ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങി നല്‍കിയ ഫോണ്‍ വഴി പരിചയപ്പെട്ടു; പ്രണയം നടിച്ച്‌ പതിനാലുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങി നല്‍കിയ ഫോണ്‍ വഴി പരിചയപ്പെട്ടു; പ്രണയം നടിച്ച്‌ പതിനാലുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ

കിളിമാനൂര്‍: സാമൂഹ്യമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പ്രണയം നടിച്ച്‌ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.

വിഴിഞ്ഞം കോട്ടുകാല്‍ മാങ്കോട്ടുകോണം, എസ്.ഡി ഭവനില്‍ നന്ദു എന്ന അബി സുരേഷാണ് (21) നഗരൂര്‍ പൊലീസിൻ്റെ പിടിയിലായത്. ന​ഗരൂര്‍ എസ്.എച്ച്‌.ഒ ഷിജു, സീനിയര്‍ സി.പി.ഒ മാരായ അജിത്ത്, പ്രതീഷ്, ഡ്രൈവര്‍ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ വിഴിഞ്ഞത്തും മറ്റും കൊണ്ടുപോയി പലതവണ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. തുടര്‍ന്നാണ് ന​ഗരൂര്‍ സ്റ്റേഷനില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിക്ക് വീട്ടുകാര്‍ ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങിനല്‍കിയ ഫോണ്‍ വഴിയാണ് പ്രതി പരിചയപ്പെട്ടത്. അബിയുടെ നിരന്തര നിര്‍ബന്ധത്തിന് വഴങ്ങി കുട്ടി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച്‌ പലസ്ഥലങ്ങളിലും ഇയാളോടൊപ്പം പോകാന്‍ തുടങ്ങി.

പലപ്പോഴും ഏറെ വൈകി തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരെ വിവരമറിയിച്ചു.

സ്കൂളില്‍ നടത്തിയ കൗണ്‍സലിംഗിലും അസ്വാഭാവികത തോന്നിയതോടെ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും പെണ്‍കുട്ടിയെ സ്കൂള്‍ അധികൃതര്‍ തിരുവനന്തപുരത്തുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാക്കുകയുമായിരുന്നു.

ഇവിടെ നിന്ന് കരമനയിലുള്ള മറ്റൊരു സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയുടെ മൊഴി അവിടെയെത്തി നഗരൂര്‍ പൊലീസ് രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

പ്രതിയെ ആറ്റിങ്ങല്‍ പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.