ഒടുവിൽ മോഹൻലാൽ ഇടപെട്ടു ; പാതിവഴിയിൽ മുടങ്ങിയ സിനിമകൾ പൂർത്തിയാക്കാൻ ഷെയ്‌ന് നിർദ്ദേശം

ഒടുവിൽ മോഹൻലാൽ ഇടപെട്ടു ; പാതിവഴിയിൽ മുടങ്ങിയ സിനിമകൾ പൂർത്തിയാക്കാൻ ഷെയ്‌ന് നിർദ്ദേശം

സ്വന്തം ലേഖകൻ

കൊച്ചി: ഒടുവിൽ ഷെയ്ൻ വിഷയത്തിൽ മോഹൻലാൽ ഇടപെട്ടു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാനും ചിത്രീകരണം പാതിവഴിയിൽ മുടങ്ങിയ വെയിൽ, കുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കാനും താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഷെയ്‌ന് നിർദേശം നൽകി. നിർദേശം അംഗീകരിച്ച ഷെയ്ൻ നിഗം ഇത് സംബന്ധിച്ച രേഖാമുലമുള്ള ഉറപ്പ് അമ്മ സംഘടനയ്ക്ക് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേർന്ന അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ആദ്യം എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തതിനു ശേഷം യോഗത്തിലേക്ക് ഷെയ്‌നെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ഷെയ്ൻ തനിക്ക് പറയാനുള്ള കാര്യങ്ങൾ യോഗത്തിൽ പറഞ്ഞു. തുടർന്നാണ് ചർച ചെയ്ത് വിഷയത്തിൽ ധാരണയിലെത്തിയത്. ഷെയ്ൻ നിഗമും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങൾ ധാരണയിലെത്തിയെന്ന് യോഗത്തിനു ശേഷം പ്രസിഡന്റ് മോഹൻലാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമ്മ സംഘടന പറയുന്ന രീതിയിൽ എല്ലാം ചെയ്യാൻ തയാറാണെന്നെ് ഷെയ്ൻ നിഗം സമ്മതിച്ചതായും മോഹൻലാൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയം അമ്മ സംഘടന ഏറ്റെടുത്തതായി സംഘടനാ നിർവാഹക സമിതിയംഗം ബാബു രാജ് പറഞ്ഞു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കും. മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗും പൂർത്തിയാക്കും. നിർമ്മാതാക്കളുമായി പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ സംസാരിക്കുമെന്നും ബാബുരാജ് പറഞ്ഞു. അമ്മ സംഘടന പറയുന്ന രീതിയിൽ പ്രശ്‌നം അവസാനിപ്പിക്കാൻ ഷെയ്ൻ നിഗം തയ്യാറാണെന്നും ഇതിനായി അമ്മ സംഘടനയെ ഷെയ്ൻ നിഗം ചുമതലപ്പെടുത്തിയെന്നും അമ്മ ജോയിന്റ് സെക്രട്ടറി സിദ്ദീഖ് യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങൾ നിർമാതാക്കളുമായി സംസാരിക്കും. അതിനു ശേഷം മാത്രമെ അന്തിമമായി പരിഹരിച്ചുവെന്ന് പറയാൻ കഴിയൂവെന്നും സിദ്ദിഖ് പറഞ്ഞു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കണമെന്നും മുടങ്ങിയ ചിത്രങ്ങളുടെ ചിത്രീകരണം എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്നും അമ്മ സംഘടന ഷെയിന് നിർദേശം നൽകി. അതിന് ഷെയ്ൻ തയാറാണെന്ന് അറിയിച്ചതായും സിദ്ദീഖ് വ്യക്തമാക്കി.

അതേസമയം, ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയിൻ ആദ്യം പൂർത്തിയാക്കട്ടേയെന്നും അതിനുശേഷം ബാക്കി ചർച്ച നടത്താമെന്നുമാണ് നിർമാതാക്കളുടെ നിലപാട്.