ഉള്ളതെല്ലാം വിറ്റുപറുക്കി നല്ലൊരു ഭാവി ജീവിതമുറപ്പാക്കാന്‍ കാനഡയിലെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ ഗതി കേരളത്തിലെത്തുന്ന ബംഗാളി തൊഴിലാളികളുടേതിനേക്കാള്‍ കഷ്ടം; കടുത്ത മാനസിക സംഘര്‍ഷത്താല്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകൾ പുറത്ത്

ഉള്ളതെല്ലാം വിറ്റുപറുക്കി നല്ലൊരു ഭാവി ജീവിതമുറപ്പാക്കാന്‍ കാനഡയിലെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ ഗതി കേരളത്തിലെത്തുന്ന ബംഗാളി തൊഴിലാളികളുടേതിനേക്കാള്‍ കഷ്ടം; കടുത്ത മാനസിക സംഘര്‍ഷത്താല്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകൾ പുറത്ത്

സ്വന്തം ലേഖകൻ

തിരുവുനന്തപുരം: ഉള്ളതെല്ലാം വിറ്റുപറുക്കിയും നല്ലൊരു ഭാവി ജീവിതമുറപ്പാക്കാന്‍ വിദേശത്തു പോയി പഠിക്കാന്‍ തുനിഞ്ഞ് കാനഡയിലേക്ക് കടക്കുന്ന ബഹുഭൂരിപക്ഷം ഇന്ത്യന്‍വിദ്യാര്‍ത്ഥികളുടെയും അവസ്ഥ പരിതാപകരമാണെന്ന് ഞെട്ടിക്കുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍.

ഇങ്ങനെ കാനഡയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷം വരുന്ന മലയാളികളുടെ ഗതി കേരളത്തിലെത്തുന്ന ബംഗാളി പണിക്കാരുടേതിനേക്കാള്‍ പരിതാപകരമാണെന്ന് അവിടെ സ്ഥിരതാമസമാക്കിയ മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്നതായി ന്യൂയോര്‍ക്ക് ചിക്കാഗോ, ടെക്‌സസ് ടൊറന്റോ എന്നിവിടങ്ങളില്‍ നിന്ന് ഒരേ സമയം പ്രസിദ്ധീകരിക്കുന്ന സംഗമം എന്ന മലയാള പത്രത്തിന്റെ ഓഗസ്റ്റ് 24-30 ലക്കത്തിലെ കവര്‍ സ്‌റ്റോറിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം കേരളത്തില്‍ നിന്നടക്കം 800,0000 വിദ്യാര്‍ത്ഥികളാണ് വിദേശങ്ങളില്‍ നിന്ന് കാനഡയില്‍ ഉള്ളത്. അന്താരാഷ്ട്ര പ്രശസ്തമായ സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും കീര്‍ത്തിയുണ്ടെങ്കിലും ഏജന്റുമാരെ വിശ്വസിച്ച്‌ ഇങ്ങനെ കേരളത്തില്‍ നിന്നടക്കമെത്തുന്ന ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും യാതൊരു നിലവാരവും അംഗീകാരവുമില്ലാത്ത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ചാളയടുക്കിയതുപോലെ മാത്രം കഴിയാവുന്ന താമസസ്ഥലങ്ങളിലാണ് കുട്ടികളുടെ താമസം. ഓരോ മുറിയിലും എട്ടും പത്തും പേര്‍ കഴിയുന്ന സാഹചര്യം. താമസസ്ഥലമില്ലാതെ പാലത്തിനടിയില്‍ കഴിഞ്ഞ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കഥ കനേഡിയന്‍ മലയാളി സമൂഹത്തില്‍ അടുത്തിടെ ചര്‍ച്ചയായതായും സംഗമം ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു.

ഭക്ഷണത്തിനും താമസത്തിനും പണം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളേറെയും പഠനസമയത്തേക്കാളധികം ജോലി ചെയ്യേണ്ട അവസ്ഥയാണ്. നാട്ടില്‍ നിന്നുള്ള പണം ഫീസിനു പോലും തികയാത്ത ദുരവസ്ഥയുമുണ്ട്. വീടു പണയം വച്ചും കാനഡയിലെത്തിയ വിദ്യാര്‍ത്ഥികളില്‍ പലരും സ്വന്തം അവസ്ഥ വീട്ടുകാരോടു പറയാനാവാതെ മാനസിക സംഘര്‍ഷത്തിലാണ്.

ഇങ്ങനെ നില്‍ക്കക്കളിയില്ലാതെ തൊഴില്‍ തേടിയിറങ്ങുന്നവര്‍ പെണ്‍കുട്ടികളടക്കം ഇവിടെ കൊടിയ ചൂഷണത്തിനും വിധേയരാവുന്നുണ്ടത്രേ. ഭക്ഷണം വാങ്ങാന്‍ പോലും കാശില്ലാതെ അലയുന്ന വിദ്യാര്‍ത്ഥികളില്‍ പലരും കാനഡ ദുര്‍ബലവിഭാഗങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ഫുഡ് ബാങ്ക് സംവിധാനത്തെപ്പോലും ആശ്രയിക്കുന്നതായി ഇവിടത്തെ മലയാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ ഫുഡ് ബാങ്കില്‍ നിന്ന് ഭക്ഷണം നേടാം എന്നു ചിത്രീകരിച്ച യൂട്യൂബ് വീഡിയോ ഈയിടെ വൈറലായിരുന്നു. ഇക്കാര്യം ചില കനേഡിയന്‍ വാര്‍ത്താ ചാനലുകളും റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇതൊന്നും നാട്ടിലെ രക്ഷിതാക്കളെ അറിയിക്കാതിരിക്കാന്‍ പാടുപെടുന്നതുകൊണ്ടും സര്‍ട്ടിഫിക്കറ്റുകളടക്കം എല്ലാം യൂണിവേഴ്‌സിറ്റികളിലായതുകൊണ്ട് അവര്‍ക്കെതിരേ ചുണ്ടനക്കാന്‍ ഭയക്കുന്നതുകൊണ്ടും വിദ്യാര്‍ത്ഥികളിലാരും പരസ്യപ്രതികരണത്തിനോ പരാതിക്കോ തയാറാവുന്നില്ല. ഇതുകൊണ്ടുതന്നെ നേരിട്ട് അനുഭവിച്ചറിയുന്ന പ്രശ്‌നത്തില്‍ പോലും നിയമപരമായി ഇടപെടാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇന്തന്‍ സമൂഹം. പലരും സ്വന്തം നിലയ്ക്കും സംഘടനകള്‍ മുഖേനയും ചില താല്‍ക്കാലിക സാഹയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കുന്നുമുണ്ട്.

കാനഡയിലെ വിദേശവിദ്യാര്‍ത്ഥികളില്‍ 76 ശതമാനവും കടുത്ത മാനസികസംഘര്‍ഷത്താല്‍ മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിമകളാണെന്നാണ് 2019ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലുള്ളത്. ഹൃദയസ്തംഭനം മൂലം മരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഏറെയും ഇത്തരത്തില്‍ ലഹരിക്കടിമകളാണത്രേ.

എല്ലാ ആശ്രയവും ആശയും അറ്റുപോകുന്ന വിദ്യാര്‍ത്ഥികളില്‍ പലരും ആത്മഹത്യയില്‍ അഭയം തേടുന്നതും പുതുമയല്ല. മാസാമാസം ശരാശരി നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയെങ്കിലും മൃതദേഹങ്ങള്‍ നാട്ടിലേക്കയയ്ക്കുന്നുണ്ടെന്ന ടൊറന്റോയിലെ ലോട്ടസ് ഫ്യൂണറല്‍ ആന്‍ഡ് ക്രിമേഷന്‍ സെന്ററിന്റെ വെളിപ്പെടുത്തലും സംഗമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ പല വിശ്വസനീയ സ്ഥാപനങ്ങളും കാനഡയിലേക്കടക്കം കരിയര്‍/വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി ഏജന്‍സികള്‍ മുഖേന വിദ്യാഭ്യാസ മേളകള്‍ നടത്തി വര്‍ഷാവര്‍ഷം കുട്ടികളെ കൂട്ടത്തോടെ കാനഡയിലേക്കടക്കം അയയ്ക്കുന്നുണ്ട്.

ഇവര്‍ എത്തിപ്പെടുന്നത് ഇത്തരത്തില്‍ യാതൊരു അംഗീകാരവുമില്ലാത്ത, ചാത്തന്‍ യൂണിവേഴ്‌സിറ്റികളിലാണോ എന്നന്വേഷിക്കാനോ അത്തരത്തിലുള്ള സര്‍വകലാശാലകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനോ നോര്‍ക്ക അടക്കമുള്ള സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളോ ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രാലയമോ ഇടപെടേണ്ട കാലം അതിക്രമിച്ചുവെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.