തൂവൽസ്പർശംപോലെ ഹൃദയംകവർന്ന്‌ കടന്നുപോയി സതീഷ് ബാബു പയ്യന്നൂർ.വിടവാങ്ങിയത് കഴിഞ്ഞ 40 വർഷങ്ങളായി മലയാള കഥയുടെ മാറ്റ് അളന്നകഥാകാരൻ.

തൂവൽസ്പർശംപോലെ ഹൃദയംകവർന്ന്‌ കടന്നുപോയി സതീഷ് ബാബു പയ്യന്നൂർ.വിടവാങ്ങിയത് കഴിഞ്ഞ 40 വർഷങ്ങളായി മലയാള കഥയുടെ മാറ്റ് അളന്നകഥാകാരൻ.

മലയാള കഥയുടെ കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തിൽ സതീഷ് ബാബു പയ്യന്നൂരിന്റെ സാന്നിധ്യം സജീവമായിരുന്നു. പുതു തലമുറയിൽപ്പെട്ട ഒരാളുടെ നോവൽ പലരും ആദ്യമായി വായിക്കുന്നത് സതീഷിന്റേതാണ്. മണ്ണ് എന്ന പേരിൽ 1989ൽ ഇ എം എസിന്റെ അവതാരികയോടുകൂടി പുറത്തിറങ്ങിയ നോവൽ. സി വി ബാലകൃഷ്ണൻ അല്ലാതെ പുതിയ തലമുറയിലെ ആരും നോവൽ എഴുതാത്ത കാലമായിരുന്നു അത്. കാവുമ്പായി കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണിത്‌. ഇന്ന് ആലോചിക്കുമ്പോൾ ഒരു എഴുത്തുകാരൻ ചെറുപ്രായത്തിൽ ഇങ്ങനൊരു നോവൽ എഴുതിയത് വിസ്മയം ജനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഒരു കഥയുടെ പേരുപോലെ “ഒരു തൂവൽസ്പർശം പോലെ’യുള്ളവയാണ്‌ ആ കഥകൾ. സ്ത്രീ മനസ്സിന്റെ കാണാക്കയങ്ങളാണ് പലപ്പോഴും വിഷയം. അടുത്തിടെ എഴുതിയ ലിഫ്റ്റ് എന്ന കഥയിലും അതുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പേരമരം എന്ന കഥാസമാഹാരം മനുഷ്യന്റെ സ്മരണ പ്രകൃതിയോട് വിലയം പ്രാപിക്കുന്നതും പ്രകൃതി ഒരു കഥാപാത്രമായി വളരുന്നതുമാണ്‌.

40 കൊല്ലമായി സതീഷ് സജീവമായിരുന്നു. ദൃശ്യമാധ്യമ രം​ഗത്ത് പനോരമ വിഷൻ എന്ന ടെലിവിഷൻ കമ്പനി ആരംഭിച്ചതു മുതലുള്ള സജീവത. വിവിധ ചാനലുകളിൽ പ്രഭാത പരിപാടി സംഘടിപ്പിച്ചിരുന്നു. പൊൻപുലരി എന്ന പേരിൽ 1992 മുതലാണ് ഇത് ആരംഭിച്ചത്. നളന്ദയുടെ ഒരു ചായ്പിൽനിന്ന്‌ ഭാരത് ഭവനെ തൈയ്ക്കാടുള്ള വിശാലമായ അങ്കണത്തിലേക്ക് പറിച്ചു നട്ടതും സതീഷ് സെക്രട്ടറിയായിരുന്ന കാലത്താണ്. മറ്റൊരു മേഖല സിനിമയായിരുന്നു. മമ്മൂട്ടിയെ നായകനാക്കി ലിഫ്റ്റ് എന്ന കഥ സിനിമയാക്കാനിരിക്കെയാണ് ദുര്യോ​ഗം. സിനിമയിലുള്ള താൽപ്പര്യം കൊണ്ടാണ് തലസ്ഥാനത്ത് വന്നത്. പദ്മരാജന്റെ ക്ഷണവും ഉപദേശങ്ങളും പ്രേരകശക്തിയായി. സത്രം എന്ന പേരിൽ പി കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഒരു നോവൽ എഴുതുകയായിരുന്നു.കവിതയുടെ നിത്യകാമുകൻ പി കുഞ്ഞിരാമൻ നായരുടെ ജീവിതം ആസ്‌പദമാക്കി അദ്ദേഹം എഴുതിത്തുടങ്ങിയ നോവൽ പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹം സുഹൃത്തുക്കളിൽ വേദനയായി പടരുന്നു. നോവൽ മാസ്‌റ്റർ പീസാകണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചു. അതിനായി എഴുതിയ അധ്യായങ്ങൾ തൃപ്‌തി പോരാതെ വീണ്ടും വീണ്ടും മാറ്റിയെഴുതി. നോവലിന്‌ കണ്ടുവച്ച പേര്‌ മറ്റൊരു എഴുത്തുകാരന്റെ കഥയ്‌ക്ക്‌ കണ്ടപ്പോൾ നിരാശയായി. പിന്നീട്‌ പുതിയ പേര്‌ കണ്ടെത്തിയ ആഹ്ലാദം സുഹൃത്തുക്കളോട്‌ പങ്കിട്ടിരുന്നു. ഇടയ്ക്ക് ടി പത്മനാഭന്റെ സത്രം എന്ന കഥ പുറത്തുവന്നപ്പോൾ അദ്ദേഹം നിരാശനായി. ഒരേ പേരിൽ രണ്ട് കൃതി വന്നാലെങ്ങനെ എന്നൊരു സന്ദേഹം. എന്നാലും വികാരജീവിയായ കഥാകൃത്തിന് അതിൽനിന്ന് രക്ഷപ്പെടാൻ ഒരു വർഷം വേണ്ടിവന്നു. നോവലിന്റെ പണികൾ ഒരാഴ്ചയ്ക്ക് മുമ്പ് ആരംഭിച്ചതായിരുന്നു. അത് പൂർത്തിയാക്കിയോ എന്തോ.

കോളേജ്‌ കാലത്തുതന്നെ സതീഷ്‌ ബാബു മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു. കാസർകോടുനിന്നുള്ള ‘ഈയാഴ്‌ച’ വാരികയുടെ എഡിറ്ററുമായി. 1982 മുതൽ 1990 വരെ കഥാലോകത്ത്‌ അദ്ദേഹം നിറഞ്ഞുനിന്നു. 1988ൽ എഴുതിയ പേരമരം എന്ന കഥ 34 വർഷത്തിനുശേഷവും വായനക്കാർക്ക്‌ പ്രിയങ്കരമാണ്‌. കോവിഡ്‌ കാലത്ത്‌ എഴുതി ചിന്ത പുറത്തിറക്കിയ നോവലെറ്റാണ്‌ കമൽഹാസൻ അഭിനയിക്കാതെ പോയ ഒരുസിനിമ. പേരുപോലെ പുതുമ അതിന്റെ ഉള്ളടക്കത്തിലുമുണ്ട്‌. ചന്നംപിന്നം എന്ന പേരിൽ ഓർമകളുടെ പുസ്‌തകം എൻബിഎസ്‌ പുറത്തിറക്കാനിരിക്കവെയാണ് ഈ വിടവാങ്ങൽ. വൈവിധ്യമാർന്ന പ്രമേയങ്ങളിലൂടെ എഴുതി മുന്നേറിയപ്പോഴും പിന്നാലെ വരുന്ന എഴുത്തുകാരെ വായിക്കാനും പ്രോത്‌സാഹിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
സിനിമാസ്വപ്‌നങ്ങളുമായാണ്‌ മലബാറിൽനിന്ന്‌ സതീഷ്‌ ബാബു തിരുവനന്തപുരത്ത്‌ സ്ഥിരതാമസമാക്കിയത്‌. എഴുത്തിലും സിനിമയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ്‌ എസ്‌ബിടിയിലെ ജോലി രാജിവച്ചത്‌.തീർത്തും അപ്രതീക്ഷിത വിടവാങ്ങലാണ് സതീഷ് ബാബു പയ്യന്നുരിന്റേത്. സുഹൃത്തുക്കൾക്കും വായനക്കാർക്കും ഒരുപോലെ ആഘാതമായി സതീഷ് ബാബുവിന്റെ വിയോഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group