രാജ്കുമാറിനെ കൊലപ്പെടുത്താൻ പൊലീസിനു കൂട്ട് ജയിൽ അധികൃതരും: ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജ്കുമാറിന് ചികിത്സ നൽകാൻ ജയിൽ ജീവനക്കാർ തയ്യാറായില്ലെന്ന് മൊഴി; പീരുമേട് ജയിലിൽ പിടിമുറുക്കി ഋഷിരാജ് സിങ്; സിങ് മീശപിരിച്ചു തുടങ്ങി

രാജ്കുമാറിനെ കൊലപ്പെടുത്താൻ പൊലീസിനു കൂട്ട് ജയിൽ അധികൃതരും: ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജ്കുമാറിന് ചികിത്സ നൽകാൻ ജയിൽ ജീവനക്കാർ തയ്യാറായില്ലെന്ന് മൊഴി; പീരുമേട് ജയിലിൽ പിടിമുറുക്കി ഋഷിരാജ് സിങ്; സിങ് മീശപിരിച്ചു തുടങ്ങി

സ്വന്തം ലേഖകൻ
ഇടുക്കി: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിനെ കൊലപ്പെടുത്താൻ പീരുമേട് സബ് ജയിൽ അധികൃതരും കൂട്ടുനിന്നതായി റിപ്പോർട്ട്. ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ നിർദേശാനുസരണം ജയിൽ  ഡി.ഐ.ജി. സാം തങ്കയ്യൻ നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ജീവനക്കാരും പീരുമേട് സബ് ജയിൽ അധികൃതർക്കെതിരെ എണ്ണിയെണ്ണി മൊഴി നൽകിയത്.
രാജ്കുമാറിനെ ആശുപത്രിയിൽ കൃത്യമായി കാണിക്കാനോ, വിദഗ്ധ പരിശോധനയ്ക്കു വിധേയനാക്കാനോ ജയിൽ അധികൃതർ തയ്യാറായില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ശരിവയ്ക്കുന്ന മൊഴികളാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ലഭിക്കുന്നത്. രാജ്കുമാറിനെ കൊലപ്പെടുത്തണമെന്ന് ഉന്നത തലത്തിൽ നിന്നുള്ള നിർദേശം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന മൊഴികൾ. ഇത് പൊലീസിനൊപ്പം ജയിൽ അധികൃതരെയും പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്.
രാജ്കുമാറിനെ യൂറോളജി വിഭാഗത്തില് എത്തിച്ചപ്പോള് ആരോഗ്യ നില മോശമായ അവസ്ഥയിൽ അൾട്രാ സൗണ്ട് സ്‌കാനിംങ് അടക്കള്ള പരിശോധകൾ നിർദേശിച്ചിരുന്നതായി ഡോക്ടർമാർ പറയുന്നു. എന്നാൽ, ഈ പരിശോധനകൾക്ക് ഒന്നും വിധേയമാക്കാതെ രാജ്കുമാറിനെ ജയിൽ അധികൃതർ തിരികെ കൊണ്ടു പോകുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ചടങ്ങ് തീർക്കുന്നതു പോലെ ഡോക്ടറെ കണ്ട്  ജയിൽ ഉദ്യോഗസ്ഥർ മടങ്ങിയെന്നും ഡോക്ടർമാർ മൊഴി നൽകുന്നു.  ആന്തരിക അവയവ പരിശോധ നടത്തി തുടർ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ രാജ് കുമാറിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ഒരു വിഭാഗം ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ജൂൺ 19, 20 തീയതികളിൽ രാജ്കുമാറിനെ ചികിത്സയ്‌ക്കെത്തിച്ചെന്നായിരുന്നു പീരുമേട് ജയിൽ അധികൃതരുടെ അവകാശവാദം. ജയിലിൽ നിന്നും രാജ്കുമാറിനെ രണ്ടു ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു പീരുമേട് സബ് ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ട്.  ഇത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനായാണ് ജയിൽ ഡി.ഐ.ജി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്.  ഡെപ്യൂട്ടി സൂപ്രണ്ട് ആർ.പി രഞ്ജിൻ,കാഷ്വാൽറ്റി സൂപ്രണ്ട് രാജേഷ് കുമാർ, സംഭവ ദിവസം കാഷ്യാലിറ്റിയിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും മൊഴിയെടുത്തു.