സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് ദളിത് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
സ്വന്തം ലേഖകൻ
കാസർഗോഡ്: സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് ദളിത് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കേസില്‍ ചിറ്റാരിക്കാല്‍ എസ് എച്ച് ഒ, കാസര്‍കോട് ഡി ഡി ഇ എന്നിവരോട് ബാലാവകാശ കമ്മീഷൻ റിപ്പോര്‍ട്ട് തേടി. നേരത്തെ സ്‌കൂളിലെ പ്രധാന അദ്ധ്യപികയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒക്ടോബര്‍ 19-നാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് പ്രധാന അദ്ധ്യാപിക പരസ്യമായി ദളിത് വിദ്യാര്‍ത്ഥിയുടെ മുടി മുറിക്കുകയായിരുന്നു. കാസര്‍കോട് ചിറ്റാരിക്കാലിലെ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ യുപി സ്‌കൂളിലാണ് സംഭവം. തുടര്‍ന്ന് രക്ഷിതാവിന്റെ പരാതിയില്‍ പ്രധാന അദ്ധ്യാപികയായ ഷേര്‍ളിക്കെതിരെ കേസെടുത്തു.
സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നോക്കിനില്‍ക്കെയാണ് പ്രധാന അദ്ധ്യപിക ഈ ക്രൂരത കാണിച്ചതെന്ന് പരാതിയില്‍ പറയുന്നു. പ്രധാന അദ്ധ്യാപിക ഷേര്‍ളിക്കെതിരെ പട്ടികജാതി / പട്ടിക വര്‍ഗ അതിക്രമം തടയല്‍, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.