സൈമൺ മാജിക് ഉണ്ടാവുമോ…? ജെസ്‌ന മരിയ തിരോധാനം വീണ്ടും വാർത്തകളിൽ ഇടം നേടുന്നു ; ജെസ്‌നയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് തച്ചങ്കരി പറഞ്ഞത് ആറ് മാസങ്ങൾക്ക് മുൻപ് : എസ്.പി കെ ജി സൈമൺ വിരമിക്കുന്നതിന് മുൻപ് തന്നെ അന്വേഷണം ക്ലൈമാക്‌സിലേക്കെന്ന് സൂചന

സൈമൺ മാജിക് ഉണ്ടാവുമോ…? ജെസ്‌ന മരിയ തിരോധാനം വീണ്ടും വാർത്തകളിൽ ഇടം നേടുന്നു ; ജെസ്‌നയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് തച്ചങ്കരി പറഞ്ഞത് ആറ് മാസങ്ങൾക്ക് മുൻപ് : എസ്.പി കെ ജി സൈമൺ വിരമിക്കുന്നതിന് മുൻപ് തന്നെ അന്വേഷണം ക്ലൈമാക്‌സിലേക്കെന്ന് സൂചന

സ്വന്തം ലേഖകൻ

പത്തനംതിട്ട: മുക്കൂട്ടുതറയിലെ കോളജ് വിദ്യാർത്ഥിനിയായ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്ന ജില്ലാ പൊലീസ് മേധാവി കെജി സൈമണാവട്ടെ ഈ മാസം സ്ഥാനമൊഴിയുകയാണ്.

ഇപ്പോഴിതാ കെ.ജി സൈമൺ വിരമിക്കുന്നതിന് മുൻപ് തന്നെ ജെസ്‌നയെ കണ്ടെത്തിയിരിക്കുമെന്നും അദ്ദേഹം അന്വേഷണത്തിന്റെ ക്ലൈമാക്‌സിലേക്ക് എത്തിയിരിക്കുന്നുവെന്നുമുള്ള സൂചനകളാണ് പുറത്തു വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെസ്‌ന കേസിൽ കോവിഡ് ലോക്ഡൗൺ കാലത്ത് ക്രൈം ബ്രാഞ്ച് ഡയറക്ടറായിരുന്ന ടോമിൻ തച്ചങ്കരിയാണ് ശുഭവാർത്ത വരുന്നുവെന്ന സൂചന നൽകിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീർ റാവുത്തറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. തച്ചങ്കരിയുടെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ ഡിവൈഎസ്പിയുമായി ബന്ധപ്പെട്ടപ്പോൾ തനിക്ക് അങ്ങനെ ഒരു അറിവും ഇല്ലെന്നായിരുന്നു മറുപടി. അതിനിടെ അങ്ങനെ ഒരു പ്രസ്താവന തച്ചങ്കരി നടത്തിയതിൽ കെജി സൈമൺ അതൃപ്തി അറിയിച്ചുവെന്നൊരു വാർത്തയും പുറത്തു വന്നിരുന്നു.

ഡിസംബർ 31 ന് സൈമൺ വിരമിക്കുന്നതിന് മന്നോടിയായി ജെസ്‌നയെ കണ്ടെത്തുമെന്നാണ് ഏവരും കരുതിയിരിക്കുന്നത്. എന്നാൽ ഇതേപ്പറ്റി സ്ഥിരീകരണം നൽകാൻ പൊലീസോ അന്വേഷണസംഘമോ തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

2018 മാർച്ച് 20 നാണ് മുക്കൂട്ടുതറയിൽ നിന്ന് കോളജ് വിദ്യാർത്ഥിനിയായ ജെസ്‌നയെ കാണാതാകുന്നത്. ഊഹാപോഹങ്ങൾ അല്ലാതെ ശക്തമായ ഒരു തെളിവും ഇതു വരെ ലഭിച്ചിട്ടില്ല. ജെസ്‌നയെ കണ്ടതായി പറയുന്ന ഇടങ്ങളിലെല്ലാം സംഘം പരിശോധിച്ചു. തമിഴ്‌നാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം വരെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

എന്നാൽ ഒരിഞ്ചു പോലും മന്നോട്ട് പോകാൻ സാധിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്. എങ്കിലും വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സൈമൺ മാജികിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും.