കുഞ്ഞ് ഷിയാസിന് ഇത് രണ്ടാം ജന്മം…. കളിക്കുന്നതിനിടെ കടല്‍ ഭിത്തിയിലെ കരിങ്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ എട്ട് വയസ്സുകാരനെ രക്ഷപ്പെടുത്തിയത് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ; കുട്ടിയെ പുറത്തെടുത്തത് ക്രെയിനും എക്‌സ്‌കവേറ്ററും ഉപയോഗിച്ച് കടല്‍ഭിത്തിയിലെ കൂറ്റന്‍ കല്ലുകൾ മാറ്റി
സ്വന്തം ലേഖിക
കോഴിക്കോട്: കളിക്കുന്നതിനിടെ കടല്‍ ഭിത്തിയിലെ കരിങ്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ എട്ട് വയസ്സുകാരന്‍ രക്ഷപ്പെട്ടത് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ…
മുട്ടുങ്ങല്‍ വരയന്റ തയ്യില്‍ ശാഫിയുടെയും മുബീനയുടെയും മകന്‍ ഷിയാസിനെയാണ് അഗ്‌നി രക്ഷസേനയും നാട്ടുകാരും മൂന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്. മുട്ടുങ്ങല്‍ കക്കാട്ട് കടലോരത്തെ ഭീമന്‍ കരിങ്കല്ലുകള്‍ക്കിടയിലാണ് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ തെറിച്ച് വീണ പന്ത് എടുക്കാന്‍ ഇറങ്ങിയ ഷിയാസ് കുടുങ്ങിയത്.
പന്ത് എടുത്ത് തിരികെ പുറത്തേക്ക് വരാന്‍ കുട്ടിക്ക് കഴിഞ്ഞില്ല.
കുട്ടി ഭിത്തിയിലേക്ക് ഇറങ്ങിയ കാര്യം നാട്ടുകാര്‍ വൈകിയാണ് അറിഞ്ഞത്.
തുടര്‍ന്ന് നാട്ടുകാരും അഗ്‌നി രക്ഷസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കൂറ്റന്‍ കരിങ്കല്‍ ഭിത്തിക്കിടയില്‍ കുടുങ്ങിയ കുട്ടിയെ രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
ക്രെയിനും എക്‌സ്‌കവേറ്ററും ഉപയോഗിച്ച് കടല്‍ഭിത്തിയിലെ കൂറ്റന്‍ കല്ലുകള്‍ ഒന്നൊന്നായി നീക്കം ചെയ്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കരിങ്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ കുട്ടിയുടെ തല മാത്രമെ പുറത്ത് കാണാനുണ്ടായിരുന്നത്. വടകര ആശ ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍.