ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണം ; നേരേചൊവ്വേ തിരുത്തിക്കൊടുക്കാന്‍ നേരമില്ലാത്തവര്‍ ഈ പണിക്ക് ഇറങ്ങരുത് ; തെറ്റ് കണ്ടുപിടിക്കപ്പെട്ടാല്‍ തിരുത്തപ്പെടുക തന്നെ വേണം ; എസ്. ശാരദക്കുട്ടി

ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണം ; നേരേചൊവ്വേ തിരുത്തിക്കൊടുക്കാന്‍ നേരമില്ലാത്തവര്‍ ഈ പണിക്ക് ഇറങ്ങരുത് ; തെറ്റ് കണ്ടുപിടിക്കപ്പെട്ടാല്‍ തിരുത്തപ്പെടുക തന്നെ വേണം ; എസ്. ശാരദക്കുട്ടി

സ്വന്തം ലേഖകൻ

കോട്ടയം:ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് എഴുത്തുകാരി എസ്. ശാരദക്കുട്ടി.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദക്കുട്ടിയുടെ വിമര്‍ശനം.

വാഴക്കുല കവിത കവി വൈലോപ്പിള്ളിയുടേത് ആണെന്ന് ചിന്ത പ്രബന്ധം അവതരിപ്പിച്ചത് വലിയ വിവാദമായിരുന്നു.ഇതിന് പിന്നാലെയാണ് എഴുത്തുകാരിയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രബന്ധം വായിച്ച്‌ നേരേചൊവ്വേ തിരുത്തിക്കൊടുക്കാന്‍ നേരമില്ലാത്തവര്‍ ഈ പണിക്ക് തുനിഞ്ഞിറങ്ങരുതെന്നും അവര്‍ വ്യക്തമാക്കി.മുഴുവന്‍ സമയ സമര്‍പ്പണം ആവശ്യമുള്ള ജോലിയാണതെന്നും പ്രബന്ധം വായിച്ച്‌ പരിശോധിക്കുമ്പോൾ ഗുരുതരമായ പിഴവുകള്‍ കണ്ണില്‍പെടാതെ പോകുന്നത് എങ്ങനെയെന്ന് മൂല്യനിര്‍ണയം നടത്തിയ അധ്യാപകരും വിശദീകരണം തരാന്‍ ബാധ്യസ്ഥരാണെന്നും ശാരദക്കുട്ടി പറഞ്ഞു.

സാധാരണ ഗതിയില്‍ ഓപണ്‍ ഡിഫന്‍സ് വേളയില്‍, പരിശോധനാ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കപ്പെടുന്ന ചെറിയ തെറ്റുകള്‍ക്കു പോലും പരിശോധനാ കമ്മിറ്റി ചെയര്‍മാന്‍ ഗവേഷകയോട് വിശദീകരണം ചോദിച്ച്‌ ന്യായമായ മറുപടി തേടാറുണ്ട്.അവര്‍ ഇത്തരം പരമാബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ എന്ന് നിലവില്‍ വ്യക്തമല്ല.ചൂണ്ടിക്കാണിച്ചിരുന്നു എങ്കില്‍ ഓപണ്‍ ഡിഫന്‍സില്‍ എത്തുന്നതിനു മുന്‍പ് അത് തിരുത്തപ്പെട്ടേനെയെന്നും എന്നാലതും സംഭവിച്ചതായി കാണുന്നില്ലെന്നും ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.

ഇവിടെ സൂപ്പര്‍വൈസിങ് ടീച്ചറുടെ ഗൈഡ്ഷിപ്പ് റദ്ദാക്കുകയാണ് യൂണിവേഴ്സിറ്റി ചെയ്യേണ്ടത്. ഗവേഷകയുടെ പിഎച്ച്‌ഡി റദ്ദ് ചെയ്ത് പ്രബന്ധം തെറ്റു തിരുത്തി സമര്‍പ്പിച്ച്‌ പുനഃപരിശോധനയ്ക്കു വിധേയമാക്കി ഡിഗ്രി അര്‍ഹമെങ്കില്‍ മാത്രം തിരിച്ചു കൊടുക്കുകയാണ് വേണ്ടത്.

തെറ്റുകള്‍ ഗവേഷണ പ്രബന്ധങ്ങളില്‍ ഉണ്ടാകരുത്.പക്ഷേ ഉണ്ടായേക്കാം.എന്നാല്‍ കണ്ടുപിടിക്കപ്പെട്ടാല്‍ മാതൃകാപരമായ നടപടി ഉണ്ടാകണം.ഇതുവരെ ഒന്നിലും കണ്ടുപിടിക്കപ്പെട്ടിട്ടില്ലല്ലോ എന്നല്ല ന്യായീകരിക്കപ്പെടേണ്ടത്.കണ്ടുപിടിക്കപ്പെട്ടാല്‍ തിരുത്തപ്പെടുക തന്നെ വേണം എന്നും ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെ ശാരദക്കുട്ടി വിശദമാക്കി.

Tags :