
തൃശൂർ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
മലപ്പുറം വളാഞ്ചേരി വലിയക്കുന്ന് സ്വദേശി ചോലയില്‍ വീട്ടില്‍ മുഹമ്മദ് റിഹാസിനെയാണ് (25) പോലീസ് സംഘം പിടികൂടിയത്. മലപ്പുറത്തെ കൂട്ടിക്കലത്താണിയില്‍ നിന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ വിയ്യൂര്‍ പോലീസ് വലയിലാക്കിയത്.
കഴിഞ്ഞ 2025 മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷെയര്‍ചാറ്റ് വഴി യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, പിന്നീട് യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ഇവ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു യുവതിക്കെതിരെ തുടര്‍ച്ചയായി ലൈംഗികാതിക്രമം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീഷണി ഭയന്ന് വിവരം പുറത്തുപറയാതിരുന്ന യുവതി, ഒടുവില്‍ സഹികെട്ട് വിയ്യൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം ആരംഭിച്ചത്.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മലപ്പുറം ജില്ലയിലെ കൂട്ടിക്കലത്താണിയില്‍ പ്രതിയുണ്ടെന്ന സൂചന ലഭിക്കുന്നത്. തുടര്‍ന്ന് വിയ്യൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മലപ്പുറത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി മുഹമ്മദ് റിഹാസിനെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.







