എന്തൊരു വിധിയിത്..! കോട്ടയത്തെ ആകാശപ്പാതയില്‍ ഹൈക്കോടതിക്ക് മറുപടി നല്‍കാതെ ഉരുണ്ട് കളിച്ച് റോഡ് സേഫ്റ്റി അതോറിറ്റി; നവംബര്‍ മൂന്നിന് കേസ് തീര്‍പ്പാക്കുമെന്നും അതിന് മുന്‍പായി റിപ്പോര്‍ട്ട് നല്‍കണമെന്നും റോഡ് സേഫ്റ്റി അതോറിറ്റിയോട് രൂക്ഷഭാഷയില്‍ ഹൈക്കോടതി

എന്തൊരു വിധിയിത്..! കോട്ടയത്തെ ആകാശപ്പാതയില്‍ ഹൈക്കോടതിക്ക് മറുപടി നല്‍കാതെ ഉരുണ്ട് കളിച്ച് റോഡ് സേഫ്റ്റി അതോറിറ്റി; നവംബര്‍ മൂന്നിന് കേസ് തീര്‍പ്പാക്കുമെന്നും അതിന് മുന്‍പായി റിപ്പോര്‍ട്ട് നല്‍കണമെന്നും റോഡ് സേഫ്റ്റി അതോറിറ്റിയോട് രൂക്ഷഭാഷയില്‍ ഹൈക്കോടതി

സ്വന്തം ലേഖകന്‍

കോട്ടയം: ആകാശപ്പാതയില്‍ ഇന്ന് ഹൈക്കോടതി അന്തിമവിധി പറയാനിരിക്കെ, റോഡ് സേഫ്റ്റി അതോറിറ്റിയുടെ അലംഭാവം കാരണം കേസ് വീണ്ടും നീണ്ടു. ആകാശപ്പാത പൊളിക്കുന്നത് സംബന്ധിച്ച് ഇന്ന് ഹൈക്കോടതി അന്തിമവിധി പറയാനിരിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശമനുസരിച്ച് ജില്ലാ കളക്ടറും സംസ്ഥാന സര്‍ക്കാരും വിഷയത്തിന്മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍, റോഡ് സേഫ്റ്റി അതോറിറ്റി വിഷയത്തിന്മേല്‍ മറുപടി നല്‍കാതെ ഉരുണ്ട് കളിച്ചതോടെ ആകാശപ്പാതയ്ക്കും ഗണപതിക്കല്ല്യാണത്തിന്റെ വിധിയായി. എന്നാല്‍, കോടതി മുറിയില്‍ രൂക്ഷവിമര്‍ശനമാണ് റോഡ് സേഫ്റ്റി അതോറിറ്റിക്ക് കേള്‍ക്കേണ്ടി വന്നത്. ആകാശപ്പാത വിഷയത്തില്‍ നിര്‍ബന്ധമായും നവംബര്‍ മൂന്നിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി റോഡ് സേഫ്റ്റി അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് നവംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍ക്കും ഉപകാരമില്ലാതെ നില്‍ക്കുന്ന കമ്പിക്കൂട് പൊളിച്ചു മാറ്റുകയോ പണി പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കുകയോ വേണമെന്നാവശ്യപ്പെട്ട് തേര്‍ഡ് ഐ ന്യൂസ് ചീഫ് എഡിറ്റര്‍ ഏ.കെ ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും കക്ഷി ചേര്‍ന്നിട്ടുണ്ട്. ആകാശ പാതയുടെ തൂണുകള്‍ തുരുമ്പെടുത്ത് തുടങ്ങിയെന്നും പണി പൂര്‍ത്തീകരിക്കണമെന്നുമാവശ്യപ്പെട്ട് തേര്‍ഡ് ഐ ന്യൂസ് സര്‍ക്കാരിന് നല്‍കിയ പരാതിയിന്മേല്‍ ലഭിച്ച മറുപടിയിലാണ് മുകളിലോട്ട് കയറാനുള്ള സ്റ്റെയര്‍കേസ് നിര്‍മിക്കാനുള്ള സ്ഥലം കണ്ടെത്താത്തതിനാലാണ് പണി നിര്‍ത്തി വെച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് റോഡ് സേഫ്റ്റി അതേറ്റിട്ടി മറുപടി നല്കിയത്.

ഇതോടെയാണ് പകുതി പണിതതും തുരുമ്പെടുത്ത് ജനങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നതുമായ ആകാശപാത പൊളിച്ച് കളയണമെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്കണമെന്നുമാവശ്യപ്പെട്ട് തേര്‍ഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിനേയും, ജില്ലാ കളക്ടറേയും , റോഡ് സേഫ്റ്റി അതോറിറ്റിയേയും എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്കിയത്. തേര്‍ഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ രാജേഷ് കണ്ണന്‍ ഹാജരായി.