സില്‍വര്‍ ലൈന്‍  പദ്ധതിക്കായുള്ള കല്ലിടല്‍ നിര്‍ത്തിയത് ജനങ്ങളുടെ വിജയം; ജനകീയ പ്രതിരോധത്തിന് മുന്നില്‍ പിണറായി മുട്ടുമടക്കിയെന്ന് വി മുരളീധരന്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടല്‍ നിര്‍ത്തിയത് ജനങ്ങളുടെ വിജയം; ജനകീയ പ്രതിരോധത്തിന് മുന്നില്‍ പിണറായി മുട്ടുമടക്കിയെന്ന് വി മുരളീധരന്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടല്‍ നിര്‍ത്തിയത് ജനങ്ങളുടെ വിജയമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ കല്ലിടല്‍ നിര്‍ത്തിയതെന്നും ജനകീയ പ്രതിരോധത്തിന് മുന്നില്‍ പിണറായി വിജയന് മുട്ടുമടക്കേണ്ടി വന്നുവെന്ന് വി മുരളീധരന്‍ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ കെ റെയിലിന് അനുമതി നല്‍കില്ല എന്ന് വ്യക്തമായതും തീരുമാനത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ റെയില്‍ കല്ലിടല്‍ പ്രതിഷേധത്തെ മറികടക്കാന്‍ നിര്‍ണ്ണായക തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിന് ഇനി മുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനം. റവന്യൂ വകുപ്പ് ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കി.

കല്ലിടലുമായി ബന്ധപ്പെട്ട വന്‍ പ്രതിഷേധങ്ങള്‍ക്കും കടുത്ത രാഷ്ട്രീയ വിവാദങ്ങള്‍ക്കും സമരക്കാരും പൊലീസുമായുള്ള നിരന്തര സംഘര്‍ഷങ്ങള്‍ക്കും പിന്നാലെയാണ് പുതിയ തീരുമാനം. കെ റെയില്‍ പ്രതിഷേധങ്ങളുടെ പ്രാഥമിക വിജയമെന്ന് പ്രതിപക്ഷം പ്രതികരിച്ചപ്പോള്‍, സര്‍വേ രീതി മാത്രമാണ് മാറുന്നതെന്നും സര്‍വേ തുടരുമെന്നും കെ റെയില്‍ വ്യക്തമാക്കി.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. സര്‍വേ രീതി മാത്രമാണ് മാറിയതെന്ന് ഇ പി ജയരാജന്‍ വിശദീകരിച്ചു. ഏതെങ്കിലും രീതിയില്‍ സര്‍ക്കാര്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. സര്‍വേ രീതി മാറിയാല്‍ പ്രതിപക്ഷം സഹകരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല പുതിയ തീരുമാനമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.