പാക്കിസ്ഥാനുമായുള്ള മത്സരം വേണ്ടെന്ന് വെയ്ക്കരുത് ; ഒരിക്കൽ കൂടി   തോൽപ്പിക്കണം സച്ചിൻ

പാക്കിസ്ഥാനുമായുള്ള മത്സരം വേണ്ടെന്ന് വെയ്ക്കരുത് ; ഒരിക്കൽ കൂടി തോൽപ്പിക്കണം സച്ചിൻ

സ്വന്തം ലേഖകൻ

മുംബൈ : പാക്കിസ്ഥാനെതിരായ ലോകകപ്പ് മൽസരം ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടറിഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് ബിസിസിഐ അറിയിച്ചു . ഐസിസിയോട് താരങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകാൻ ആവശ്യപ്പെടുമെന്നും ഭരണസമിതി തലവൻ വിനോദ് റായ് പറഞ്ഞു. പാക്കിസ്ഥാനുമായുള്ള മൽസരം ഉപേക്ഷിക്കരുതെന്ന് ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ആവശ്യപ്പെട്ടു. ഈ വർഷം ഐപിഎല്ലിൽ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി.
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻ താരങ്ങളടക്കം പാക്കിസ്ഥാനെതിരായ ലോകകപ്പ് മൽസരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ ബിസിസിഐ യോഗം. മൽസരത്തിന്റെ ഭാവി സംബന്ധിച്ച വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ അഭിപ്രായം ആരാഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുളളുവെന്ന് പറഞ്ഞ ഭരണ സമിതി തലവൻ വിനോദ് റായി പാക്കിസ്ഥാനെ പരോക്ഷമായി വിമർശിച്ചു.
ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്ന രാഷ്ട്രങ്ങളുമായുള്ള ദ്വിരാഷ്ട്ര പരമ്പരകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയയ്ക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ഭാവിയിൽ, ഭീകരവാദം പ്രോൽസാഹിപ്പിക്കുന്ന രാഷ്ട്രങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ക്രിക്കറ്റ് സമൂഹത്തോട് ആവശ്യപ്പെടുമെന്നും ബിസിസിഐ അറിയിച്ചു.
പാക്കിസ്ഥാനുമായി മൽസരിക്കാതെ രണ്ട് പോയിന്റ് വഴങ്ങുന്നതിനെ വെറുക്കുന്നുെവന്ന് സച്ചിൻ പറഞ്ഞു. പാക് പടയെ ഒരിക്കൽ കൂടി തോൽപ്പിക്കാൻ സമയമായെന്നും ഇന്ത്യൻ ഇതിഹാസം പറഞ്ഞു .