വാടക വാഹനം പണയം വച്ച് കോടികളുടെ തട്ടിപ്പ്: പ്രതികൾക്ക് സിനിമാ ബന്ധവും; കൊച്ചിയിലെ സിനിമകൾ ഓടുന്നത് കോട്ടയത്തെ തട്ടിപ്പ് സംഘത്തിന്റെ തണലിൽ; പ്രതികളുടെ ഫോൺ വിശദാംശങ്ങൾ പരിശോധിക്കുന്നു; പ്രതികളെ വിളിച്ചവരിൽ ഭരണ – പ്രതിപക്ഷ പാർട്ടിയിലെ ഉന്നതർ

വാടക വാഹനം പണയം വച്ച് കോടികളുടെ തട്ടിപ്പ്: പ്രതികൾക്ക് സിനിമാ ബന്ധവും; കൊച്ചിയിലെ സിനിമകൾ ഓടുന്നത് കോട്ടയത്തെ തട്ടിപ്പ് സംഘത്തിന്റെ തണലിൽ; പ്രതികളുടെ ഫോൺ വിശദാംശങ്ങൾ പരിശോധിക്കുന്നു; പ്രതികളെ വിളിച്ചവരിൽ ഭരണ – പ്രതിപക്ഷ പാർട്ടിയിലെ ഉന്നതർ

തേർഡ് ഐ ബ്യൂറോ
കോട്ടയം:  വാടക വാഹനങ്ങൾ പണയം വച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികൾക്ക് സിനിമാ ബന്ധവുമെന്ന് പൊലീസ്. പ്രതികൾ വാടകയ്ക്ക് എടുത്ത പതിനഞ്ചിലേറെ വാഹനങ്ങളാണ് കൊച്ചിയിലെ സിനിമാ ലൊക്കേഷനുകളിൽ സർവീസ് നടത്തുന്നത്. സിനിമാ സംഘങ്ങൾക്കു പിന്നാലെ ഗുണ്ടാ മാഫിയ സംഘങ്ങളുമായും  ജില്ലയിലെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും പ്രതികൾക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്.
കേസിലെ പ്രതികളായ വാകത്താനം പാലച്ചുവട് കടുവാക്കുഴിയിൽ കെ.എസ് അരുൺ (26) , പനച്ചിക്കാട് പൂവന്തുരുത്ത് പവർ ഹൗസ് മാങ്ങാപ്പറമ്പിൽ ജസ്റ്റിൻ വർഗ്ഗീസ് (26), മലപ്പുറം മേലാറ്റൂർ പള്ളിപ്പടി ചാലിയത്തോടിക വീട്ടിൽ അഹമ്മദ് ഇർഫാനൂൽ ഫാരിസ് (ഇർഫാൻ-21), തൃശൂർ കൂർക്കഞ്ചേരി കൊട്ടക്കത്തിൽ വീട്ടിൽ ദിലീപ് (23) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സിനിമാ സെറ്റുകളിൽ പ്രതികൾ നൽകിയ ഈ കാറുകളുടെ യഥാർത്ഥ ഉടമ ആരാണ്, എന്ത് കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ കാറുകൾ കൈമാറ്റം ചെയ്തത് തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ പൊലീസ് പരിശോധിക്കുന്നത്. കൊച്ചിയിൽ സിനിമാ സെറ്റുകളിൽ ഇത്തരത്തിൽ പതിനഞ്ചിലേറെ കാറുകൾ പ്രതികൾ വാടകയ്ക്ക് നൽകിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ വാഹനങ്ങൾ ഇപ്പോൾ കൈവശം വച്ചിരിക്കുന്നവരോട് എത്രയും വേഗം സ്റ്റേഷനിൽ എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
അറസ്റ്റിലായ നാലു പ്രതികളുടെയും ഫോൺ കോളുകളും കോൾ ഡീറ്റെയിൽസും പൊലീസ് ശേഖരിച്ചിട്ടുണ്ട്. രാഷ്ട്രീയ – ഗുണ്ടാ – മാഫിയ ബന്ധങ്ങളാണ് പ്രതികൾക്ക് തണലേകിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.  വാഹനം തട്ടിയെടുത്തത് സംബന്ധിച്ചു പൊലീസിൽ പരാതി എത്തിയാൽ ഉടൻ തന്നെ, രാഷ്ട്രീയ നേതാക്കൾ ഉടപെട്ട് കേസുകൾ ഒത്തു തീർപ്പാക്കുകയാണ് പതിവ്. ഇത് അടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിൽ ഇനി രണ്ടു പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ട്. ഇവരുടെ ഇടപാടുകൾ സംബന്ധിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2015 മുതൽ പ്രതികൾ അടങ്ങുന്ന സംഘം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. നൂറിലേറെ കാറുകളാണ് ഇതേ രീതിയിലൂടെ പ്രതികൾ വിവിധ സ്ഥലങ്ങളിൽ പണയം വച്ചിരിക്കുന്നത്. വാടകയ്ക്കെടുക്കുന്ന കാറുകൾ മാഫിയ സംഘം മറിച്ച് വാടകയ്ക്ക് നൽകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആയിരം രൂപയ്ക്ക് വാടകയ്ക്കെടുക്കുന്ന കാറുകൾ, സിനിമാ സെറ്റുകൾക്ക് 1500 മുതൽ 2000 രൂപയ്ക്ക് വരെ ദിവസ വാടകയ്ക്ക് മറിച്ചു നൽകും. ഇത്തരത്തിൽ പല കൈ മറിഞ്ഞു പോയ കാറുകളും പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്.