
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 7 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.
അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലമായി തുടരുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം വൈകുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂണ്‍ തുടക്കത്തില്‍ കാലവര്‍ഷം സജീവമാകാനാണ് സാധ്യത. അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി പടിഞ്ഞാറന്‍ കാറ്റിന്റെ കേരളത്തിലേക്കുളള സഞ്ചാരത്തിന് വിഘാതമായി. ഇത് ദുര്‍ബലമാവുകയോ പടിഞ്ഞാറേക്ക് നീങ്ങുകയോ ചെയ്താലേ കാലവര്‍ഷം കേരളത്തിലേക്ക് എത്താനുളള സാഹചര്യമൊരുങ്ങുകയുളളു.






