സോണിയ ഗാന്ധി ആഗസ്റ്റ് മൂന്നിന്  ഹാജരാകണമെന്ന്  കൊല്ലം മുൻസിഫ് കോടതി ; കോടതി ഉത്തരവ് ഇങ്ങനെ..

സോണിയ ഗാന്ധി ആഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതി ; കോടതി ഉത്തരവ് ഇങ്ങനെ..

 

സ്വന്തം ലേഖിക

 

കൊല്ലം: സോണിയ ഗാന്ധിയോട് ഓഗസ്റ്റ് മൂന്നിന് കൊല്ലം മുന്‍സിഫ് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്. കോണ്‍ഗ്രസിന്റെ കുണ്ടറയിലെ പ്രാദേശിക നേതാവ് പൃഥ്വിരാജ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് എന്നിവരോടാണ് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചത്. കോണ്‍ഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് പൃഥ്വിരാജിനെ സസ്പെന്‍ഡ് ചെയ്തത്. ഈ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പൃഥ്വിരാജ് നിവേദനം നല്‍കിയിരുന്നു.

എന്നാല്‍ ഇതില്‍ പ്രതികരണം ഉണ്ടായില്ലെന്നു കാണിച്ചാണ് അഡ്വ. ബോറിസ് പോള്‍ മുഖേന അദ്ദേഹം മുന്‍സിഫ് കോടതിയെ സമീപിച്ചത്. കെപിസിസി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ കുണ്ടറ ബ്ലോക്കില്‍ നിന്നുള്ള പ്രതിനിധിയെ കേസിന്റെ തീരുമാനം വരുന്നതുവരെ നിശ്ചയിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു പൃഥ്വിരാജ് ഉപഹര്‍ജിയും നല്‍കിയിരുന്നു.

അതേസമയം നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുമ്ബാകെ ചോദ്യം ചെയ്യലിന് ഹാജരായി. എഐസിസി ആസ്ഥാനത്തുനിന്നാണ് സോണിയ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു. സോണിയ ഗാന്ധിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യം മുഴക്കി. സോണിയയെ പിന്തുണയ്ക്കുന്ന പ്ലക്കാഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.

എന്നാല്‍, നേരത്തെ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് പോലെ ദീര്‍ഘനേരം ചോദ്യം ചെയ്യില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സോണിയ ഗാന്ധിയുടെ അനാരോഗ്യം പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യല്‍. ഓന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയേക്കും. അവരുടെ പ്രായവും അനാരോഗ്യവും പരിഗണിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ഇഡി എത്തിയതെന്നാണ് വിവരം.

വിഷയത്തില്‍ കോണ്‍ഗ്രസ് എംപിമാരും നിരത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. സമാധാനത്തോടെയാണ് പ്രതിഷേധിക്കുന്നതെന്നും തങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ ഹൂഡ പറഞ്ഞു. ഇതിനിടെ ഇഡി വേട്ടയാടുന്നുവെന്നാരോപിച്ച്‌ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.