
വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
സൈബർ തട്ടിപ്പുകളും സ്പാം സന്ദേശങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തില്‍, അപരിചിത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങളെക്കുറിച്ച് ഉപയോക്താക്കളെ മുൻകൂട്ടി ജാഗ്രതപ്പെടുത്തുന്ന പുതിയ സുരക്ഷാ സംവിധാനം ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രത്യേക മുന്നറിയിപ്പ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ഒരു ഉപയോക്താവിന് സേവ് ചെയ്യാത്ത ഫോണ്‍ നമ്പറില്‍ നിന്ന് സന്ദേശം ലഭിക്കുമ്പോള്‍, ആ ചാറ്റ് തുറക്കുന്നതിന് മുമ്പ് പ്രത്യേക മുന്നറിയിപ്പ് സന്ദേശം വാട്സ്ആപ്പ് പ്രദർശിപ്പിക്കും. ഇതിലൂടെ ആ നമ്പറിന്റെ വിശ്വാസ്യതയെക്കുറിച്ച് ഉപയോക്താവിന് പ്രാഥമിക ധാരണ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
പുതിയ മുന്നറിയിപ്പ് സന്ദേശത്തില്‍ ആ ഫോണ്‍ നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്ന രാജ്യം, ആ നമ്പർ കോണ്ടാക്ട് ലിസ്റ്റില്‍ സേവ് ചെയ്തിട്ടുണ്ടോ എന്ന വിവരം, കൂടാതെ അയച്ചയാളുമായി ഏതെങ്കിലും പൊതു ഗ്രൂപ്പുകള്‍ പങ്കിടുന്നുണ്ടോ എന്ന വിവരവും ഉള്‍പ്പെടും. ഇതോടൊപ്പം, “തട്ടിപ്പുകാർ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, പാസ്വേഡുകള് എന്നിവ കൈക്കലാക്കാനോ പണം അയയ്ക്കാൻ പ്രേരിപ്പിക്കാനോ ശ്രമിച്ചേക്കാം” എന്ന തരത്തിലുള്ള സുരക്ഷാ മുന്നറിയിപ്പും പ്രദർശിപ്പിക്കപ്പെടും.
മുന്നറിയിപ്പ് പരിശോധിച്ച ശേഷം ഉപയോക്താവിന് ചാറ്റ് തുടരാനോ അതില്‍ നിന്ന് പിന്മാറാനോ തിരഞ്ഞെടുക്കാം. ഉപയോക്താവ് എന്ത് തീരുമാനമാണ് എടുത്തതെന്ന് സന്ദേശം അയച്ച വ്യക്തിയെ അറിയിക്കില്ല. അതിനാല്‍ സുരക്ഷിതമായി തീരുമാനമെടുക്കാൻ ഈ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
സമീപകാലത്ത് ഓണ്‍ലൈൻ തട്ടിപ്പുകള്‍, വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍, നിക്ഷേപ തട്ടിപ്പുകള്‍, ബാങ്കിംഗ് തട്ടിപ്പുകള്‍ തുടങ്ങിയവ വാട്സ്ആപ്പിലൂടെ വ്യാപകമായി നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാൻ പുതിയ മുന്നറിയിപ്പ് ഫീച്ചർ സഹായിക്കുമെന്നാണ് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടെ, വാട്സ്ആപ്പിനായി മറ്റ് ചില പുതിയ ഫീച്ചറുകളും മെറ്റ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഹോം സ്ക്രീനില്‍ നേരിട്ട് സ്ഥാപിക്കാവുന്ന പ്രത്യേക വോയ്സ് നോട്ട് വിഡ്ജറ്റും, ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ‘വ്യൂ വണ്‍സ്’ ടെക്സ്റ്റ് സന്ദേശ സംവിധാനവും പരീക്ഷണ ഘട്ടത്തിലാണെന്നാണ് സൂചന. ഉപയോക്തൃ അനുഭവം കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായി മാറ്റുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ അപ്ഡേറ്റുകള് എത്തുന്നത്.







