കൊവിഡ് കാലത്തും വിദ്യാർത്ഥികളെ വിടാതെ സ്വകാര്യ  മാനേജ്‌മെന്റ് സ്കൂളുകളുടെ ഫീസ് കൊള്ള: പുതുപ്പള്ളി ഡോൺ ബോസ്‌കോയും, ഏറ്റുമാനൂർ എസ്.എഫ്.എസും അടക്കമുള്ള സ്‌കൂളുകൾ വിദ്യാർത്ഥികളെ കൊള്ളയടിക്കുന്നു

കൊവിഡ് കാലത്തും വിദ്യാർത്ഥികളെ വിടാതെ സ്വകാര്യ മാനേജ്‌മെന്റ് സ്കൂളുകളുടെ ഫീസ് കൊള്ള: പുതുപ്പള്ളി ഡോൺ ബോസ്‌കോയും, ഏറ്റുമാനൂർ എസ്.എഫ്.എസും അടക്കമുള്ള സ്‌കൂളുകൾ വിദ്യാർത്ഥികളെ കൊള്ളയടിക്കുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് കാലത്തും വിദ്യാർത്ഥികളെയും മാതാപിതാക്കളെയും കൊള്ളയടിച്ച് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ. ഓൺലൈൻ ക്ലാസിന്റെ പേരിൽ സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകളുടെ കടുംവെട്ടും കൊള്ളയുമാണ് ഇപ്പോൾ തുടരുന്നത്. പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെയാണ് പല സ്വകാര്യ സ്‌കൂളുകളും ഫീസായി ഈടാക്കുന്നത്.

പുതുപ്പള്ളി ഡോൺ ബോസ്‌കോ സ്‌കൂളിൽ പതിനായിരത്തിന് മുകളിലാണ്  ഈ കൊറോണക്കാലത്തും ഫീസ്. വിദ്യാർത്ഥികളിൽ നിന്നും വിവിധ ഫീസ് ഇനത്തിലാണ് ഇത് വാങ്ങിയെടുക്കുന്നതും. ട്യൂഷൻ ഫീസ് എന്ന പേരിൽ 3000 മുതൽ 5000 വരെ രൂപയാണ് വിദ്യാർത്ഥിയിൽ നിന്നും ഡോൺ ബോസ്‌കോ ഈടാക്കുന്നത്. സ്‌പെഷ്യൽ ഫീസ് എന്ന പേരിൽ 900 രൂപയും, എസ്റ്റാബ്‌ളിഷ്‌മെന്റ് ഫീസ് എന്ന പേരിൽ ആയിരം രൂപയും വാങ്ങുന്നു. മക്കളുടെ ഭാവിയെ കരുതി, കൊറോണക്കാലത്ത് എന്ത് എസ്റ്റാബ്ലിഷ്‌മെന്റ് എന്നു മാതാപിതാക്കൾ തിരിച്ചു ചോദിക്കാത്തത് വളമാക്കിയാണ് ഇപ്പോൾ ഈ സ്‌കൂളുകൾ ഫീസ് പിടിച്ചുപറിച്ചു വാങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് പടർന്ന് പിടിച്ചതോടെ പല രക്ഷിതാക്കൾക്കും ജോലിയില്ലാതായി. ഉള്ളവർക്ക്  പത്തോ,പതിനഞ്ചോ ദിവസം മാത്രമാണ് തൊഴിൽ കിട്ടുന്നത്. ഈ സാഹചര്യത്തിലാണ് കണ്ണിൽ ചോരയില്ലാത്ത പിരിവുമായി സ്വകാര്യ സ്കൂളുകൾ രംഗത്തെത്തിയത്

സ്റ്റാഫ് വെൽഫെയർ ഫണ്ട് എന്ന പേരിൽ 500 രൂപയും, ഡിജിറ്റൽ ക്ലാസ് റൂം ഫണ്ട് എന്ന പേരിൽ 1200 രൂപയും നടക്കാത്ത പരീക്ഷയുടെ പരീക്ഷാ ഫീസായി 300 രൂപയും സ്‌കൂൾ മാനേജ്‌മെന്റ് വാങ്ങുന്നുണ്ട്. പി.ടി.എ ഫണ്ടും, മിസലേനിയസ് ഫണ്ടും 400 രൂപ വീതമാണ് വാങ്ങുന്നത്. ഇത് കൂടാതെ ബാങ്ക് ചാർജ് ഇനത്തിൽ പത്തു രൂപ കൂടി വാങ്ങിയെടുക്കുന്നുണ്ട് സ്‌കൂൾ അധികൃതർ.ഏറ്റുമാനൂർ എസ് എഫ് എസ് അടക്കം ജില്ലയിലെ ഒട്ടുമിക്ക സ്കൂളുകളിലും ഇതു തന്നെയാണ് അവസ്ഥ.

ഇത് കടുത്ത കൊള്ളയാണ് എന്നാണ് പരസ്യമായി പ്രതികരിക്കാൻ ഭയക്കുന്ന മാതാപിതാക്കളുടെ വാദം. കൊവിഡിനെ തുടർന്നു പല മേഖലകളിലും പ്രതിസന്ധി അതിരൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് സ്‌കൂളുകളിൽ അമിത ഫീസ് ഈടാക്കുന്നതു സംബന്ധിച്ചു ചർച്ചയുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്‌കൂളുകളിൽ അമിത ഫീസ് ഈടാക്കുന്നത് തടയാൻ നടപടിയെടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

സ്വകാര്യ മാനേജ്മെൻറ് സ്കൂളുകളുടെ ഫീസ് കൊള്ള തടയാൻ പേരൻ്റ്സ് അസോസിയേഷൻ ജില്ലാ തലത്തിൽ യോഗം കൂടാനൊരുങ്ങുകയാണ്