നടത്തിയത് കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രിത നീക്കം…..! ഗ്രീഷ്മയെ ഇന്ന് അറസ്റ്റ് ചെയ്യും; പാറശാലയിലെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവരും; തെളിവുകള്‍ നശിപ്പിച്ചോ എന്നതിൽ വ്യക്തത വരുത്തണമെന്ന് ക്രൈം ബ്രാഞ്ച്
സ്വന്തം ലേഖിക
തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ പ്രതിയായ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
പ്രതിയെ പാറശാലയിലെ വീട്ടിലേക്ക് തെളിവെടുപ്പിന് കൊണ്ടുവന്ന ശേഷം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൊഴിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനും തെളിവുകള്‍ നശിപ്പിച്ചതിനെ കുറിച്ച് മനസിലാക്കാനുമുണ്ടെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് പറയുന്നു. ഇതിനായി ഗ്രീഷ്മയെ കസ്റ്റഡയില്‍ വാങ്ങി ചോദ്യം ചെയ്യും.
കൊല്ലണമെന്ന ഉദേശത്തോടെയാണ് ഷാരോണ്‍ രാജിനെ പ്രതി ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞു. കഷായത്തില്‍ കീടനാശിനി ചേര്‍ത്താണ് ഷാരോണിനെ ഗ്രീഷ്മ കൊന്നത്.
ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീഷ്മയെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വീട്ടിലുണ്ടായിരുന്ന കീടനാശിനി കഷായത്തില്‍ ചേര്‍ത്താണ് ഷാരോണിനെ കുടിപ്പിച്ചത്.
തുടര്‍ന്ന് വീടിനുള്ളില്‍ വച്ച് ഛര്‍ദ്ദിച്ചപ്പോള്‍ സുഹൃത്തിനൊപ്പം ഷാരോണ്‍ ഇറങ്ങി പോവുകയായിരുന്നെന്ന് ഗ്രീഷ്മ മൊഴി നല്‍കിയതായി എഡിജിപി വ്യക്തമാക്കിയിരുന്നു.
ഒരു വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നു.
ഫെബ്രുവരിയില്‍ ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. എന്നാല്‍ ഷാരോണ്‍ നിരന്തരം വിളിച്ച് വീണ്ടും ബന്ധം തുടരണമെന്ന് നിര്‍ബന്ധിച്ചു. ഇതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്ന് എഡിജിപി പറഞ്ഞു.