍ഭകാല ചികിത്സയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തകരാറുകള്‍ കണ്ടുപിടിക്കാത്തതിന് സ്വകാര്യ ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും അഞ്ചു ലക്ഷം രൂപ പിഴ.

കോട്ടയം ഉപഭോക്തൃ കോടതിയാണ് ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്കെതിരെ ഉത്തരവിട്ടത്. ആലപ്പുഴ ചതുര്‍ഥ്യാകരി സ്വദേശിനി സന്ധ്യാ മനോജ് നല്‍കിയ പരാതിയിലാണ് ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ നടപടി.

2016ലാണ് ഗര്‍ഭകാല ചികിത്സയ്ക്ക് സന്ധ്യ സെന്റ് തോമസ് ആശുപത്രിയിലെത്തുന്നത്. എല്ലാ മാസങ്ങളിലും സ്‌കാനിംഗ് നടത്തിയെങ്കിലും 13 മുതല്‍ 20 വരെയുള്ള ആഴ്ചയില്‍ നടത്തേണ്ട അനാട്ടമി അള്‍ട്രാ സൗണ്ട് സ്‌കാനിങ് നടത്തിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീടുള്ള സ്‌കാനിംഗില്‍ പ്ലാസന്റയില്‍ അപര്യാപ്തത കണ്ടെത്തിയെങ്കിലും ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമം ആശുപത്രി നടത്തിയില്ലെന്ന് കോടതി കണ്ടെത്തി. അവസാന സ്‌കാനിംഗിലും തകരാറുകള്‍ കണ്ടെത്തിയില്ല.

കുട്ടിക്ക് അനക്കം നഷ്ടപ്പെട്ടതായി തോന്നി പ്രസവം നേരത്തെയാക്കാന്‍ അഭ്യര്‍ഥിച്ചപ്പോള്‍ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. പുതിയ ആശുപത്രിയിലെ സ്‌കാനിങില്‍ കുട്ടിക്ക് വൈകല്യങ്ങള്‍ കണ്ടെത്തുകയും സിസേറിയന് വിധേയയാവുകയും പ്രസവിക്കുകയും ചെയ്തു.

പ്രകടമായ വൈകല്യങ്ങള്‍ ഉള്ള കുട്ടിക്ക് ജനിച്ചപ്പോള്‍ തന്നെ ജീവനില്ലായിരുന്നെന്നാണ് കണ്ടെത്തല്‍. മാനസികമായി തകര്‍ന്ന സന്ധ്യാ മനോജ് ചികിത്സാ പിഴവിന് നഷ്ടപരിഹാരം തേടിയാണ് ഉപഭോക്തൃകോടതിയെ സമീപിച്ചത്.

നിരവധി തവണ സ്‌കാനിങ് നടത്തിയിട്ടും കുട്ടിയുടെ വൈകല്യങ്ങള്‍ തിരിച്ചറിയാന്‍ ആവശ്യമായ പരിശോധന കൃത്യ സമയത്ത് നടത്താത്തത് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ച ആണെന്നും അതു പരാതിക്കാരിയെയും കുടുംബത്തെയും മാനസികവിഷമത്തിലേക്ക് തള്ളിവിട്ടുവെന്നും കമ്മീഷന്‍ കണ്ടെത്തി. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി അധികൃതര്‍, ഗൈനക്കോളജിസ്റ്റ് ഡോ. മരിയ, റേഡിയോജിസ്റ്റുമാരായ ഡോ. ദിലീപ് പി. ചന്ദ്രശേഖര്‍, ഡോ. എസ്.എം. ശരത് ബാബു, ഡോ. നവീന്‍ ജെ. ടോം. ഡോ. ഗീതു ജോണ്‍ എന്നിവരില്‍ നിന്നാണ് അഞ്ചു ലക്ഷം രൂപ ഈടാക്കാന്‍ കോടതി വിധിച്ചത്.

പ്രസിഡന്റ് വി.എസ് മനുലാല്‍, അംഗങ്ങളായ ആര്‍. ബിന്ദു, കെ.എം ആന്റോ എന്നിവരാണ് വിധി പുറപ്പെടുവിച്ചത്.