മണർകാട് സ്‌റ്റേഷൻ ലോക്കപ്പിലെ ആത്മഹത്യ: സിഐയും എസ്.ഐയും രക്ഷപെട്ടു; പാവം രണ്ടു പൊലീസുകാർക്കെതിരെ നടപടി; പാറാവുകാരനും ജിഡിചാർജിനും സസ്‌പെൻഷൻ

മണർകാട് സ്‌റ്റേഷൻ ലോക്കപ്പിലെ ആത്മഹത്യ: സിഐയും എസ്.ഐയും രക്ഷപെട്ടു; പാവം രണ്ടു പൊലീസുകാർക്കെതിരെ നടപടി; പാറാവുകാരനും ജിഡിചാർജിനും സസ്‌പെൻഷൻ

സ്വന്തം ലേഖകൻ

കോട്ടയം: മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിലിയെടുത്ത പ്രതി പൊലീസ് ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്‌പെൻഷൻ. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് സംഭവത്തിൽ സി.ഐയ്ക്ക് മേൽനോട്ട വീഴ്ച വന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും സ്‌റ്റേഷൻ ഹൗസ് ഓഫിസറായ സി.ഐയ്‌ക്കെതിരെ നടപടിയില്ല. സംഭവം നടക്കുമ്പോൾ മണർകാട് സ്റ്റേഷനിലെ ജിഡി ചാർജ് ആയിരുന്ന എ.എസ്.ഐ പ്രസാദ്, സിവിൽ പൊലീസ് ഓഫിസർ സെബാസ്റ്റ്യൻ വർഗീസ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ സസ്‌പെന്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിച്ച സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാർത്ഥസാരഥി പിള്ളയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതി കസ്റ്റഡിയിൽ ഇരിക്കുമ്പോൾ ഉണ്ടാകേണ്ട ജാഗ്രതയും ശ്രദ്ധയും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌റ്റേഷൻ ഹൗസ് ഓഫിസറായ ഇൻസ്‌പെക്ടർ കെ.ഷിജിയ്ക്ക് മേൽനോട്ടത്തിൽ പിഴവുണ്ടായെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. രാവിലെ പ്രതിയായ നവാസ് സ്റ്റേഷനിൽ ഇരിക്കുന്നത് കണ്ടിട്ടം, കാര്യം അന്വേഷിച്ചില്ലെന്നും, ഇയാളെ ബന്ധുക്കൾക്കൊപ്പം വിടാൻ തയ്യാറായില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ബാത്ത്‌റൂമിലേയ്ക്കു പോകുന്നയാൾക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ കൂടി പോകണമെന്നാണ് ചട്ടം. എന്നാൽ, ഈ ചട്ടം നവാസിന്റെ കാര്യത്തിൽ പാലിക്കപ്പെട്ടിട്ടില്ല. ഇയാൾ തനിച്ചാണ് ബാത്ത്‌റൂമിൽ പോയത്. രാത്രിയിൽ സ്റ്റേഷനിൽ എത്തിക്കുന്നവരെ സെല്ലിൽ പാർപ്പിക്കണമെന്ന് ചട്ടമുണ്ട്. ഇതും പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുള്ളതായി കണ്ടെത്തിയിരിക്കുന്നത്.