എങ്കേയും എപ്പോതും സംഗീതം, സന്തോഷമായി’ ഒരേയൊരു എസ്. പി. ബി; മരിക്കാത്ത ഓർമ്മകൾക്ക് രണ്ട് വർഷം; ഇന്ത്യന്‍ സംഗീത ഹൃദയം കീഴടക്കിയ മാന്ത്രിക ശബ്ദം സംഗീത പ്രേമികളുടെ ഹൃദയത്തില്‍ വേരുറച്ചു പോയൊരു ശബ്ദവൈകാരികത തലമുറകളിലൂടെ ജീവിക്കുന്നു

എങ്കേയും എപ്പോതും സംഗീതം, സന്തോഷമായി’ ഒരേയൊരു എസ്. പി. ബി; മരിക്കാത്ത ഓർമ്മകൾക്ക് രണ്ട് വർഷം; ഇന്ത്യന്‍ സംഗീത ഹൃദയം കീഴടക്കിയ മാന്ത്രിക ശബ്ദം സംഗീത പ്രേമികളുടെ ഹൃദയത്തില്‍ വേരുറച്ചു പോയൊരു ശബ്ദവൈകാരികത തലമുറകളിലൂടെ ജീവിക്കുന്നു

ഏതു കാലത്തും യുവതലമുറയുടെ ആവേശമായി തുടര്‍ന്നിരുന്നു, എസ്. പി. ബി. പ്രായത്തിന്റെ അതിര്‍ത്തികളെ ഭേദിച്ചു മുന്നോട്ടുപോയിരുന്ന ആ ശബ്ദം എന്നേക്കുമായി നിലച്ചുപോയപ്പോള്‍, ജനപ്രിയസംഗീതത്തിന്റെ ഒരു കാലഘട്ടം കൂടിയാണ് അവസാനിച്ചത്. പറിച്ചെറിയാന്‍ ആവാത്തത്രയും വേരുറച്ചു പോയൊരു ശബ്ദവൈകാരികത. രണ്ടു വർഷം കടന്നു പോയെങ്കിലും എസ്. പി. ബി. പാട്ടുകാരന്‍ എന്ന നിലയ്ക്ക് ഇതുവരെയും ഒരു ശൂന്യതയേ ഉണ്ടാക്കിയിട്ടില്ല. അല്ലെങ്കില്‍ അതിനുള്ള സമയം ആയിട്ടില്ല. എസ്. പി. ബി. പാടിയ പാട്ടുകള്‍ ഇപ്പോഴും പലയിടങ്ങളിലായി -ഇന്റര്‍നെറ്റില്‍ നിന്നും, സ്മാര്‍ട് ഫോണുകളില്‍ നിന്നും -പാടിയൊഴുകുക തന്നെയാണ്.

ശാസ്ത്രീയാഭ്യസനം ഉണ്ടായിട്ടില്ല എന്നത് ഒരു കുറവായി ആദ്യകാലങ്ങളില്‍ സ്വയം തോന്നിയിരുന്ന ആ പാട്ടുകാരന്‍ പക്ഷെ പിന്നീട് ആ ‘കുറവിലേക്ക്’ കൂട്ടിച്ചേര്‍ത്ത രസക്കൂട്ടുകള്‍ക്ക് കണക്കില്ലാതായി. പാടിയ ജനുസ്സുകള്‍ക്ക് പരിമിതികള്‍ ഇല്ലാതായി. ആ തൊണ്ട പലപ്പോഴും ശബ്ദഭാവനകളെ പുറപ്പെടുവിക്കുന്ന ഒരു ഉപകരണം ആയി പെരുമാറി. സംഗീതത്തിന്റെ ശാസ്ത്രീയജ്ഞാനം ഭാരമായി പേറാതെ, അത് മുഴുവനായും കാണികളിലേക്ക് തുറന്നുവിട്ടു.

നാല്‍പ്പതിനായിരത്തോളം പാട്ടുകള്‍ പല ഭാഷകളിലായി അമ്പത് വര്‍ഷക്കാലം കൊണ്ട് പാടിത്തീര്‍ത്ത എസ്.പി.ബി എന്ന കലാകാരനിലേക്ക് നോക്കുമ്പോള്‍ ആ കലയില്‍ പ്രവര്‍ത്തിച്ചിരുന്ന ‘കലാതത്വം’ ഏറ്റവും ലളിതമായിരുന്നു. ജീവിതം എത്ര ഹ്രസ്വം’ എന്ന് കൂടെക്കൂടെ പറയുമായിരുന്ന ആ കലാകാരനിലുണ്ടായിരുന്ന ‘കൊച്ചു കൊച്ചു കാര്യങ്ങള്‍ ആസ്വദിക്കുക’ എന്ന ജീവിതതത്വമായിരുന്നിരിക്കണം അത്. പാടിയ പാട്ടുകളിലും, അഭിനയിച്ച മുഹൂര്‍ത്തങ്ങളിലും, സ്റ്റുഡിയോയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി നില്‍ക്കുമ്പോഴും പ്രവര്‍ത്തിച്ചിരുന്നത് അതേ അടിസ്ഥാനതത്വമാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ vocal chord -നെ സംരക്ഷിക്കുക എന്ന ജോലി ആ ഗായകന്‍ കണക്കിലെടുത്തിട്ടേ ഉണ്ടായിരുന്നില്ല. എന്തിന്! താന്‍ ഒരു ‘പാട്ടുകാരന്‍’ ആണെന്ന മഹാകാര്യത്തെ പോലും ജീവിതത്തിന്റെ ഒരു ഭാഗമായി മാത്രം ‘ചുരുക്കി’ കണ്ടിരുന്നു അപൂര്‍വ്വ കലാജന്മം ആയിരുന്നു അത്. തൊഴിലായി കാണുക, ചെയ്യുന്ന ജോലി ശ്രദ്ധയോടെ, കൃത്യമായി ചെയ്യുക എന്നതിലപ്പുറത്തേക്ക് സംഗീതത്തിന് വേണ്ടി ജീവിതചര്യകളിലൊന്നും ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. പത്തിരുപത് വര്‍ഷക്കാലം പുകവലിച്ചിരുന്ന എസ്. പി. ബി ഒരു തണുത്ത ഐസ്‌ക്രീം പോലും അതിനു വേണ്ടി ഒഴിവാക്കിയില്ല. എന്നാലും, ‘എങ്കേയും എപ്പോതും സംഗീതം, സന്തോഷമായി’ ഒരേയൊരു എസ്. പി. ബി. നമുക്കൊപ്പം ജീവിച്ചു.

എങ്കിലും പാട്ടുകളുടെ ആ നിലാവിന്, ഒരു കാലത്തിന്റെ പാട്ടുവിസ്മയത്തിന്, അതിര്‍ത്തികളില്ലാത്ത സംഗീതം ഈ ലോകത്ത് സാദ്ധ്യമാണ് തെളിയിച്ച ഗായകന് സാമീപ്യമില്ലായ്മയുടെ രണ്ടാം വാര്‍ഷികത്തില്‍ ഓര്‍മ്മയിലെ പാട്ടുകള്‍ കൊണ്ട് സ്മരണാഞ്ജലികള്‍.