മലയാളഭാഷ ശരിക്കുച്ചരിക്കുവാൻ പോലുമറിയാത്ത ഒരു ഉത്തരേന്ത്യക്കാരനെ സംഗീത സംവിധാനം ഏല്പിക്കുന്നത് വയലാറിന് പോലും സമ്മതമായിരുന്നില്ല: പക്ഷെ രാമു കാര്യാട്ട് തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു: അങ്ങനെ ഇന്ത്യൻ സിനിമയിലെ പ്രഗൽഭരെല്ലാവരും ഒത്തുചേർന്ന ചെമ്മീനിലെ സംഗീതസംവിധാനം സലിൽ ചൗധരിയുടെ കൈകളിലേക്ക് എത്തിച്ചേർന്നു.
കോടയം: ചെമ്മീൻ സിനിമയുടെ പ്രാരംഭ ചർച്ചകൾ നടക്കുന്ന കാലം.
തിരക്കഥ എസ്.എൽ.പുരം സദാനന്ദൻ ,ഗാനങ്ങൾ വയലാർ രാമവർമ്മ , സംഗീത സംവിധാനം ദേവരാജൻ എന്നിങ്ങനെയായിരുന്നു എല്ലാവരുടേയും തീരുമാനം. എന്നാൽ സംവിധായകനായ രാമു കാര്യാട്ട് സംഗീത സംവിധാനത്തിനായി മറ്റൊരാളെയാണ് മനസ്സിൽ കണ്ടുവെച്ചിരുന്നത്.
“മധുമതി ” എന്ന ചിത്രത്തിലെ
“ആജാരേ പരദേശി…”
” സുഹാന സഫർ ഔർ ….” തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യയാകെ സംഗീത തരംഗം സൃഷ്ടിച്ച സാക്ഷാൽ
സലീൽ ചൗധരി.
മലയാളഭാഷ ശരിക്കുച്ചരിക്കുവാൻ പോലുമറിയാത്ത ഒരു ഉത്തരേന്ത്യക്കാരനെ സംഗീത സംവിധാനം ഏല്പിക്കുന്നത് വയലാറിന് പോലും സമ്മതമായിരുന്നില്ല.
പക്ഷെ രാമു കാര്യാട്ട് തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.അങ്ങനെ ഇന്ത്യൻ സിനിമയിലെ പ്രഗൽഭരെല്ലാവരും ഒത്തുചേർന്ന ചെമ്മീനിലെ സംഗീതസംവിധാനം സലിൽ ചൗധരിയുടെ കൈകളിലേക്ക് എത്തിച്ചേർന്നു.
സലീൽ ചൗധരി സംഗീത സംവിധാനം നിർവ്വഹിച്ച ചെമ്മീനിലെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
“മാനസ മൈനേ വരൂ
മധുരം നുള്ളി തരൂ…”
(മന്നാഡേ )
“കടലിനക്കരെ പോണോരെ കാണാപൊന്നിന് പോണോരെ
പോയ് വരുമ്പോൾ
എന്തു കൊണ്ടു വരും …” (യേശുദാസ് )
“പെണ്ണാളെ പെണ്ണാളേ
കരിമീൻ കണ്ണാളെ കണ്ണാളെ… (യേശുദാസും പി ലീലയും സംഘവും )
“പുത്തൻ വലക്കാരേ
പുന്നപ്പറക്കാരേ
പുറക്കാട്ട് കടപ്പുറത്ത്
ചാകര ചാകര ചാകര… ”
(യേശുദാസ് , പി ലീല ,കെ പി ഉദയഭാനു ,ശാന്ത പി നായർ )
എന്നീ ഗാനങ്ങൾ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപേ തന്നെ സൂപ്പർ ഹിറ്റുകളായി ഗ്രാമഫോൺ വില്പനയിൽ പുതിയ റെക്കോർഡിട്ടുവെന്നുമാത്രമല്ല ദക്ഷിണേന്ത്യയിലെ ആദ്യ സുവർണ്ണകമലം നേടി ചെമ്മീൻ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു .
കേരളത്തിൽ ഒരു സിനിമ പുറത്തിറങ്ങുന്നതിനു മുമ്പേ ചലച്ചിത്രഗാനങ്ങൾ ആകാശവാണി പ്രക്ഷേപണം ചെയ്തു തുടങ്ങുന്നത് ചെമ്മീനോടുകൂടിയാണ്. ചെമ്മീൻ വമ്പൻ വിജയം നേടിയെങ്കിലും സലീൽ ചൗധരിയെ മലയാളത്തിൽ കൊണ്ടുവന്ന് സംഗീത സംവിധാനം നിർവ്വഹിക്കുക മലയാളനിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം പ്രയാസം തന്നെയായിരുന്നു . ആയതിനാൽ ഒരു നീണ്ട ഇടവേളക്കുശേഷം
രാമുകാര്യാട്ടിന്റെ തന്നെ
” എഴുരാത്രികൾ “ക്കായാണ് സലീൽ ദാദ വീണ്ടും മലയാളത്തിലെത്തിയത് .
“കാക്കക്കറുമ്പികളേ
കാർമുകിൽ തുമ്പികളേ …. ”
“കാടാറുമാസം
നാടാറുമാസം ”
എന്നീ ഗാനങ്ങൾ വൻഹിറ്റുകളായി മാറിയെങ്കിലും സലിൽ ചൗധരിയെ സംഗീതസംവിധാനത്തിനായി കേരളത്തിലെ നിർമ്മാതക്കൾ
ആരും വിളിക്കാൻ തയ്യാറായില്ല ..
പിന്നേയും നീണ്ട അജ്ഞാതവാസം…
1973 – ൽ പുറത്തുവന്ന ബാബു നന്തൻകോടിന്റെ “സ്വപ്നം” എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളും സംഗീത പ്രേമികളെ ശരിക്കും വിസ്മയം കൊള്ളിച്ചു. അതോടെ മലയാള ചലച്ചിത്ര സംഗീത രംഗത്തെ നിറസാന്നിദ്ധ്യമായി മാറുകയായിരുന്നു
സലീൽ ചൗധരി .
പിന്നീട് തുടരെ തുടരെ 27 മലയാള ചിത്രങ്ങൾക്ക് സംഗീതം
നൽകിയതിലൂടെ കേരളീയരുടെ പ്രിയങ്കരനായി മാറി ഈ ഉത്തരേന്ത്യൻ സംഗീതസംവിധായകൻ..
അദ്ദേഹം സംഗീതം ചെയ്ത എല്ലാ ചിത്രങ്ങളും മ്യൂസിക്കൽ ഹിറ്റുകളായിരുന്നു.
“കദളി കൺകദളി ചെങ്കദളി
പൂ വേണോ … ”
(നെല്ല്)
“ഇവിടെ കാറ്റിനു സുഗന്ധം …”
(രാഗം)
“മനക്കലെ തത്തേ മറക്കുട തത്തേ … ”
(രാസലീല )
“കാട് കറുത്ത കാട് …”
(നീലപൊന്മാൻ)
“കേളീ നളിനം വിടരുമോ .. “.(തുലാവർഷം)
“പൂമാനം പൂത്തുലഞ്ഞേ ….”
(ഏതോ ഒരു സ്വപ്നം)
” മാടപ്രാവേ വാ
ഒരു കൂടുകൂട്ടാൻ വാ .. “.(മദനോത്സവം)
“ശ്യാമമേഘമേ… ”
(സമയമായില്ല പോലും)
“കളകളം കായലോളങ്ങൾ …. ”
( ഈ ഗാനം മറക്കുമോ)
“പൊന്നുഷസ്സിൻ ഉപവനങ്ങൾ ..”
(വിഷുക്കണി )
“മാനേ മാനേ വിളി കേൾക്കൂ …”
( സ്വപ്നം ) തുടങ്ങിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ ഹിറ്റുകളിൽ ചിലതു മാത്രം.
മലയാളത്തിൽ ആദ്യമായി ഈണങ്ങൾക്കനുസൃതമായി പാട്ടുകൾ എഴുതുന്ന പ്രക്രിയ സലിൽ ചൗധരിയുടെ കാലം മുതൽക്കാണ് ആരംഭിച്ചത്. ചലച്ചിത്രഗാന ചരിത്രത്തിൽ ഒരു പാട്ടിന് ഏറ്റവും ദൈർഘ്യമുള്ള ബീജിയം നൽകിയിട്ടുള്ളതും സലീൽ ചൗധരിയാണെന്നു തോന്നുന്നു.
“നെല്ലി “ലെ “നീലപൊന്മാനേ എന്റെ നീല പൊന്മാനേ….” എന്ന ഗാനത്തിന് പക്ഷികളുടെ കളകളാരവവും കാടിന്റെ തനതു സംഗീതവും ഇടകലർത്തി അദ്ദേഹം നൽകിയ
ബീജിയെമ്മിന് ഒരു
മിനുട്ടിൽ കൂടുതൽ ദൈർഘ്യമുണ്ടായിരുന്നു.
1995 സെപ്തംബർ 5 – ന് കൽക്കത്തയിൽ വെച്ച് അദ്ദേഹം നിര്യാതനായി.