ചാക്കോ മാഷിനെ ‘ കടുവ.. കടുവ ‘ എന്ന് ഇടയ്ക്കിടെ വിളിക്കുന്ന മൈന ; സ്ഫടികത്തിലെ മൈനയുടെ ശബ്ദത്തിന്റെ ഉടമ ചില്ലറക്കാരനല്ല..!

ചാക്കോ മാഷിനെ ‘ കടുവ.. കടുവ ‘ എന്ന് ഇടയ്ക്കിടെ വിളിക്കുന്ന മൈന ; സ്ഫടികത്തിലെ മൈനയുടെ ശബ്ദത്തിന്റെ ഉടമ ചില്ലറക്കാരനല്ല..!

Spread the love

തേർഡ് ഐ ന്യൂസ്‌ ബ്യൂറോ

കൊച്ചി : ആട് തോമയും കടുവാ ചാക്കോയും മലയാളി സ്ഫടികം പോലെ കൊണ്ടുനടക്കുന്ന കഥാപാത്രങ്ങളാണ്. ആ ഭദ്രൻ ചിത്രത്തിലെ ഓരോ രംഗവും തട്ടിൻപുറത്തെ ഇരുമ്പ് പെട്ടിയിലെന്ന പോലെ ഹൃദയത്തിലാണ് ഓരോ മലയാളിലും സൂക്ഷിക്കുന്നത്. ചെകുത്താൻ ലോറിയിൽ തുളസി ചാർത്തിയ സ്ഫടികവും പെങ്ങൾക്ക് കല്യാണപ്പണ്ടമായി നൽകിയ വെള്ളക്കല്ല് പതിപ്പിച്ച നെക്‌ളേസും വരെ പ്രേക്ഷക ഹൃദയത്തിലുണ്ട്. ചാക്കോ മാഷിന്റെ ഉമ്മറപ്പടിയിലെ കൂട്ടിലടച്ച മൈനയും ഇക്കൂട്ടത്തിൽപ്പെടും.

തിലകന്റെ കടുവാ ചാക്കോ എന്ന കേന്ദ്രകഥാപാത്രത്തെ നേരിട്ട് ആ പേര് വിളിക്കാൻ ധൈര്യമുള്ള ഒരാൾ മാത്രമേ സ്ഫടികം സിനിമയിലുള്ളൂ. അത് ഉമ്മറപ്പടിയിലെ കൂട്ടിൽ കിടക്കുന്ന മൈനയാണ്. ഇടക്കിടെ കടുവാ… കടുവാ.. എന്ന് വിളിക്കുന്ന ആ മൈനക്ക് ശബ്ദം നൽകിയത് ആരായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രശസ്ത മിമിക്രി കലാകാരൻ ആലപ്പി അഷ്‌റഫാണ് സ്ഫടികത്തിലെ മൈനയുടെ ശബ്ദത്തിന്റെ ഉടമ. അഷ്‌റഫ്‌ തന്നെയാണ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്ക് വച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചലച്ചിത്ര സംവിധായകൻ ആലപ്പി അഷറഫ് എഴുതുന്നു :

“സ്ഫടികം സിനിമയുടെ നൂറാം ദിവസ ആഘോഷ ത്തിൽ എനിക്കും ക്ഷണമുണ്ടായിരുന്നു. അവർ എന്നെ വേദിയിലേക്ക് വിളിച്ച് എൻ്റെ പേര് ആലേഖനം ചെയ്ത ഒരു ഷീൽഡ് നല്കി എനിക്ക് ആദരവ് തന്നു.”

എന്തിനന്നോ…

ആ സിനിമയിൽ ഞാനും ശബ്ദം നല്കിയിട്ടുണ്ട്, സ്ഫടികത്തിലെ നടീനടന്മാർക്കൊന്നുമല്ല..

പിന്നയോ.. ?

അതിലെ അതികായകനായ ചാക്കോ മാഷ്നെ

” കടുവാ കടുവാ ” എന്നു വിളിച്ചു ആക്ഷേപി ക്കുന്ന മൈനക്ക് വേണ്ടി, ആ ശബ്ദം നല്കിയിരുന്നത് ഞാനായിരുന്നു.

സ്ഫടികം റിലീസിംഗ് തിയതി നിശ്ചയിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ ഒഴിച്ചു എല്ലാവരുടെയും ഡബ്ബിംഗ് കഴിഞ്ഞിരുന്നു.

ആ സമയം ലാൽ ഇന്ത്യയിൽ ഇല്ലായിരുന്നു .

റി റിക്കാർഡിംഗിൻ്റെ അവശ്യത്തിലേക്കുള്ള ശബ്ദങ്ങൾക്കായ് അന്ന് ലാലിൻ്റെ ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്സ് ഡബ്ബ് ചെയ്തത് ഞാനായിരുന്നു.

ലാലിന് വേണ്ടി ഡബ്ബ് ചെയ്തു കൊണ്ടിരി ക്കുമ്പോൾ, മൈനയുടെ സീക്വൻസ് വന്നപ്പോൾ ഞാൻ ഒരു രസത്തിന്, അതിനുംകൂടി ശബ്ദം കൊടുത്തു.

അത് കേട്ട സംവിധായകൻ ഭദ്രൻ ആശ്ചര്യ ത്തോടെ ഒന്നുകൂടി ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ ആവർത്തിച്ചു .

മൈനക്ക് വേണ്ടിയുള്ള എൻ്റെ ആ മിമിക് ശബ്ദം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. മൈനയുടെ ശബ്ദത്തിൻ്റെ കാര്യത്തിൽ അങ്ങിനെ തീരുമാനമായ്.

സ്ഫടികം സൂപ്പർ ഹിറ്റായപ്പോൾ തമിഴിലും മൊഴിമാറ്റം നടത്തി .

അവരും എന്നെ വിളിച്ചു . ഈ കിളിയുടെ ശബ്ദം ചെയ്യാൻ, “ഇവിടെ ഇത് ചെയ്യാൻ ആളില്ല സാർ.. ”

മലയാളത്തിലെ ശബ്ദം തന്നെ ഉപയോഗിച്ചാൽ പോരെയെന്ന് ഞാൻ ചോദിച്ചു.

ഇല്ല സാർ ഇവിടെ കടുവാ എന്നല്ല പറയുന്നത് കരടി എന്നാണ്. വേറെ മാർഗ്ഗമൊന്നുമില്ല സഹായിക്കണം.

കൊച്ചിയിൽ നിന്നും രാവിലെത്തെ വിമാനത്തിൽ മദിരാശിയിൽ എത്തി , സ്ഫടികം മോഡൽ ശബ്ദ ത്തിൽ “കരടി കരടി ” എന്നു പറഞ്ഞു.

വൈകിട്ടത്തെ വിമാനത്തിൽ തിരിച്ചു വന്നു. അതിന് പ്രതിഫലമൊന്നും സ്വീകരിച്ചുമില്ല.