നിക്ഷേപകന് ഒരു രൂപ പോലും നഷ്ടമാകാത്ത വിധത്തിൽ സംരക്ഷണം നൽകും ; ബാങ്കിനെ തിരിച്ചുകൊണ്ടു വരാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകും; കുറ്റക്കാർക്കെതിരെ കർശന നടപടി ; കണ്ടല സര്‍വ്വീസ്‌ സഹകരണബാങ്ക് പുനരുദ്ധാരണ പാക്കേജിന് സമിതി രൂപീകരിച്ചു

നിക്ഷേപകന് ഒരു രൂപ പോലും നഷ്ടമാകാത്ത വിധത്തിൽ സംരക്ഷണം നൽകും ; ബാങ്കിനെ തിരിച്ചുകൊണ്ടു വരാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകും; കുറ്റക്കാർക്കെതിരെ കർശന നടപടി ; കണ്ടല സര്‍വ്വീസ്‌ സഹകരണബാങ്ക് പുനരുദ്ധാരണ പാക്കേജിന് സമിതി രൂപീകരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കണ്ടല സർവ്വീസ് സഹകരണ ബാങ്ക് നിക്ഷേപകരുടെ പണം തിരിച്ചു നൽകുന്നത് ഉറപ്പുവരുത്താനും ബാങ്കിന്റെ പുനരുദ്ധാണത്തിന് വേണ്ടിയുള്ള പാക്കേജ് തയാറാക്കുന്നതിനുമായി പ്രത്യേക സമിതി രൂപീകരിച്ചു. സഹകരണവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്ട്രാർ ടി വി സുഭാഷ്, കേരളാ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ കെ സി സഹദേവൻ, തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ നിസാമുദീൻ, കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാർ ബിനിൽ, കണ്ടലബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ജെ. അജിത്ത് കുമാർ, കമ്മിറ്റി അംഗങ്ങളായ ഉപേന്ദ്രൻ കെ , സുരേഷ് കുമാർ കെ എന്നിവരാണ് പുനരുദ്ധാണ പാക്കേജ് തയാറാക്കുന്ന സമിതിയിലെ അംഗങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹകരണ വികസന ക്ഷേമനിധി ബോർഡ്, കേരള ബാങ്ക് , മറ്റിതര സഹകരണ മേഖലയിൽ കണ്ടലബാങ്കിന് നിലവിലുള്ള നിക്ഷേപങ്ങൾ പിൻവലിക്കൽ, വായ്പക്കുടിശ്ശിക പിരിച്ചെടുക്കൽ എന്നിവയിലൂടെയും പണം കണ്ടെത്തുവാനാണ് നിർദ്ദേശം നൽകയിരിക്കുന്നത്. ഇതിനൊപ്പം ഡെപ്പോസിറ്റ് കാമ്പയിനിലൂടെയും എം ഡി എസിലൂടെയും ബാങ്ക് സ്വരൂപിക്കുന്ന നിക്ഷേപങ്ങളും ഉപയോഗപ്പെടുത്തി പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനാണ് തീരുമാനം.

കണ്ടല സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് ആദ്യ പരാതി ലഭിച്ചപ്പോൾതന്നെ സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു. അതു സംബന്ധിച്ചുള്ള കാര്യങ്ങൾ മുന്നോട്ടു നീങ്ങുകയാണ് ക്രമക്കേടിന് ഉത്തരവാദികളായവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും നടന്നു കൊണ്ടിരിക്കുകയാണ്. 2017ൽ ‘മലയിൻകീഴ് പൗരസമിതി’ യുടെ പരാതിയെ തുടർന്നാണ് ബാങ്കിൽ അന്വേഷണം ആരംഭിച്ചത്. നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ നിയമം അനുസരിച്ച് പലതവണ തിരുത്തൽ നടപടികൾക്ക് അവസരം നൽകി. എന്നാൽ തിരുത്തലിനുശ്രമിക്കാതെ സംഘം പ്രസിഡന്റ് ഭാസുരാംഗൻ തുടർനടപടികൾക്കെതിരേ ഹൈക്കോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് വാങ്ങി.

ഇതിനെതിരെ ഹൈക്കോടതിൽ കേസ് നടത്തിയാണ് അന്വേഷണം നടത്താനുള്ള ഉത്തരവ് സഹകരണ വകുപ്പ് നേടിയെടുത്തത്. 2021 നവംബറിൽ അസിസ്റ്റന്റ് രജിസ്ട്രാറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് തുടർനടപടികൾ സ്വീകരിച്ചു. അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തി. 2022 മാർച്ചിൽ രജിസ്ട്രാർ ബാങ്കിന്റെ വിശദീകരണം തേടി. രണ്ടുമാസം കഴിഞ്ഞാണ് വിശദീകരണം നൽകിയത്. തൃപ്തികരമല്ലാത്തതിനാൽ നിയമാനുസൃത നടപടി സ്വീകരിക്കാൻ സഹകരണ വകുപ്പ് നിർദേശം നൽകി.

ഭരണസമിതിക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയ ശേഷം ജൂണിൽ ഭാരവാഹികളുടെ വാദംകേട്ടു. ഈ വാദം കേൾക്കലിനെതിരെയും പ്രസിഡന്റ് ഭാസുരാംഗൻ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകി. കേസ് നടപടികൾ പൂർത്തീകരിച്ച് 2023 ഫെബ്രുവരിയിൽ വീണ്ടും അന്വേഷണം ആരംഭിച്ചു. ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരേ സഹകരണ നിയപ്രകാരമുള്ള നടപടികൾ സ്വീകരിക്കാനും പണം ഈടാക്കാനുള്ള നടപടികളും സ്വീകരിച്ചു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ പണം തിരികെ നൽകാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നിരിക്കുന്നത്.

ബാങ്കിലെ ക്രമക്കേട് കണ്ടുപിടിച്ചതിനെ തുടർന്ന് സമയോചിതമായി നടപടിയെടുക്കാൻ സഹകരണ വകുപ്പും സംസ്ഥാന സർക്കാരും ഇടപെടൽ നടത്തിയിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു. ബാങ്കിനെ തിരിച്ചുകൊണ്ടു വരാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു കൊണ്ടുപോകും, കുറ്റക്കാർക്കെതിരെ കർശന നടപടികൾ എടുത്ത് നിക്ഷേപകന് ഒരു രൂപ പോലും നഷ്ടമാകാത്ത വിധത്തിൽ സംരക്ഷണം നൽകുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.