play-sharp-fill
‘തൃക്കാക്കര നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ ‘ഓണത്തല്ല്;  ചേംബറിലേക്ക് കരഞ്ഞുകൊണ്ട് ഓടിക്കയറി സെക്രട്ടറിയുടെ കസേരയ്ക്കുപിന്നില്‍ അഭയംപ്രാപിച്ച് ക്ലാര്‍ക്ക്

‘തൃക്കാക്കര നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ ‘ഓണത്തല്ല്; ചേംബറിലേക്ക് കരഞ്ഞുകൊണ്ട് ഓടിക്കയറി സെക്രട്ടറിയുടെ കസേരയ്ക്കുപിന്നില്‍ അഭയംപ്രാപിച്ച് ക്ലാര്‍ക്ക്

കാക്കനാട് : തൃക്കാക്കര നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ ‘ഓണത്തല്ലിന്’ തുടക്കം. ഓണാഘോഷ ചടങ്ങുകള്‍ക്ക് അഞ്ചുലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർപേഴ്സണ്‍ രാധാമണി പിള്ളയുടെ അധ്യക്ഷതയില്‍ ചേർന്ന കൗണ്‍സില്‍ യോഗത്തിലാണ് ബഹളവും ഇറങ്ങിപ്പോക്കും അരങ്ങേറിയത്.

വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ഓണാഘോഷം മാറ്റിവെച്ച്‌ ഈ തുകയും ചേർത്ത് 50 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുമതി ഓണാഘോഷമെന്ന് പ്രതിപക്ഷമായ എല്‍.ഡി.എഫ്. ആവശ്യപ്പെട്ടു.

ഇത് അജൻഡയില്‍ ഇല്ലാത്ത വിഷയമാണെന്നും അടുത്ത യോഗത്തില്‍ ചർച്ച ചെയ്യാമെന്നും ഭരണപക്ഷമായ യു.ഡി.എഫ്. പറഞ്ഞു. പിന്നാലെ ചെയർപേഴ്സണിന്റെ ഇരിപ്പിടത്തിന് മുന്നിലേക്ക് എല്‍.ഡി.എഫ്. പ്രതിഷേധവുമായി ഇറങ്ങിയതോടെ ബഹളമായി. ഇതിനിടെ ചെയർപേഴ്സണ്‍ അജൻഡ വായിച്ചതോടെ യോഗം ബഹിഷ്കരിച്ച്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിനുശേഷം പ്രതിപക്ഷ കൗണ്‍സിലറായ പി.സി. മനൂപ് സെക്ഷനില്‍ പോയി കൗണ്‍സില്‍ ക്ലാർക്കിനോട് താൻ പറഞ്ഞത് മിനുട്സില്‍ രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ടു. സെക്രട്ടറിയാണ് ഇക്കാര്യം ചെയ്യേണ്ടതെന്ന് ക്ലാർക്കായ വിജയകുമാറും പറഞ്ഞു.

ഇതേച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കം കൈയാങ്കളിയിലേക്ക് നീളുമെന്നായതോടെ വിജയകുമാർ നഗരസഭാ സെക്രട്ടറി ടി.കെ. സന്തോഷിന്റെ മുറിയിലേക്ക് ഓടിക്കയറി. പിന്നാലെത്തിയ പി.സി. മനൂപും പ്രതിപക്ഷ അംഗങ്ങളും ചേംബറിലേക്ക് കയറിയതോടെ ജീവനക്കാരൻ പൊട്ടിക്കരഞ്ഞ് സെക്രട്ടറിയുടെ കസേരയ്ക്കുപിന്നില്‍ അഭയംപ്രാപിച്ചു.

യു.ഡി.എഫ്. അംഗങ്ങളും പാഞ്ഞെത്തി ജീവനക്കാരൻ വിജയകുമാറിന് പ്രതിരോധം തീർത്തു. ജീവനക്കാരനെ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്ന് ഭരണപക്ഷവും താൻ പറഞ്ഞ കാര്യങ്ങള്‍ മിനുട്സില്‍ രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട തന്നെ ആക്ഷേപിക്കുകയാണ് ജീവനക്കാരനെന്ന് പി.സി. മനൂപും പറഞ്ഞു.

തർക്കം സംഘർഷത്തിലേക്ക് വഴിമാറിയതോടെ ചെയർപേഴ്സണ്‍ ഉള്‍പ്പെടെയുള്ളവർ ഇടപെട്ട് രംഗം ശാന്തമാക്കി.
ഗിഫ്റ്റ് കൂപ്പണ്‍ വീണ്ടും, പ്രതിപക്ഷവും കൈപ്പറ്റി

തൃക്കാക്കര നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ ചെയർപേഴ്സണ്‍ രാധാമണി പിള്ള സ്വകാര്യ കമ്ബനിക്ക് ഗിഫ്റ്റ് കൂപ്പണ്‍ വിതരണത്തിന് അനുമതി നല്‍കിയത് വൻ വിവാദമായി.

നേരത്തേ ഓണക്കാലത്ത് കൗണ്‍സിലർമാർക്ക് ഓണസമ്മാനവും വൈസ് ചെയർമാൻ ഗിഫ്റ്റ് കൂപ്പണും നല്‍കിയെന്നു പറഞ്ഞ് എല്‍.ഡി.എഫ്. കടുത്ത പ്രതിഷേധം തീർത്തിരുന്നു.

വ്യാഴാഴ്ച കൗണ്‍സിലില്‍ പരസ്യമായി സ്വകാര്യ കമ്ബനി ഗിഫ്റ്റ് കൂപ്പണ്‍ കൗണ്‍സിലർമാർക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചത് സ്വതന്ത്ര അംഗമായ പി.സി. മനൂപ് മാത്രമാണ്. കൗണ്‍സിലർമാർക്ക് കമ്ബനി പ്രതിനിധികള്‍ കൂപ്പണ്‍ ഇരിപ്പിടത്തിലെത്തിയാണ് വിതരണം ചെയ്തത്. ചെയർപേഴ്സണും സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവർ കൂപ്പണ്‍ വാങ്ങിയപ്പോള്‍ പി.സി. മനൂപും മുൻ ചെയർമാൻ ഷാജി വാഴക്കാലയും മാത്രമാണ് കൂപ്പണ്‍ നിരസിച്ചത്.