ഈ നാട് നമ്മുടെ കുട്ടികളോട് ഇങ്ങനെ: ബാലപീഡനത്തിലും കേരളം നമ്പർ വൺ; ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കിൽ കേരളം ഒന്നാമത്

ഈ നാട് നമ്മുടെ കുട്ടികളോട് ഇങ്ങനെ: ബാലപീഡനത്തിലും കേരളം നമ്പർ വൺ; ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കിൽ കേരളം ഒന്നാമത്

ക്രൈം ഡെസ്‌ക്

കോഴിക്കോട്: കേരളത്തിൽ നിന്നും ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ നമ്മൾ മലയാളികളെ നാണിപ്പിക്കുന്നതാണ്. സാക്ഷരമെന്ന് അഭിമാനിച്ചിരുന്ന കേരളം ഇന്ന് നാണംകെട്ട് മൂക്കിൽ വിരൽ വച്ചിരിക്കുന്നു.
ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് അടക്കം അഭിമാനകരമായ നേട്ടം കൊയ്ത കേരളം ഇന്ന് ഏറെ അപമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. തലയിൽ മുണ്ടിട്ടു മാത്രമേ ഈ അപമാനത്തിന്റെ ട്രോഫി ഏറ്റുവാങ്ങാൻ ഓരോ മലയാളിക്കും പോകാനാവൂ.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം കുട്ടികൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പീഡനകേന്ദ്രമാകുന്നു. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തു വിട്ട കണക്കുകൾ പ്രകാരം നമ്മുടെ ഈ കൊച്ചു കേരളത്തിലെ 21 ശതമാനം പെൺകുട്ടികളും ഏതെങ്കിലും വിധത്തിലുള്ള ലൈംഗിക പീഡനത്തിനു ഇരയാകുന്നുണ്ട്. ഇത്തരം പീഡനത്തിനിരയാകുന്ന പെൺകുട്ടികളുടെ പ്രായം കേട്ടാൽ ആരും ഞെട്ടും. ഇവരെല്ലാവരും പന്ത്രണ്ട് വയസിൽ താഴെ പ്രായമുള്ളവരാണ്. കേട്ടാൽ അറയ്ക്കുന്ന ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായ കുരുന്നുകളുടെ പ്രായം രണ്ടു വയസുമുതലുണ്ടെന്നാണ് ഏറെ ഞെട്ടിക്കുന്നത്.

കണക്കുകൾ
കള്ളം പറയില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കിൽ കേരളം പെൺകുട്ടികൾക്ക് അത്ര സുരക്ഷിതമായ സംസ്ഥാനമല്ല. ഈ കണക്കുകൾ ഏതൊരു മാതാവിനെയും, പിതാവിനെയും രാജ്യത്തിന്റെ ഭരണം നടത്തുന്നവരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. പന്ത്രണ്ടു വയസിൽ താഴെയുള്ള 21 ശതമാനം പെൺകുട്ടികളും ഏതെങ്കിലും രീതിയിലുള്ള ലൈംഗിക അതിക്രമങ്ങൾക്കു ഇരയാകുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരള പൊലീസിലും, ചൈൽഡ് ലൈനിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന കണക്കുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഇത്തരത്തിൽ ഒരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. നിയമപാലന സംവിധാനങ്ങൾക്കു മുന്നിലെത്താതെ പോകുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ തന്നെയുണ്ടെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത.
കഴിഞ്ഞ വർഷം ബലാത്സംഗങ്ങളിൽ നിന്നു രക്ഷപെട്ട കുട്ടികളുടെ എണ്ണം മാത്ര 785 ആണെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്. 2016 ൽ ഇത് 21 ശതമാനമായിരുന്നത്, ഇത്തരവണ രണ്ടു ശതമാനം വർധിച്ചിട്ടുണ്ട്. ആറു വയസിൽ താഴെ പ്രായമുള്ള 42 കുട്ടികൾ കഴിഞ്ഞ വർഷം ബലാത്സംഗത്തിനു ഇരയായപ്പോൾ, പന്ത്രണ്ടു വയസുവരെ പ്രായമുള്ള 146 കുട്ടികൾ ബലാത്സംഗത്തിൽ നിന്നു കഷ്ടിച്ചു രക്ഷപെട്ടു. 2016 ൽ പന്ത്രണ്ടിനും 18 നും ഇടയിൽ പ്രായമുള്ള 276 കുട്ടികളാണ് ഈ കൊച്ചു കേരളത്തിൽ ബലാത്സംഗത്തിനു ഇരയായത്. 2017 ൽ ഈ അതിക്രമങ്ങളുടെ എണ്ണം 325 ആയി വർധിച്ചു. 16 നും 18 നും ഇടയിൽ പ്രായമുള്ള 412 കുട്ടികളും കഴിഞ്ഞ വർഷം ബലാത്സംഗത്തിനു ഇരയായിട്ടുണ്ട്.
കേരളത്തിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത ആകെയുള്ള ബലാത്സംഗങ്ങളിൽ 25 ശതമാനത്തിനും ഇരയായിരിക്കുന്നത് പന്ത്രണ്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികളാണ്. 2016 ൽ മാത്രം പ്രായപൂർത്തിയാകാത്ത 876 കുട്ടികളാണ് സംസ്ഥാനത്ത് ബലാത്സംഗത്തിനു ഇരയായത്.

ഇരയാക്കപ്പെടുന്നവരിൽ
ആൺ കുട്ടികളും

ലൈംഗിക അതിക്രമങ്ങളുടെ പട്ടിക നിരത്തുമ്പോൾ തങ്ങളുടെ ആൺ കുട്ടികൾ സുരക്ഷിതരാണല്ലോ എന്ന് മാതാപിതാക്കൾ ആശ്വസിക്കേണ്ട. സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോഴടക്കം, ആൺകുട്ടികൾ ലൈംഗിക അതിക്രമത്തിനു ഇരയാക്കപ്പെട്ടതിന്റെ ഞെട്ടിക്കുന്ന കണക്കുകളും ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പക്കലുണ്ട്. 2016 ൽ 187 ആൺകുട്ടികളാണ് കേരളത്തിൽ ലൈംഗിക അതിക്രമത്തിനു ഇരയായത്. 2017 ൽ ഇത് 232 ആയും, ഈ വർഷം ആദ്യ നാലു മാസത്തിനിടെ തന്നെ ഇത് 97 ആയും വർധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കുട്ടികൾക്കു നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമത്തിന്റെ രണ്ടു ശതമാനം ഇരയാക്കപ്പെടുന്നത് ആൺകുട്ടികളാണെന്നതും ഞെട്ടിപ്പിക്കുന്ന വിവരമാണ്. ഓരോ വർഷവും ഈ ശതമാനക്കണക്ക് വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.

കുടുംബത്തിൽ
കാത്തിരിക്കുന്ന
കഴുകൻമാർ

പന്ത്രണ്ടു വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ ലൈംഗിക പീഡനങ്ങൾക്കും, ബലാത്സംഗങ്ങൾക്കു ഇരയാക്കുന്നതിൽ 70 ശതമാനവും അടുത്ത ബന്ധുക്കൾ തന്നെയാണ്. രണ്ടാനച്ഛനോ, വീട്ടിൽ അമിതമായി സ്വാതന്ത്ര്യമുള്ള ബന്ധുവോ ആവും പലപ്പോഴും കേസിൽ പ്രതിസ്ഥാനത്ത് വരിക. പതിനഞ്ചു ശതമാനം കേസുകളിലും അറസ്റ്റിലായിരിക്കുന്നത് അയൽവാസികളാണ്. കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന ഓട്ടോ ഡ്രൈവർമാരും, അധ്യാപകരും, കായിക പരിശീലനകരും പ്രതികളായ സംഭവങ്ങളും കുറവല്ല.
കുട്ടികളെ പീഡിപ്പിക്കുന്ന കാര്യത്തിൽ മതസൗഹാർദവും കേരളത്തിലുണ്ട്. കഴിഞ്ഞ വർഷം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവുവുമായി ബന്ധപ്പെട്ട് രണ്ടു ക്രൈസ്തവ വൈദികർ അറസ്റ്റിലായപ്പോൾ, നാല് ക്ഷേത്ര പൂജാരിമാരും, മൂന്നു മുസ്ലീം മത പണ്ഠിതൻമാരും അറസ്റ്റിലായി റിമാൻഡിലായിട്ടുണ്ട്.

വില്ലൻ അമ്മയുടെ കാമുകൻ
പീഡിപ്പിച്ചത് മദ്യം നൽകി മയക്കി

ക്ലാസിലിരുന്ന ഉറക്കം, എന്തെങ്കിലും ചോദിച്ചാൽ പൊട്ടിക്കരയും, കളിയില്ല, ചിരിയില്ല. ഏഴാം ക്ലാസുകാരിയിലെ ഈ മാറ്റം ആദ്യം ശ്രദ്ധിച്ചത് ക്ലാസ് ടീച്ചറായിരുന്നു. ടീച്ചർ ആവളെ സ്റ്റാഫ് റൂമിൽ വിളിച്ചു വരുത്തി കാര്യങ്ങൾ തിരക്കി.

”എന്താ മോളേ പ്രശ്നം”
”മൂത്രമൊഴിക്കുമ്പോൾ വേദനയാണ് ടീച്ചറേ…”
”വീട്ടിൽ പോയി അമ്മയോട് പറഞ്ഞ് നല്ല ഡോക്ടറെ കാണണേ..”

ടീച്ചർ പറഞ്ഞതോടെ കുട്ടി പൊട്ടിക്കരഞ്ഞു. അമ്മയുടെ വാത്സല്യത്തോടെ ടീച്ചർ കുട്ടിയെ അരികിലിരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
അച്ഛൻ മരിച്ചതിനു ശേഷം അമ്മയ്ക്കു കൂട്ടിനെത്തിയ ലോറി ഡ്രൈവറാണ് കഥയിലെ വില്ലൻ. അമ്മ ഉറങ്ങിയതിനു ശേഷം എന്നും രാത്രിയിൽ ഇയാൾ കുട്ടിയുടെ അടുത്തെത്തും. ബലമായി മദ്യം വായിലൊഴിച്ചു കൊടുക്കും. രാത്രിയിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കും. അമ്മയോടു പറയുമെന്നു പറഞ്ഞതിനു പിറ്റേന്ന് രാവിലെ അമ്മയെ തൊഴിച്ച് താഴെയിട്ടു. ഭയന്നു പോയ കുട്ടി ഒന്നും പറഞ്ഞില്ല. ഒരാഴ്ച നീണ്ടു നിന്ന പീഡനങ്ങൾക്കൊടുവിലാണ് കുട്ടി എല്ലാം ടീച്ചറോടു തുറന്നു പറഞ്ഞത്. ടീച്ചർ അറിയിച്ചതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ സ്‌കൂളിലെത്തി കുട്ടിയെ കൗൺസിലിംഗിനു വിധേയനാക്കി. അമ്മയുടെ കാമുകനായ രണ്ടാനച്ഛനെ പിടികൂടി പത്തംനംതിട്ട സബ്ജയിലിൽ അടച്ചു. കുട്ടി പത്തനംതിട്ടയിലെ ഒരു അഭയകേന്ദ്രത്തിൽ സന്തോഷമായി കഴിയുന്നു.

ആ അങ്കിൽ
ആളു ശരിയല്ല

ആറാം ക്ലാസുകാരനെ എന്നും സ്‌കൂളിലേയ്ക്കു കൊണ്ടു പോകുന്നതും, തിരികെ കൊണ്ടുവരുന്നതും അയൽവാസിയായ അങ്കിളായിരുന്നു. ആറു കിലോമീറ്റർ അകലെയുള്ള സ്‌കൂളിലേയ്ക്കു കുട്ടിയെ എന്നും ബസിലാണ് കൊണ്ടു പോയിരുന്നത്. അൻപതിനടുത്തു പ്രായമുള്ള പഴയ പട്ടാളക്കാരനായിരുന്നു ആ അങ്കിൾ. തിരക്കേറിയ ബസിൽ എന്നും, കുട്ടിയെ അങ്കിൾ മടിയിലിരുത്തും. പല ദിവസങ്ങളിലും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി, ഒരു ദിവസം അമ്മയോടു തുറന്നു പറഞ്ഞു ആ അങ്കിൽ ആളു ശരിയല്ല. പക്ഷേ, സ്‌കൂളിൽ കുട്ടിയെ വിടാനുള്ള എളുപ്പം കണക്കിലെടുത്ത് അമ്മ മകന്റെ പരാതി അത്രകാര്യമാക്കിയെടുത്തില്ല. അതു മാത്രമല്ല, പെൺകുട്ടിയല്ലല്ലോ, ആൺകുട്ടിയല്ലേ. എന്ത് സംഭവിക്കാൻ. ദിവസങ്ങൾ കഴിയുന്തോറും കുട്ടിയ്ക്കു ആണുങ്ങളെ പേടിയായി തുടങ്ങി. പുരുഷ അധ്യാപകർ ക്ലാസിലെത്തുമ്പോൾ ഇറങ്ങിയോടാനും, കരയാനും തുടങ്ങി. ഇതോടെയാണ് സ്‌കൂളിലെ സൈക്കോളജിസ്റ്റിനു മുന്നിലേയ്ക്കു കുട്ടിയെ എത്തിക്കുന്നത്. ഇതോടെയാണ് അങ്കിളിന്റെ സ്നേഹപ്രകടനം പുറത്തറിഞ്ഞത്. അങ്കമാലി പൊലീസ് ഈ അങ്കിളിനെ പിടികൂടി റിമാൻഡ് ചെയ്തു. നിരന്തരം കൗൺസിലിംഗിനു വിധേയനായ കുട്ടി തന്റെ ജീവിതം തിരികെ പിടിക്കുകയും ചെയ്തു.

സ്‌കൂളിലെ സൗഹൃദം
പ്രണയമാകണം
ലൈംഗികത തെറ്റല്ല:
പഠിപ്പിച്ച്ത് നാടക പരിശീലകൻ

യുവജനോത്സവത്തിൽ സമ്മാനം നേടാനാണ് കൊച്ചുമകളെ ആ അമ്മൂമ്മ നാടക പരിശീലകന്റെ അടുത്ത് എത്തിച്ചത്. മകനും ഭാര്യയും വിദേശത്ത്. ആവശ്യകത്തിനു പണം. എട്ടാം ക്ലാസിൽ പഠിക്കുന്ന കൊച്ചുമകൾ പറയുന്നത് എന്തും അ അമ്മൂമ്മ സാധിച്ചു കൊടുക്കും. അങ്ങിനെയാണ് കോട്ടയം നഗരമധ്യത്തിലുള്ള നാടക പരിശീലകന്റെ അടുത്ത് അമ്മൂമ്മ മകളെ എത്തിക്കുന്നത്. സ്‌കൂളുകളിൽ കൗൺസിലിംഗും, പ്രസംഗവും അല്ലറ ചില്ലറ നാടകവുമായി നടക്കുന്ന വ്യക്തിയ്ക്കു പെൺകുട്ടിയുടെ അച്ഛന്റെ പ്രായമുള്ളതിനാൽ ആരും കാര്യമായി സംശയിക്കുകയുമില്ല. പരിശീലനം രണ്ടാഴ്ച കഴിഞ്ഞതോടെ ആളുടെ മട്ടുമാറി. സഹപാഠിയായ ആൺകുട്ടിയുമായി പെൺകുട്ടിയ്ക്കു നല്ല സൗഹൃദം. ഇത് പ്രണയമാണെന്നും, ലൈംഗികമായ അടുപ്പം ഇരുവരും തമ്മിലുണ്ടാകണമെന്നും നാടക പരിശീലകൻ പെൺകുട്ടിയെ പഠിപ്പിച്ചു. ഇത് തെളിയിക്കാൻ ഭാര്യയുമായി പെൺകുട്ടിയുടെ മുന്നിൽ വച്ച് ലൈംഗികതയിൽ ഏർപ്പെടുകയും, ഇതെല്ലാം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഫോൺ അറ്റകുറ്റപണിക്കായി നഗരത്തിലെ ഒരു മൊബൈൽ ഷോപ്പിൽ നൽകിയതോടെയാണ് പരിശീലകന്റെ തനിനിറം പുറത്തായത്. ഷോപ്പിൽ നിന്നും വിവരം കൃത്യമായി പൊലീസിനു കൈമാറി. നാടക പരിശീലകൻ പൊലീസിന്റെ പിടിയിലുമായി.

മകൾ ഗർഭിണിയായി
ഒൻപത് മാസവും
അമ്മ മാത്രം അറിഞ്ഞില്ല

അയൽവാസിയായ കാമുകനിൽ നിന്നു ഗർഭിണിയായ വിവരം പതിനാറുകാരിയായ മകൾ അമ്മയിൽ നിന്നു മറച്ച് വച്ചത് ഒൻപതു മാസം. വയറു വേദന അനുഭവപ്പെട്ട മകളെ ഒൻപതാം മാസ്ം പ്രദേശത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ മാത്രമാണ് മകൾ ഗർഭിണിയാണെന്നു അമ്മയറിഞ്ഞത്. ഗർഭിണിയാണെന്ന് അമ്മ അറിയാതിരിക്കാൻ, എല്ലാ മാസവും കൃത്യമായി അമ്മയെക്കൊണ്ടു സാനിറ്ററി നാസ്‌കിൻ വാങ്ങിപ്പിക്കുമായിരുന്നു മകൾ. ഇത് ആരും അറിയാതെ അടുക്കളയുടെ പിന്നാമ്പുറത്തിട്ട് കത്തിച്ചും കളഞ്ഞിരുന്നു.
ആറു മാസം മുൻപ് കോട്ടയം ജില്ലയിലെ മലയോര മേഖലയിലായിരുന്നു സംഭവം. ഓട്ടോഡ്രൈവറായ കാമുകനും പെൺകുട്ടിയും പല ദിവസങ്ങളിലും രാത്രിയിൽ വീടിനുള്ളിൽ വച്ച് കണ്ടു മുട്ടുമായിരുന്നു. ഇത്തരത്തിലുള്ള ബന്ധത്തിലൂടെയാണ് പെൺകുട്ടി ഗർഭിണിയായത്. ഗർഭിണിയായെന്ന വിവരം കുട്ടി കാമുകനോടു പോലും പറഞ്ഞിരുന്നില്ല. വയർ അറിയാതിരിക്കാൻ വസ്ത്രങ്ങൾ ലൂസാക്കിയാണ് ധരിച്ചിരുന്നതു പോലും. ഒടുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കാമുകൻ റിമാൻഡിലായി.

ദുരുപയോഗവും
കുറവല്ല

പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് (പോക്സോ) നിയമം ദുരുപയോഗം ചെയ്യുന്നവരും കുറവല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിവാഹമോചനക്കേസുകളിൽ ഭർത്താക്കൻമാർക്കെതിരെ ഉപയോഗിക്കുന്നതിനുള്ള പ്രധാന ആയുധമാണ് ഇപ്പോൾ കുട്ടികൾക്കെതിരായ ലൈംഗിക പീഡനക്കേസുകൾ. കൃത്യമായ വിവരങ്ങൾ സ്വയം പറയാനാവാത്ത കുട്ടികളെ പീഡിപ്പിക്കുന്ന കേസുകളിൽ മാതാവിന്റെ മൊഴിയും, സാഹചര്യത്തെളിവുകളുമാണ് നിർണ്ണായകമാകുക. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിലെ ഉന്നതർ തന്നെ സമ്മതിക്കുന്നത്. പോക്സോ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഇത്തരം ജാഗ്രത പാലിക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി തന്നെ നിർദേശം നൽകിയിട്ടുമുണ്ട്.

തകരുന്ന കുടുംബം
തളരുന്ന കുട്ടികൾ

കുടുംബ ബന്ധങ്ങളിലെ താളപ്പിഴകളാണ് പലപ്പോഴും കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽ ഇരയാക്കുന്നത്. ലൈംഗിക അതിക്രമങ്ങൾക്കു ഇരയായ വിവരം കുട്ടികൾ പലപ്പോഴും തുറന്ന് പറയുന്നത് അധ്യാപകരോടോ, ചൈൽഡ് ലൈൻ കൗൺസിലർമാരോടോ ആണ്. വീട്ടിൽ കുട്ടികൾക്കു വേണ്ട സ്വാതന്ത്ര്യം ലഭിക്കാതെ വരുന്നതോടെയാണ് ഇത്തരത്തിൽ കുട്ടികൾക്കു തുറന്നു പറയാനാവാതെ വരുന്നത്. കുട്ടികൾക്കു സ്വതന്ത്രമായി സംസാരിക്കാനും, മാതാപിതാക്കൾ കൂട്ടുകാരാണെന്നുമുള്ള അവസരം ഉണ്ടാകണം. എങ്കിൽ മാത്രമേ ഇത്തരം അതിക്രമങ്ങൾ കുറയ്ക്കാനാവൂ.

യു.മേരിക്കുട്ടി
ചെയർപേഴ്സൺ
ചൈൽഡ് വെൽഫെയർകമ്മിറ്റി
കോട്ടയം ജില്ല

കുട്ടികളെ എങ്ങിനെ
സുരക്ഷിതരാക്കാം

മാതാപിതാക്കളും കുട്ടികളുമായി നല്ല സൗഹൃദം സൃഷ്ടിക്കുക.
വീട്ടിലെയും, നാട്ടിലെയും, സ്‌കൂളിലെയും സംഭവങ്ങൾ എന്നും വീട്ടിലെത്തി പറയുന്ന ശീലം ചെറുപ്പത്തിൽ തന്നെ ഉണ്ടാകുക.
അപരിചിതരുമായി അടുപ്പം ഉണ്ടാക്കാതിരിക്കാനും, കൃത്യമായ അകലം പാലിക്കാനും ശ്രദ്ധിക്കുക.
അനാവശ്യമായി ശരീരത്തിൽ തൊടാൻ ശ്രമിച്ചാൽ തടയാൻ പഠിപ്പിക്കുക.
ബന്ധുക്കളാണെങ്കിലും അനാവശ്യമായ സ്പർശനങ്ങൾ ഒഴിവാക്കുക.
പ്രായത്തിനു അനുസരിച്ചുള്ള ലൈംഗിക വിദ്യാഭ്യാസം മാതാപിതാക്കൾ തന്നെ നൽകുക.
കുട്ടിയെ കൃത്യമായി ശ്രദ്ധിക്കുക. ഇവരുടെ ചലനങ്ങൾ, സംസാരം, പ്രവർത്തനം ഇവ കൃത്യമായി വിലയിരുത്തുക.

കുട്ടികൾക്കെതിരായ
കുറ്റകൃത്യങ്ങളിൽ
വൻ വർധനവ്

കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാനത്ത് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വൻ വർധനവുണ്ടായതായി സംസ്ഥാന പൊലീസിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. 2008 ൽ 549 കേസുണ്ടായിരുന്നത് 2016 ൽ 2881 ആയി വർധിച്ചു. 2017 ൽ 3478 കേസുകളാണ് കുട്ടികൾക്കെതിരായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.

കണക്ക് ഇങ്ങനെ

2008 – 549
2009 – 589
2010 – 596
2011 – 1452
2012 – 1324
2013 – 1877
2014 – 2391
2015 – 2384
2016 – 2881
2017 – 3478

കുട്ടികളെ പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയ സംഭവങ്ങളും പത്തു വർഷത്തിനിടെ നാലിരട്ടിയായി വർധിച്ചിട്ടുണ്ട്.

2008 – 215
2009 – 235
2010 – 208
2011 – 423
2012 – 455
2013 – 637
2014 – 754
2015 – 720
2016 – 958
2017 – 1101

പെൺകുട്ടികളെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ച സംഭവങ്ങൾ

2008 – 13
2009 – 14
2010 – 6
2011 – 9
2012 – 10
2013 – 15
2014 – 4
2015 – 3
2016 – 3
2017 – 2