നമ്മുടെ സഹോദരനാണ് ജീവൻ രക്ഷിക്കണം ; വൃക്കകൾ തകരാറിലായ കെഎസ്.യു നേതാവിനായി കൊടിനിറം നോക്കാതെ കൈകോർത്തു എസ്.എഫ്.ഐ; വൃക്ക നൽകാൻ തയ്യാറായി എസ്എഫ്ഐ മുൻ ചെയർമാൻ

നമ്മുടെ സഹോദരനാണ് ജീവൻ രക്ഷിക്കണം ; വൃക്കകൾ തകരാറിലായ കെഎസ്.യു നേതാവിനായി കൊടിനിറം നോക്കാതെ കൈകോർത്തു എസ്.എഫ്.ഐ; വൃക്ക നൽകാൻ തയ്യാറായി എസ്എഫ്ഐ മുൻ ചെയർമാൻ

സ്വന്തംലേഖകൻ

കായംകുളം: രക്തം നൽകും ജീവൻ നൽകുമെന്ന മുദ്രാവാക്യം വെറുതെ വിളിക്കുന്നതല്ലെന്ന് തെളിയിച്ച് എസ്.എഫ്‌.ഐ.
രാഷ്ട്രീയത്തിൽ ഇരു ദ്രുവങ്ങളിലായിട്ടും കെ.എസ്.യു നേതാവിനുവേണ്ടി സഹായം അഭ്യർത്ഥിക്കുകയാണ് എസ്എഫ്ഐ. ഇരുവൃക്കകളും തകരാറിലായ കെ.എസ്.യു നേതാവിനെ ജീവിതത്തിലേക്കു തിരികെയെത്തിക്കാൻ കൈകോർത്തിരിക്കുകയാണ് കരുനാഗപ്പള്ളിയിലെ എസ്എഫ്ഐ പ്രവർത്തകർ. ഇരുവൃക്കകളും തകരാറിലായി ജീവനോട് മല്ലിടുന്ന കെഎസ്‌യു പ്രവർത്തകനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ വൃക്ക വാഗ്ദാനം ചെയ്ത് മുൻ എസ്എഫ്‌ഐ നേതാവ്. കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ മുൻ ചെയർമാൻ ഇ ഷാനവാസ് ഖാനാണ് റാഫിക്കു തന്റെ വൃക്ക നൽകാൻ സന്നദ്ധനാണെന്ന് അറിയിച്ചത്. ഷാനവാസിന് പുറമെ കോൺഗ്രസ് പ്രവർത്തകനായ കണ്ണൂർ സ്വദേശി രഞ്ജിത്തും തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജുവും വൃക്കദാനത്തിനു സമ്മതം അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് ശസ്ത്രക്രിയക്കും ചികിത്സയ്ക്കുമായുള്ള പണം കണ്ടെത്താൻ ഫേയ്സ്ബുക്കിലെ അഭ്യർഥനയുമായി എസ്എഫ്‌ഐ മുന്നിട്ടിറങ്ങിയത്.

 

ഇതിന് പുറമെ നേരിട്ടു പണം കണ്ടെത്താനും ശ്രമങ്ങളും തുടങ്ങിയെന്ന് എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി എസ് സന്ദീപ് പറഞ്ഞു.ജവഹര്‍ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയര്‍മാനും കായംകുളം കെ എസ് യു ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തില്‍ മുഹമ്മദ് റാഫി(22)യാണ് ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമായി ചികിത്സ തേടുന്നത്. സംഭവം അറിഞ്ഞതോടെ ഇടുക്കി എസ്എഫ്ഐ ജില്ല കമ്മിറ്റിയും കരുനാഗപള്ളി ഏരിയ കമ്മിറ്റിയും സഹായവാഗ്ദാനവുമായി രംഗത്തെത്തുകയായിരുന്നു. ഇരു കമ്മിറ്റികളും ഫേസ്ബുക്കിലൂടെ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചു. റാഫി തലയില്‍ കെ എസ് യു ബാന്‍ഡ് അണിഞ്ഞ ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.  വാടക വീട്ടിലാണ് റാഫിയുടെയും കുടുംബത്തിന്‍റെയും താമസം. ഉമ്മ റയിഹാനത്തിനെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group