ആറാം ക്ലാസുകാരനോട് ക്രൂരത കാട്ടിയ ബസ് കണ്ടക്ടർക്ക് ഒടുവിൽ മാപ്പ്: നടപടി അവസാനിപ്പിക്കുന്നതായി കുട്ടിയുടെ മാതാപിതാക്കൾ; തെറ്റ് ബോധ്യമായെന്ന് എഴുതി വച്ച് തടിയൂരി കണ്ടക്ടർ

ആറാം ക്ലാസുകാരനോട് ക്രൂരത കാട്ടിയ ബസ് കണ്ടക്ടർക്ക് ഒടുവിൽ മാപ്പ്: നടപടി അവസാനിപ്പിക്കുന്നതായി കുട്ടിയുടെ മാതാപിതാക്കൾ; തെറ്റ് ബോധ്യമായെന്ന് എഴുതി വച്ച് തടിയൂരി കണ്ടക്ടർ

സ്വന്തം ലേഖകൻ
കോട്ടയം: ആറാം ക്ലാസുകാരനെ നടുറോഡിൽ പൊരിവെയിലിൽ ഇറക്കി വിട്ട സംഭവത്തിൽ കണ്ടക്ടർക്കെതിരെ തുടർ നടപടികൾ വേണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കൾ. കുട്ടിയെയും മാതാപിതാക്കളെയും ബസ് കണ്ടക്ടറെയും ഉടമകളെയും ശനിയാഴ്ച ഡിവൈഎസ്പി ഓഫിസിൽ വിളിച്ചു വരുത്തി മൊഴിയെടുത്തപ്പോഴാണ് കേസ് വേണ്ടെന്നും, കണ്ടക്ടറെ താക്കീത് ചെയ്താൽ മതിയെന്നും കുട്ടിയുടെ മാതാപിതാക്കൾ അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ടക്ടറെ താക്കീത് ചെയ്ത് വിട്ടയച്ചു.
ജൂലായ് രണ്ടിന് ഉച്ചയ്ക്ക് 12.30 നായിരുന്നു കേസിനാസ്പദമായ സംഭവം. പരുത്തുംപാറ – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന റൈംസി്ംങ് സൺ ബസിലെ കണ്ടക്ടറാണ് എം.ഡി സെമിനാരി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കി വിട്ടത്. എം.ഡി കൊമേഷ്യൽ സെന്ററിനു സമീപത്തു നിന്നും ബസിൽ കയറി കുട്ടിയ്ക്ക് കോഴിചന്തയ്ക്ക് സമീപത്തെ ബസ് സ്റ്റോപ്പിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, ഇവിടെയും അനുപമ തീയറ്ററിനു സമീപത്തെ ജംഗ്ഷനിലും കു്ട്ടിയെ ഇറക്കാതിരുന്ന കണ്ടക്ടർ കുട്ടിയെ പള്ളിപ്പുറത്ത് കാവിന് സമീപത്തെ സ്റ്റോപ്പിലാണ് ഇറക്കി വിട്ടത്. തുടർന്ന് കുട്ടി ഓട്ടോറിക്ഷ വിളിച്ച് അച്ഛന്റെ സ്ഥാപനത്തിൽ ചെല്ലുകയായിരുന്നു. കുട്ടി കരയുന്നത് കണ്ട് അച്ഛൻ ഇതേ ബസിൽ കയറിയ പരുത്തുംപാറയിൽ താമസിക്കുന്ന സഹപാഠിയുടെ വീട്ടുകാരെ വിവരം അറിയിച്ചു. സഹപാഠിയായ പരുത്തുംപാറ സ്വദേശി ബസ് ഇറങ്ങിയപ്പോൾ ജംഗ്ഷനിൽ എത്തിയ വീട്ടുകാരാണ് ബസ് കണ്ടെത്തിയതും, നമ്പർ സഹിതം കുട്ടിയുടെ അച്ഛനെ വിവരം അറിയിച്ചതും. തുടർന്ന് ഇവർ ആദ്യം ആർ.ടി.ഒ്‌യ്ക്കും പിന്നീട് ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനും പരാതി നൽകുകയായിരുന്നു.
ഇതേ തുടർന്ന് ശനിയാഴ്ച കോട്ടയം ഡി.വൈ.എസ്.പിയുെട നേതൃത്വത്തിൽ കുട്ടിയുടെ മൊഴിയെടുക്കാനായി ഇവരെ വിളിച്ചു വരുത്തി. എന്നാൽ, കുട്ടിയുടെ രക്ഷിതാക്കൾ കൂടുതൽ നടപടികളിലേക്ക് പോകേണ്ടതില്ലെന് പൊലീസിനെ അറിയിക്കുയും രേഖാമൂലം ഏഴുതി നൽകുകയും ചെയ്തു. താക്കീത് ചെയ്താൽ മതിയെന്നും ഇവർ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് ബസ് ജീവനക്കാരെയും ഉടമയെയും വിളിച്ചു വരുത്തി താക്കീത് ചെയ്യുകയും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതി വയ്പ്പിക്കുകയും ചെയ്തു. റൈസിംങ് സൺ ബസിലെ കണ്ടക്ടർ കുറിച്ചി സ്വദേശി സൈജു കെ. തോമസിന്റെ ലൈസൻസാണ് ആർ.ടി.ഒ സസ്‌പെന്റ് ചെയ്തത്.