സിസ്റ്റര്‍ സെഫിയുടെ ശിഷ്ടകാലം അട്ടക്കുളങ്ങര വനിതാ ജയിലില്‍; ഫാ.കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ മുന്തിയ സുരക്ഷയുള്ള ജയിലില്‍

സിസ്റ്റര്‍ സെഫിയുടെ ശിഷ്ടകാലം അട്ടക്കുളങ്ങര വനിതാ ജയിലില്‍; ഫാ.കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ മുന്തിയ സുരക്ഷയുള്ള ജയിലില്‍

സ്വന്തം ലേഖകന്‍

കോട്ടയം: അഭയ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷക്കപ്പെട്ട ഫാ.കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ മുന്തിയ സുരക്ഷയുള്ള സെല്ലില്‍ പാര്‍പ്പിക്കും. സി.സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റും.

ഇരട്ട ജീവപര്യന്തമാണ് ഫാ.കോട്ടൂരിന് വിധിച്ചിരിക്കുന്നത്. കൊലപാതകത്തിനും അതിക്രമിച്ചുകയറിയതിനുമാണിത്. അഞ്ച് ലക്ഷം രൂപ ഈ കുറ്റത്തിന് പിഴ അടയ്ക്കണം. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷമാണ് ശിക്ഷ. 50,000 രൂപ പിഴ അടയ്ക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.സെഫിക്ക് കൊലപാതകത്തിന് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷവുമാണ് തടവുശിക്ഷ. 50,000 രൂപ പിഴയും അടയ്ക്കണം. ശിക്ഷകളെല്ലാം ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

വാദം പൂര്‍ത്തിയായതോടെ ഇരുവരേയും ജഡ്ജി അടുത്തേക്ക് വിളിപ്പിച്ചു പറയാനുള്ള കാര്യങ്ങള്‍ കേട്ടു.
തങ്ങള്‍ നിരപരാധികളാണെന്ന് ഇരുവരും കോടതിയില്‍ പറഞ്ഞു. അര്‍ബുദ രോഗിയാണെന്നും പ്രായാധിക്യത്തിന്റെ പ്രശ്നങ്ങളുണ്ടെന്നും ഫാ.കോട്ടൂരും വൃക്ക, പ്രമേഹ രോഗങ്ങളുണ്ടെന്ന് സി.സെഫിയും പറഞ്ഞു.

കാനന്‍ നിയമപ്രകാരം വൈദികന്‍ അച്ഛനെ പോലെയാണെന്നും തനിക്ക മറ്റൊരു വിധത്തിലും കരുതാന്‍ കഴിയില്ലെന്നും സി.സെഫി പറഞ്ഞു. പ്രായമുള്ള മാതാപിതാക്കളുണ്ട്. അവരെ സംരക്ഷിക്കേണ്ടതുണ്ട്. പെന്‍ഷന്‍ മാത്രമാണ് ജീവിത മാര്‍ഗമെന്നും സി.സെഫി പറഞ്ഞു.

അഭയയുടെ സംരക്ഷിക്കേണ്ടവരാണ് കൊലപാതകം ചെയ്തിരിക്കുന്നത്. ഫാ.കോട്ടൂര്‍ അഭയയുടെ അധ്യാപകനും സി.സെഫി ഹോസ്റ്റല്‍ വാര്‍ഡനുമായിരുന്നു. അധ്യാപകന്റെ അന്തസ്സിനും പദവിക്കും ചേരാത്ത പ്രവൃത്തി ഫാ.കോട്ടൂരില്‍ നിന്നുണ്ടായി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും പ്രോസിക്യൂഷന്‍ സി.ബി.ഐ കോടതിയില്‍ വാദിച്ചു.

എന്നാല്‍ പ്രതികളുടെ പ്രായം പരിഗണിച്ച് കുറഞ്ഞ ശിക്ഷ നല്‍കണമെന്നാണ് പ്രതിഭാഗം വാദം. ഫാ.കോട്ടൂര്‍ കാന്‍സര്‍ രോഗിയാണ്. ഇരുവരും 28 വര്‍ഷമായി മാനസികമായി പീഡനം അനുഭവിക്കുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കോടതി മുറിയില്‍ വാദം നടക്കുമ്പോള്‍ കണ്ണുകള്‍ അടച്ചിരുന്ന് കേള്‍ക്കുകയായിരുന്നു സി.സെഫി. വാദം പൂര്‍ത്തിയായശേഷം പതിനഞ്ച് മിനിറ്റ് നേരത്തെ കോടതി പിരിഞ്ഞു. ശിക്ഷാവിധി കോടതി എഴുതി പൂര്‍ത്തിയാക്കിയ ശേഷമാണ് രണ്ടാമത് ചേര്‍ന്നതും ശിക്ഷാവിധി വായിച്ചതും.