സിസ്റ്റര്‍ അഭയയെ ആരും കൊന്നതല്ല, കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്ന് അഭയയുടെ ആത്മാവ്; ഒരാളുടെ വാട്‌സ് ആപ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്ന് ഫാ. മാത്യു നായ്ക്കംപറമ്പില്‍

സിസ്റ്റര്‍ അഭയയെ ആരും കൊന്നതല്ല, കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്ന് അഭയയുടെ ആത്മാവ്; ഒരാളുടെ വാട്‌സ് ആപ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്ന് ഫാ. മാത്യു നായ്ക്കംപറമ്പില്‍

സ്വന്തം ലേഖകൻ

മുരിങ്ങൂർ: ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയ ഒന്നായിരുന്നു സിസ്റ്റർ അഭയയുടെ മരണം. വിധി പറഞ്ഞ് ദിവസങ്ങൾക്ക് ശേഷവും സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും നിരവധിയാണ്.

സിസ്റ്റർ അഭയയെ ആരും കൊലപ്പെടുത്തിയതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണെന്നും മുരിങ്ങൂർ ഡിവൈൻ റിട്രീറ്റ് സെന്റർ സ്ഥാപകൻ ഫാ. മാത്യു നായ്ക്കംപറമ്പിൽ. ചെറുപ്പത്തിൽ ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് അഭയയെന്നും അതിനാൽ പുരുഷന്മാരെ കാണുമ്പോൾ പേടിയായിരുന്നെന്നും ഫാ.മാത്യു നായ്ക്കംപറമ്പിൽ പറയുന്നു.ഇക്കാര്യങ്ങൾ അഭയയുടെ ആത്മാവ് വെളിപ്പെടുത്തിയതായുള്ള ഒരാളുടെ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും ഫാദർ മാത്യൂ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അടുത്ത ദിവസങ്ങളിൽ ഒരു വാട്‌സ്ആപ്പ് വാർത്ത കണ്ടിരുന്നു. മരിച്ച സിസ്റ്റർ അഭയയെ കുറിച്ച് വന്ന വാർത്ത ഇങ്ങനെയായിരുന്നു, ഒരാളുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞ കാര്യമാണ്. എന്നെ ആരും കൊന്നതുമല്ല, ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല. ഞാൻ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പുരുഷന്മാരാൽ ദുരുപയോഗിക്കപ്പെട്ട്, പുരുഷന്മാരെ കാണുമ്പോൾ പേടി. പല ധ്യാനങ്ങൾ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാൻ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാൻ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണ്. കിണറ്റിൽ വീണ് മരിച്ചു.

അന്ന് തൊട്ട് കൊലപാതകമാണെന്നാണ് പറയുന്നത്. 28 കൊല്ലമായി ഒരാളും എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നില്ലെന്നും സിസ്റ്റർ അഭയ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു സന്ദേശമാണെന്ന് എനിക്ക് മനസ്സിലായെന്നുമാണ് ഫാ.മാത്യു നായ്ക്കംപറമ്പിൽ പറയുന്നത്.

ഇതോടെ ഈ സന്ദേശം പലർക്കും അയച്ചുകൊടുക്കാൻ താൻ നിർദേശം നൽകിയെന്നും അങ്ങനെ മഠങ്ങളിൽ സിസ്റ്റർ അഭയക്കായി പ്രാർത്ഥനകൾ നടത്തിയെന്നും മാത്യൂ പറയുന്നു.

ഫാദർ മാത്യുവിന്റെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. വിശ്വാസികളെ പറ്റിക്കുന്ന വീഡിയോയെന്ന് അഭയ ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ജോമോൻ പുത്തൻപുരയ്ക്കൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്.